ലിമറിക്കിൽ കുറ്റവാളി സംഘത്തെ ലക്ഷ്യമിട്ട് ഗാർഡയുടെ വമ്പൻ വേട്ട; ആഡംബര വാഹനങ്ങളും, കുതിരകളും പിടിച്ചെടുത്തു; 14 പേർ അറസ്റ്റിൽ

ലിമറിക്കിലെ കുറ്റവാളി സംഘത്തെ ലക്ഷ്യമിട്ട് ഗാര്‍ഡ ചൊവ്വാഴ്ച നടത്തിയ ഓപ്പറേഷനില്‍ 19 പേരെ പിടികൂടി. ഇതില്‍ 14 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

ലിമറിക്ക് ഡിവിഷന് കീഴിലുള്ള ഗാര്‍ഡ ഉദ്യോഗസ്ഥരാണ് നാഷണല്‍ ഗാര്‍ഡ യൂണിറ്റുകളുടെയും, പ്രതിരോധസേനയുടെയും സഹായത്തോടെ പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തിയത്. റവന്യൂ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സഹായം ഉണ്ടായിരുന്നു. കണക്കില്‍പ്പെടാത്ത പണം, മറ്റ് സ്വത്തുവകകള്‍ എന്നിവ കണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. ഇവ കുറ്റകൃത്യങ്ങള്‍ക്കായി സംഘം ഉപയോഗിച്ചുവരികയായിരുന്നു. കുറ്റകൃത്യങ്ങള്‍ നടത്തി സമ്പാദിച്ച സ്വത്തുവകകളും കണ്ടെടുക്കുക ലക്ഷ്യമിട്ടിരുന്നു.

566,000 യൂറോ പണം, 50,000 യൂറോ വിലവരുന്ന സ്റ്റാലിയണ്‍ അടക്കം 10 കുതിരകള്‍, 10,000 യൂറോ വിലവരുന്ന ഹോഴ്‌സ് ബോക്‌സ്, മൂന്ന് ആംഡംബര വാഹനങ്ങള്‍, അഞ്ച് ഡിസൈനര്‍ വാച്ചുകള്‍, 10,000 യൂറോ വിലവരുന്ന കഞ്ചാവ്, കൊക്കെയ്ന്‍, പരാഫെര്‍ണേലിയ മയക്കുമരുന്ന്, വിവിധ രേഖകള്‍ എന്നിവ പരിശോധനയില്‍ ഗാര്‍ഡ പിടിച്ചെടുത്തു.

Criminal Justice Money Laundering & Terrorist Finance Act, 2020 പ്രകാരം ഇവിടെ നിന്നും അറസ്റ്റ് ചെയ്ത മൂന്ന് സ്ത്രീകളെയും, രണ്ട് പുരുഷന്മാരെയും ലിമറിക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കി. മറ്റൊരാളെ അനധികൃതമായി കുതിരകളെ കൈവശം വച്ചിതനാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള എട്ട് പേരെ പിന്നീട് കോടതിയില്‍ ഹാജരാക്കും. അഞ്ച് പേര്‍ കൂടി ഗാര്‍ഡയുടെ കസ്റ്റഡിയിലുണ്ട്.

ലിമറിക്ക് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് 300-ഓളം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന Operation Coronation-ന്റെ ഭാഗമായായിരുന്നുവെന്നും, വീടുകളും സ്ഥാപനങ്ങളുമടക്കം 65 സ്ഥലങ്ങളാണ് പരിശോധിച്ചതെന്നും ഗാര്‍ഡ വക്താവ് പിന്നീട് പറഞ്ഞു. 2020-ല്‍ നടത്തിയ ഓപ്പറേഷന്റെ തുടര്‍ച്ചയായിരുന്നു ഇത്. അന്ന് 700,000 യൂറോയും, മയക്കുമരുന്നും, സ്വര്‍ണ്ണവും, വാഹനങ്ങളുമടക്കം ഗാര്‍ഡ പിടിച്ചെടുത്തിരുന്നു. Keane/Collopy മയക്കുമരുന്ന് സംഘത്തെയായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.

comments

Share this news

Leave a Reply

%d bloggers like this: