അയർലണ്ടിൽ കോവിഡിന്റെ നാലാം തരംഗം; ദിവസേന 4,000 രോഗികൾ വരെ ഉണ്ടായേക്കാമെന്ന് ലിയോ വരദ്കർ

അയര്‍ലണ്ടിലെ കോവിഡിന്റെ നാലാം തരംഗം ദിവസേനയുള്ള രോഗികളുടെ എണ്ണം 4,000 വരെയാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്ന ആശങ്ക പങ്കുവച്ച് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. രാജ്യം നാലാം തരംഗത്തെ അഭിമുഖീകരിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമേതുമില്ലെന്നും, വരുന്ന ആഴ്ചകളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം ജൂലൈ 26 മുതല്‍ indoor dining മേഖലയ്ക്ക് അനുമതി നല്‍കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയുമാണ്.

രാജ്യത്ത് ഡെല്‍റ്റ വകഭേദമാണ് ഭീഷണിയുയര്‍ത്തുന്നതെന്നും, ഇത് എത്ര കാലം നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും വരദ്കര്‍ വ്യക്തമാക്കി. കാര്യമായി ബാധിച്ചില്ലെങ്കില്‍പ്പോലും ദിവസേനയുള്ള രോഗികളുടെ എണ്ണം 3,000 മുതല്‍ 4,000 വരെ ഉയരുമെന്നാണ് വരദ്കര്‍ പറയുന്നത്.

ഡെല്‍റ്റ വകഭേദം ഗൗരവമായ കാര്യമാണെങ്കിലും, ഏറെപ്പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു എന്നതിനാല്‍ സ്ഥിതി മുന്‍പുള്ളതിനെക്കാള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ നടത്തിവരികയാണ്. കൂടുതല്‍ പേരില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ 1,378 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. 96 പേര്‍ വിവിധ ആുപത്രികളിലായി ചികിത്സയിലുണ്ട്. 22 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും ഇന്നലെ മുതല്‍ mRNA വാക്‌സിന് രജിസ്റ്റര്‍ ചെയ്യാമെന്ന് HSE അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: