പൗലോ കോയ്‌ലോയുടെ ട്വീറ്റിൽ ലോക പ്രശസ്തി നേടി കൊച്ചിയിലെ ‘ ദി ആൽക്കമിസ്റ് ‘ ഓട്ടോ

വൈപ്പിൻ (കൊച്ചി) ∙ ഇന്നലെ ഉച്ചയുറക്കത്തിൽനിന്നു കെ.എ. പ്രദീപ് കൺതുറന്നതു വിശ്വസിക്കാൻ കഴിയാത്ത ഒരു സ്വപ്നത്തിലേക്കാണ്. അക്ഷരങ്ങളിലൂടെ മനസ്സിൽ ദൈവമായി മാറിയ വിശ്വസാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ വിലമതിക്കാനാവാത്ത സമ്മാനം. സന്തോഷം പെരുമഴ പെയ്ത നട്ടുച്ചയ്ക്ക് ‘ദി ആൽകെമിസ്റ്റ്’ എന്ന ഓട്ടോറിക്ഷ ചെറായി കണ്ണാത്തുശ്ശേരി വീടിന്റെ മുറ്റത്ത് ചാറ്റൽമഴ നനഞ്ഞുകിടന്നു.

പൗലോയോടുള്ള ആരാധന മൂത്ത് പ്രദീപ് തന്റെ ഓട്ടോയ്ക്ക് അദ്ദേഹത്തിന്റെ പ്രശസ്ത നോവലിന്റെ പേരിടുന്നത് ഒന്നര ദശാബ്ദം മുൻപാണ്. കൊച്ചിയിലെ നിരത്തിലൂടെ പായുന്ന ആ ഓട്ടോയുടെ ചിത്രത്തോടൊപ്പം മഹാസാഹിത്യകാരൻ തന്റെ നന്ദിവാക്കുകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ഇന്നലെ. മിനിറ്റുകൾക്കുള്ളിൽ വൈറലായ പോസ്റ്റ് കണ്ട സുഹൃത്തുക്കൾ ഫോണുമായി ഓടിക്കിതച്ചെത്തി വിവരമറിയിച്ചപ്പോഴുള്ള വിസ്മയം ഇപ്പോഴും ഈ അൻപത്തഞ്ചുകാരനെ വിട്ടൊഴിഞ്ഞിട്ടില്ല.

പത്താം ക്ലാസ് പാസായതു മുതൽ വായന ഒപ്പമുണ്ടെങ്കിലും അക്ഷരങ്ങളിൽനിന്ന് മനസിലേക്കൊരു മിന്നലിറങ്ങുന്നത് പ്രദീപ് ആദ്യമറിഞ്ഞത് ‘ദി ആൽക്കമെസ്റ്റി’ന്റെ മലയാള പരിഭാഷ വായിച്ചു തുടങ്ങിയപ്പോഴാണ്. അതോടെ എഴുത്തുകാരൻ ഉള്ളിലെ പ്രതിഷ്ഠയായി. പൗലോ കഴിഞ്ഞാലുള്ള പ്രദീപിന്റെ ഇഷ്ടക്കാരും വിശ്വസാഹിത്യകാരന്മാർ തന്നെ. വിക്ടർ യൂഗോ, ടോൾസ്റ്റോയി, ‍‍ഡി.എച്ച്. ലോറൻസ് എന്നിങ്ങനെ പോകും ലിസ്റ്റ്. മലയാളത്തിൽ എന്നും പ്രിയം വികെഎന്നിനോടാണ്. നോവലിനോടാണ് പൊതുവെ ഇഷ്ടം. ചെറിയൊരു ലൈബ്രറി വീട്ടിലുണ്ട്– 150 പുസ്തകങ്ങൾ.

credit Manoramanewsonline

Share this news

Leave a Reply

%d bloggers like this: