നിങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈൻ വഴി പ്രചരിപ്പിക്കപ്പെട്ടാൽ എന്ത് ചെയ്യണം? അയർലണ്ട് സർക്കാർ നൽകുന്ന ഈ നിദ്ദേശം കൃത്യമായി വായിക്കുക, നിയമത്തെ പറ്റി അറിയുക

തങ്ങളുടെ സമ്മതമില്ലാതെ സ്വകാര്യ ഫോട്ടോകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്നവരോട് ഔദ്യോഗിക ഹോട്ട്‌ലൈനുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കി അയര്‍ലണ്ടിലെ നീതിന്യായ വകുപ്പ്. Hotline എന്ന വെബ്‌സൈറ്റ് സംവിധാനം വഴി ഇത്തരം കേസുകളില്‍ ഗാര്‍ഡയുടെയും മറ്റും സഹായം ഉറപ്പാക്കാനും, പ്രതികള്‍ക്ക് ശിക്ഷ ഉറപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങളോ, വീഡിയോകളോ പ്രചരിപ്പിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ഹോട്ട്‌ലൈനുമായി ബന്ധപ്പെടാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 1999-ല്‍ സ്ഥാപിക്കപ്പെട്ട The national centre for combatting illegal content online-മായി ബന്ധപ്പെട്ടാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുക. കുട്ടികളടക്കമുള്ള മറ്റുള്ളവരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാലും https://hotline.ie/contact-us/report എന്ന വെബ്‌സൈറ്റ് വഴി റിപ്പോര്‍ട്ട് ചെയ്യാം. വംശീയത, ലൈംഗികചൂഷണം, ഇതര രാജ്യക്കാരോടുള്ള വേര്‍തിരിവ് എന്നിവയും റിപ്പോര്‍ട്ട് ചെയ്യാം.

സമ്മതമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുകയെന്ന് വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് Minister of State for Civil and Criminal Justice Hildegarde Naughton പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ പല കാരണങ്ങളാല്‍ മിക്കവരും പുറത്ത് പറയാറില്ല. അതിനാല്‍ത്തന്നെ പുറംലോകം അറിയാതിരിക്കുകയും, ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും, ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതും അടക്കമുള്ള സംഭവങ്ങളുമുണ്ട്.

സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. The Harassment, Harmful Communications and Related Offences Act, അഥവാ Coco’s Law എന്നറിയപ്പെടുന്ന ഈ നിയമം, Coco Fox എന്ന പെണ്‍കുട്ടി ഓണ്‍ലൈനായി അപമാനിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കര്‍ശനമാക്കിയത്. ഈ പെണ്‍കുട്ടി 2018-ല്‍ ആത്മഹത്യ ചെയ്തിരുന്നു.

നിയമപ്രകാരം ഈ തെറ്റിനുള്ള ശിക്ഷ 5,000 യൂറോ പിഴയും, 12 മാസത്തെ തടവുമാണ്. അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും നിയമത്തിന്റെ പരിധിയില്‍ പെടും.

ഈ തെറ്റുകള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും, അതിന് നിയമസഹായം തേടണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഈയിടെ രാജ്യത്ത് നടന്ന ഒരു ഗവേഷണത്തില്‍, 20-ല്‍ ഒരാളുടെ ദൃശ്യങ്ങള്‍ വീതം അനുവാദമില്ലാതെ ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. 18-37 പ്രായക്കാര്‍ക്കിടയില്‍ ഇത് 10-ല്‍ ഒരാള്‍ വീതമാണ്.

Share this news

Leave a Reply

%d bloggers like this: