അയർലണ്ടിൽ 1,015 പേർക്ക് കൂടി കോവിഡ്; രോഗലക്ഷണങ്ങളുള്ളവർ പുറത്തുപോകുന്നത് വ്യാപനം വർദ്ധിപ്പിക്കുന്നതായി ടോണി ഹോലഹാൻ

അയര്‍ലണ്ടില്‍ പുതുതായി 1,015 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. അതേസമയം രോഗലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരുമായി ജോലിസ്ഥലത്തും, ഭക്ഷണശാലകളിലും, സുഹൃത്തുക്കളുമായും മറ്റും ഇടപഴകുന്നതാണ് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ 178 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 29 പേര്‍ ഐസിയുവിലാണ്.

എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും വീട് വിട്ട് പുറത്തുപോകാതിരിക്കണമെന്ന് ഈ സാഹചര്യത്തില്‍ ഡോ. ഹോലഹാന്‍ അഭ്യര്‍ത്ഥിച്ചു. വാക്‌സിന്‍ എടുത്തവരായാലും പുറത്തുപോകുമ്പോള്‍ അവര്‍ മറ്റുള്ളവരിലേയ്ക്ക് രോഗം പടര്‍ത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പനി, കഫക്കെട്ട്, ജലദോഷം, മണം, രുചി നഷ്ടപ്പെടല്‍ തുടങ്ങി ഏത് തരത്തിലുള്ള രോഗലക്ഷണവും കോവിഡുമായി ബന്ധപ്പെട്ടതാകാം. അതിനാല്‍ ഇത്തരക്കാര്‍ ജോലിസ്ഥലം, കൂട്ടുകാരുമായുള്ള സന്ദര്‍ശനം എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. മറിച്ചായാല്‍ പ്രദേശമാകെയുള്ള രോഗബാധയ്ക്ക് അത് വഴിവയ്ക്കും.

കഴിഞ്ഞ വാരാന്ത്യത്തില്‍ കോവിഡ് വാക്ക്-ഇന്‍ സെന്ററുകള്‍ വഴി ആയിരിക്കണക്കിന് പേര്‍ വാക്‌സിന്‍ സ്വീകരിച്ചതിനെ ഡോ. ഹോലഹാന്‍ അഭിനന്ദിക്കുകയും ചെയ്തു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്തെ 20-ഓളം കേന്ദ്രങ്ങളില്‍ നിന്നായി 30,000-ലേറെ പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ ഏറെയും ചെറുപ്പക്കാരാണ്.

Share this news

Leave a Reply

%d bloggers like this: