HSE-യിലെ എല്ലാ ഉദ്യോഗസ്ഥർക്കും സാമ്പത്തിക ബോണസ് നൽകണം: ആരോഗ്യമന്ത്രി; അയർലണ്ടിൽ 1,361 പേർക്ക് കൂടി കോവിഡ്

Health Service Executive (HSE)-നായി ജോലി ചെയ്യുന്ന അഡ്മിനിസ്‌ട്രേഷന്‍ തസ്തികയിലടക്കമുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും, കോവിഡ് കാലത്തെ സേവനത്തിന് പകരമായി സാമ്പത്തിക ബോണസ് അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി Stephen Donnelly. കോവിഡ് മഹാമാരിക്കെതിരെ ഇപ്പോഴും നമ്മള്‍ പൊരുതുകയാണെന്നും, ആരോഗ്യപ്രവര്‍ത്തകരുടെ സേവനം സമാനതകളില്ലാത്തതാണെന്നും പറഞ്ഞ അദ്ദേഹം, അവര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കേള്‍ക്കാന്‍ നാം തയ്യാറാകണമെന്നും Patrickswell-ലുള്ള Limerick Racecourse വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിക്കവേ മന്ത്രി പറഞ്ഞു.

ഒന്നര വര്‍ഷത്തോളമായി നിസ്വാര്‍ത്ഥസേവനം ചെയ്യുന്ന നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, അഡ്മ്‌നിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗീകരിക്കപ്പെടണമെന്നും, ഏറെ പ്രതികൂലസാഹചര്യങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാമെല്ലാം സുരക്ഷിതരായി വീട്ടിലിരിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍, ആശുപത്രികളില്‍ സേവനനിരതരാകുകയാണ് അവര്‍ ചെയ്തതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്ത് നിലവില്‍ കോവിഡ് വര്‍ദ്ധിക്കാനുണ്ടായ ഒരു കാരണം വിദേശയാത്രകളാണെന്ന് Donnelly പറഞ്ഞു. പലരും വാക്‌സിനെടുക്കാതെയും, വാക്‌സിനെടുത്ത ശേഷം അത് ശരീരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന് മുമ്പും വിദേശയാത്ര നടത്തി. അവര്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. ചിലര്‍ വിദേശത്തേയ്ക്ക് പോകുകയും, മറ്റ് ചിലര്‍ വിദേശത്ത് നിന്നും അയര്‍ലണ്ടിലേയ്ക്ക് എത്തുകയും ചെയ്തു. എന്നിരുന്നാലും ഇവര്‍ക്കെല്ലാം ആവശ്യമായ ചികിത്സ നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസിനായി നാലാഴ്ച കാത്തിരിക്കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദ്ദേശമെങ്കിലും, പലര്‍ക്കും ഇപ്പോള്‍ 17 ദിവസത്തിനകം രണ്ടാം ഡോസ് നല്‍കുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഡോസ് 17 ദിവസത്തിനകം എടുത്താലും ഫലപ്രദമാണെന്നും, വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്നും HSE വക്താവും പറഞ്ഞു.

അതേസമയം ഇന്നലെ 1,361 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 160 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 26 പേര്‍ ഐസിയുവിലാണ്.

ചെറുപ്പക്കാരില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കാനായി നാളെ മുതല്‍ രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ വാക്ക്-ഇന്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് HSE വ്യക്തമാക്കിയിട്ടുണ്ട്. 16 വയസ് കഴിഞ്ഞ ആര്‍ക്കും ബുക്ക് ചെയ്യാതെ. ഐഡി കാര്‍ഡുമായി ഇവിടങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാം.

Share this news

Leave a Reply

%d bloggers like this: