റൊമാനിയയിൽ നിന്നും അയർലണ്ട് 7 ലക്ഷം Pfizer വാക്സിനുകൾ വാങ്ങും; ഡോസുകൾ ഈ മാസം തന്നെ എത്തുമെന്ന് ആരോഗ്യമന്ത്രി

റൊമാനിയയില്‍ നിന്നും 700,000 Pfizer/BioNtech വാക്‌സിന്‍ വാങ്ങാന്‍ അയര്‍ലണ്ട് കരാറൊപ്പിട്ടതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഇതോടെ രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതി പൂര്‍വ്വാധികം വേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ട്ടിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വരുന്ന ശരത്കാലത്തും, വേനല്‍ക്കാലത്തും വാക്‌സിന്‍ ക്ഷാമമുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയര്‍ലണ്ടിലെ ജനങ്ങളെ മഹാമാരിയില്‍ നിന്നും രക്ഷിക്കാനായി പിന്തുണ നല്‍കിയ റൊമാനിയയോടും, മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

റൊമാനിയയില്‍ നിന്നുള്ള വാക്‌സിന്‍ ഡോസുകള്‍ ഓഗസ്റ്റ് മാസത്തില്‍ അയര്‍ലണ്ടിലെത്തുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly ട്വിറ്ററില്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് റൊമാനിയയില്‍ അധികം വരുന്ന വാക്‌സിനുകള്‍ വാങ്ങാനായി ഐറിഷ് സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. തുടര്‍ന്ന് റൊമാനിയന്‍ പ്രസിഡന്റ് Klaus Iohannis-മായി മാര്‍ട്ടിന്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ആകെ 1 മില്യണ്‍ Pfizer, Moderna വാക്‌സിനുകള്‍ വാങ്ങാനായിരുന്നു തത്വത്തില്‍ തീരുമാനം.

രാജ്യത്ത് ഇതുവരെ 31 ലക്ഷം ആളുകള്‍ ആദ്യ ഡോസ് സ്വീകരിച്ചതായാണ് കണക്ക്. 25 ലക്ഷം പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചു. 217,000 പേര്‍ക്ക് ഒറ്റ ഷോട്ട് മാത്രമുള്ള Janssen വാക്‌സിനും ലഭിച്ചു.

Share this news

Leave a Reply

%d bloggers like this: