അയർലണ്ടിൽ PUP ലഭിക്കുന്നവർ അതിന് അർഹരെന്ന് സ്വയം സാക്ഷ്യപ്പെടുത്തണെമെന്ന് സാമൂഹികക്ഷേമ വകുപ്പ്; അവസാന ദിവസം ഇന്ന്

അയര്‍ലണ്ടില്‍ Pandemic Unemployment Payment (PUP) ലഭിച്ചുകൊണ്ടിരിക്കുന്നവര്‍, തുടര്‍ന്നും സഹായം ലഭിക്കണമെങ്കില്‍ തങ്ങള്‍ അതിന് അര്‍ഹരാണെന്ന് വ്യക്തമാക്കണമെന്ന് സാമൂഹികക്ഷേമ വകുപ്പ്. ജൂലൈ 27 ചൊവ്വാഴ്ചയ്ക്കകം ഇത് സംബന്ധിച്ച വിവരങ്ങള്‍ വകുപ്പിന് കൈമാറണമെന്നും, അല്ലാത്തപക്ഷം സഹായധനം ലഭിക്കുന്നത് നിലച്ചേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

PUP-ക്കുള്ള അര്‍ഹത തെളിയിക്കുന്നതിനായി പൊതുജനങ്ങള്‍ തങ്ങളുടെ MyWelfare അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ‘Continued eligibility to receive Pandemic Unemployment Payment’ എന്ന തലക്കെട്ടിന് താഴെയുള്ള നിര്‍ദ്ദേശങ്ങള്‍ പിന്തുടരണം. ഇതില്‍ എന്തെങ്കലും ബുദ്ധിമുട്ടോ, സംശയമോ നേരിടുന്നവര്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം 1890 800 024 (തിങ്കള്‍ മുതല്‍ വെള്ളി വരെ, 9am-5pm).

അതേസമയം ഈയിടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍, വകുപ്പില്‍ നിന്നും ആരെങ്കിലും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, മറ്റ് സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങളോ ചോദിക്കുന്നില്ലെന്ന് സാമൂഹികക്ഷേമ വകുപ്പ് വ്യക്തമാക്കി. PUP-ക്ക് അര്‍ഹരാണ് എന്ന് തെളിയിക്കാനായി ഈ വിവരങ്ങളൊന്നും നല്‍കേണ്ടതില്ല.

രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ PUP ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020 മാര്‍ച്ചില്‍ PUP പ്രഖ്യാപിച്ച ശേഷം ഏറ്റവും കുറവ് ആളുകള്‍ സഹായധനം സ്വീകരിച്ചത് കഴിഞ്ഞയാഴ്ചയാണ്. 8,800-ലേറെ പേര്‍ കഴിഞ്ഞയാഴ്ച PUP ക്ലെയിം പിന്‍വലിക്കുകയും ചെയ്തു.

അതേസമയം സാമൂഹികക്ഷേമധനങ്ങള്‍ അനര്‍ഹര്‍ കൈവശപ്പെടുത്തുന്നില്ലെന്ന് ഉറപ്പിക്കാനായി ഗാര്‍ഡയും, ഗതാഗത വകുപ്പും, മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് രാജ്യമാകെ പരിശോധന നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി വാട്ടര്‍ഫോര്‍ഡില്‍ അടക്കം ഗാര്‍ഡയും മറ്റും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍മാരുടെ സോഷ്യല്‍ വെല്‍ഫെയര്‍ വിവരങ്ങള്‍ ചോദിച്ചിരുന്നു. ഒപ്പം മതിയായ രേഖകളില്ലാതെയും, ഗ്രീന്‍ ഡീസല്‍ ഉപയോഗിച്ചും ഓടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നുമുണ്ട്. നേരത്തെ തന്നെ ഇത്തരം പരിശോധനകള്‍ നടത്താറുണ്ടെന്നും, ഇപ്പോള്‍ ഗതാഗതമേഖലയില്‍ അനര്‍ഹമായി PUP കരസ്ഥമാക്കുന്നവരെ പ്രത്യേകം കണ്ടെത്തുകയാണ് പരിശോധനയിലൂടെ ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: