അയർലണ്ടിൽ 12-15 പ്രായക്കാർക്കുള്ള കോവിഡ് വാക്സിൻ ഉടൻ; രോഗികൾക്കും, കെയർ ഹോം അന്തേവാസികൾക്കും വാക്സിൻ ബൂസ്റ്ററുകളും നൽകും

അയര്‍ലണ്ടിലെ പുതിയ കോവിഡ് രോഗികളില്‍ 20 ശതമാനത്തോളം പേരും കൗമാരക്കാരാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, രാജ്യത്ത് 12 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും വരുന്ന ആഴ്ചകളില്‍ തന്നെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 12-15 പ്രാക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള National Immunisation Advisory Council (Niac)-ന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. 16-17 പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നലെ ആരംഭിച്ചിരുന്നു.

രാജ്യത്ത് 12-15 പ്രായക്കാരായ 250,000-ഓളം പേരുണ്ടെന്നാണ് കണക്ക്. mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച Pfizer, Moderna എന്നീ വാക്‌സിനുകള്‍ക്കാണ് ഇവരില്‍ കുത്തിവയ്ക്കാന്‍ അനുമതിയുള്ളത്. ചെറിയ പ്രായക്കാരില്‍ ഇവ 100% ഫലപ്രദമാണെന്നും വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം രാജ്യത്തെ പ്രതിരോധശേഷി കുറഞ്ഞവരും, രോഗികളുമായര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്ററുകള്‍ നല്‍കാനും Niac സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഴ്‌സിങ് ഹോമിലെ അന്തേവാസികള്‍, 80-ന് മേല്‍ പ്രായമുള്ളവര്‍, രോഗികള്‍, മുന്‍നിരജോലിക്കാര്‍ എന്നിവര്‍ക്കാണ് ശരത്കാലം അല്ലെങ്കില്‍ ശൈത്യകാലം മുതല്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുക. നിലവില്‍ വാക്‌സിന്‍ എടുത്തവരില്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കാനായി നല്‍കുന്ന അധിക വാക്‌സിന്‍ കുത്തിവെപ്പിനെയാണ് ബൂസ്റ്ററുകള്‍ എന്ന് പറയുന്നത്. ഒപ്പം പനിയെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പും (flu shots) നല്‍കിയേക്കും. ഇക്കാര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തത വരുത്തുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ഇതിനിടെ ഇന്നലെ രാജ്യത്ത് 1,120 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 142 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 27 പേര്‍ ഐസിയുവിലാണ്.

അയര്‍ലണ്ടിലെ 16 വയസ് പൂര്‍ത്തിയായ 66.9% പേരും മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടതായി ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ 84% പേര്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു. Organisation for Economic Co-operation and Development (OECD)-ല്‍ ഏറ്റവും വേഗത്തില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് അയര്‍ലണ്ട്.

അതേസമയം മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധമുന്‍കരുതലുകള്‍ കര്‍ശനമായി തുടരണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: