മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടുന്നത് തടയണോ? പണച്ചെലവില്ലാത്ത ലളിതമായ വിദ്യ ഉപദേശിച്ച് അമേരിക്കയിലെ സാങ്കേതിക വിദഗ്ദ്ധർ

ഈയടുത്ത കാലത്ത് അയര്‍ലണ്ടിലെ ആരോഗ്യവകുപ്പിന്റെ കംപ്യൂട്ടര്‍ ശൃംഖലയ്ക്ക് നേരെയുണ്ടായ വൈറസ് ആക്രമണം നാമേവരെയും ഞെട്ടിച്ചതാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ മാസം വിവാദമായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവും കെട്ടടങ്ങിയിട്ടില്ല. ഇത്രയും സുരക്ഷയുള്ള കംപ്യൂട്ടറുകളും, പ്രമുഖരുടെ ഫോണുകളും പോലും ഹാക്ക് ചെയ്യപ്പെടുമ്പോള്‍ സാധാരണക്കാരുടെ മൊബൈല്‍ ഫോണുകളടക്കമുള്ള ഉപകരണങ്ങളിലെ വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പ്? എങ്കിലിതാ നിങ്ങളുടെ ഫോണിനെ ഹാക്ക് ചെയ്യപ്പെടുന്നതില്‍ നിന്നും രക്ഷിക്കാനായി വളരെ ലളിതമായ ഒരു കാര്യം ചെയ്താല്‍ മതിയെന്ന് ഉപദേശിക്കുകയാണ് യു.എസിലെ Senate Intelligence Committee അംഗവും, സാങ്കേതികവിദഗ്ദ്ധനുമായ Angus King. അദ്ദേഹത്തിന്റെ ഉപദേശം ഇതാണ്:
ഫോണ്‍ ഇടയ്ക്ക് സ്വിച്ച് ഓഫ് ചെയ്യുക. അല്‍പ്പസമയം കഴിഞ്ഞ് വീണ്ടും ഓണ്‍ ചെയ്യുക.

സാങ്കേതികവിദ്യ എത്രയൊക്കെ പുരോഗമിച്ചാലും ഈ ലളിതമായ പൊടിക്കൈ എപ്പോഴും ഹാക്കര്‍മാരെ തളര്‍ത്തുന്നതാണെന്ന് വ്യക്തമാക്കുകയാണ് Mr King. ഇടയ്ക്ക് സ്വിച്ച് ഓഫ് ആകുന്ന ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുക എന്നത് കേമന്മാരായ ഹാക്കര്‍മാരെ പോലും വലച്ചേക്കുമെന്ന് അദ്ദേഹം പറയുന്നു. ആഴ്ചയില്‍ ഒരുവട്ടം ഫോണ്‍ ഇത്തരത്തില്‍ ഓഫ് ചെയ്ത ശേഷം ഓണ്‍ ചെയ്യുന്നത് ഹാക്കിങ് വിഷമകരമാക്കുമെന്ന് യുഎസ് National Security Agency തങ്ങളുടെ അംഗങ്ങള്‍ക്കായി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും പറയുന്നു.

ബാങ്ക് വിവരങ്ങള്‍ അടക്കമുള്ള പല പ്രധാനരേഖകളും മിക്കവരുടെയും ഫോണുകളില്‍ ഉണ്ട്. എന്നാല്‍ അവസാനമായി നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയത് എപ്പോഴാണ്? ഇടയ്ക്കിടെ ഉപയോഗിക്കുന്നതിനാല്‍ നാം ഇവ സ്വിച്ച് ഓഫ് ചെയ്യാറേയില്ല. ഇത് തന്നെയാണ് പല ഹാക്കര്‍മാരെയും എളുപ്പത്തില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്നത്.

മെസേജുകള്‍, കോണ്ടാക്ടുകള്‍, ഫോട്ടോകള്‍, ലൊക്കേഷന്‍ എന്നിവയാണ് പൊതുവെ ഹാക്കര്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ ലക്ഷ്യമിടുന്നത്. ഒപ്പം ഹാക്കിങ് സോഫ്റ്റ് വെയറുകളുപയോഗിച്ച് ഫോണിന്റെ വീഡിയോ ക്യാമറ, മൈക്രോഫോണ്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനും സാധിക്കും. പലപ്പോഴും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട കാര്യം നാം അറിയുന്നുപോലുമില്ല. അതേസമയം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് മാത്രം എപ്പോഴും ഹാക്കര്‍മാരെ തടയണമെന്നില്ല. അതിനാല്‍ത്തന്നെ അത്യാവശ്യമില്ലാത്ത അവസരങ്ങളില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക എന്നത് തന്നെയാണ് ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി എന്നും വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: