ബെലറൂസ് സർക്കാരിന്റെ വിമർശകൻ ഉക്രെയിനിൽ മരിച്ച നിലയിൽ; പിന്നിൽ ബെലറൂസ് ഭരണകൂടമെന്ന് സംശയം

ബെലറൂസ് സാമൂഹികപ്രവര്‍ത്തകനെ ഉക്രെയിനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്, ബെലറൂസ് സര്‍ക്കാര്‍ പിന്തുടരുന്ന ജനാധിപത്യധ്വംസനമാണെന്ന വിമര്‍ശനം ഉയരുന്നു. സര്‍ക്കാരിന്റെ വിമര്‍ശകനും, വിമതരാഷ്ട്രീയ പ്രവര്‍ത്തകനുമായ Vitaly Shishov (26)-നെയാണ് ഉക്രെയിനിലെ ഒരു പാര്‍ക്കിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇദ്ദേഹത്തിന്റേത് കൊലപാതകമാണെന്നും, അതിന് പിന്നല്‍ ബെലറൂസ് പ്രസിഡന്റ് Alexander Lukashenko-യുടെ കൈകളാണെന്നുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും കാലമായി ബെലറൂസ് ജനാധിപത്യവ്യവസ്ഥയില്‍ വെള്ളം ചേര്‍ക്കുന്നതായും, രാജ്യത്ത് ഏകാധിപത്യത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതായുമുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ സംഭവം.

ബെലറൂസ് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും, സഹപ്രവര്‍ത്തകരെ സഹായിക്കാനുമായാണ് Shishov ഉക്രെയിനിലെ സര്‍ക്കാര്‍ ഇതര സംഘടനയായ Belarusian House in Ukraine-ല്‍ എത്തിയത്. 1994 മുതല്‍ ബെലറൂസില്‍ അധികാരത്തിലിരിക്കുന്ന Alexander Lukashenko, Shishov അടക്കമുള്ള വിമതരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് Lukashenko ഭരണകൂടത്തിനെതിരെ വ്യാപകപ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

കഴിഞ്ഞ മെയ് 23-ന് ഗ്രീസിലെ ഏഥന്‍സില്‍ നിന്നും ലിത്വാനിയയിലെ വില്‍നിയസിലേയ്ക്കുള്ള യാത്രയ്ക്കിടെ ഐറിഷ് എയര്‍ലൈന്‍സ് കമ്പനിയായ Ryanair-ന്റെ വിമാനം ബെലറൂസില്‍ ഇറക്കി, സര്‍ക്കാര്‍ വിമര്‍ശകനായ പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്രതലത്തില്‍ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ ബെലറൂസിന് വ്യോമഗഗതാഗത ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ബെലറൂസ് ഭരണകൂടത്തിനെ എതിര്‍ക്കുന്ന പലരും അയല്‍രാജ്യങ്ങളായ ഉക്രെയിന്‍, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഉക്രെയിന്‍ തലസ്ഥാനമായ കീവില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ Vitaly Shishov-നെ പിന്നീട് നഗരത്തിലെ ഒരു പാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന് സംശയിക്കുന്ന പോലീസ് ആ ദിശയില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. Shishov-ന്റെ ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ വീഴ്ചയ്ക്കിടെ സംഭവിച്ചതാണെന്നും, ഇതാണ് കൊലപാകമാണെന്ന് സംശയിക്കാന്‍ കാരണമെന്നും ഉക്രെയിന്‍ ദേശീയ പോലീസ് മേധാവി Igor Klymenko പറഞ്ഞു. ജോഗിങ്ങിനായി രാവിലെ പുറത്തുപോയ Shishov-നെ കാണാതാകുകയായിരുന്നു.

Shishov-ന്റെ കൊലപാതകത്തിന് പിന്നില്‍ Lukashenko ഭരണകൂടമാണെന്ന് Belarusian House in Ukraine-ഉം ആരോപിച്ചു. അക്കാര്യത്തില്‍ സംശയമില്ലെന്നും, തങ്ങള്‍ക്ക് ഭീഷണിയായ ബെലറൂസ് പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പദ്ധതിയിട്ട് ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണെന്നും അവര്‍ പ്രസ്താവിച്ചു.

2020-ലാണ് Shishov ഉക്രെയിനിലെത്തിയത്. ബെലറൂസ് സര്‍ക്കാരിന്റെ ഏകാധിപത്യപ്രവണതകള്‍ക്കെതിരെ ഇവിടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിനെതിരെ ഭീഷണികളുണ്ടായിരുന്നതായും Belarusian House in Ukraine വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് United Nations ഉക്രെയിന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

ബെലറൂസ് അത്‌ലറ്റിക്‌സ് ഫെഡറേഷനെ വിമര്‍ശിച്ചതിന്റെ പേരില്‍ ടോക്കിയോ ഒളിംപിക്‌സില്‍ നിന്നും തന്നോട് നിര്‍ബന്ധപൂര്‍വ്വം പിന്മാറാന്‍ ആവശ്യപ്പെട്ടതായും, തിരിച്ചുപോയാല്‍ തടവിലാക്കുമെന്ന് ഭയക്കുന്നതായും ബെലറൂസ് ഓട്ടമത്സരതാരം Krystsina Tsimanouskaya കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പോളണ്ട് ഇവര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറായി.

Share this news

Leave a Reply

%d bloggers like this: