ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി ഫ്രാൻസ് പൗരത്വം നൽകിയത് 12,000 ആരോഗ്യപ്രവർത്തകർക്ക്; പൗരത്വത്തിനായി അയർലൻഡിലെ ആരോഗ്യ പ്രവർത്തകർ ഇനി എത്രകാലം കാത്തിരിക്കണം?

അയര്‍ലന്‍ഡിലെ നഴ്‌സുമാര്‍ അടക്കമുള്ള കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐറിഷ് പൗരത്വം നല്‍കാന്‍ അധികൃതര്‍ പ്രത്യേകപദ്ധതികളൊന്നും ആവിഷ്‌കരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. ആരോഗ്യപ്രവര്‍ത്തകരായ 12,000 പേര്‍ക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി ഫ്രാന്‍സ് പൗരത്വം നല്‍കിയ കാര്യം ചൂണ്ടിക്കാണിച്ചാണ് അയര്‍ലന്‍ഡിലും സമാനമായ സംവിധാനം വേണമെന്ന് ഒരിക്കല്‍ക്കൂടി ആവശ്യമുയരുന്നത്.

സാധാരണയായി ഫ്രാന്‍സില്‍ രണ്ട് വര്‍ഷമാണ് പൗരത്വ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിനായുള്ള സമയം. എന്നാല്‍ കോവിഡ് കാലത്ത് നിസ്വാര്‍ത്ഥസേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാലതാമസമില്ലാതെയാണ് ഫ്രാന്‍സ് പൗരത്വം നല്‍കിയിരിക്കുന്നത്. മാത്രമല്ല ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി പരിഗണിക്കപ്പെടുന്ന അപേക്ഷകര്‍ ഫ്രാന്‍സില്‍ താമസിച്ചിരിക്കേണ്ട കുറഞ്ഞ കാലയളവ് അഞ്ചില്‍ നിന്നും രണ്ട് വര്‍ഷമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.

2020 സെപ്റ്റംബറിലാണ് കോവിഡ് കാലത്ത് കഠിനാദ്ധ്വാനം നടത്തിയ ഫ്രഞ്ച് ഇതര പൗരന്മാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി പൗരത്വത്തിനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് 16,381 അപേക്ഷകള്‍ ലഭിച്ചതായും, ഇതില്‍ 12,012 പേര്‍ക്ക് പൗരത്വം അനുവദിച്ചതായും ഫ്രഞ്ച് മന്ത്രിയായി Marlène Schiappa കഴിഞ്ഞ ദിവസം അറിയിച്ചു.

ഇതോടെയാണ് അയര്‍ലണ്ടിലും ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിന്റെ ആവശ്യകതയെപ്പറ്റി ചൂടേറിയ വാദങ്ങള്‍ ഒരിക്കല്‍ക്കൂടി ആരംഭിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള കുടിയേറ്റക്കാര്‍ ഇക്കാര്യം സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഇത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും ഇതുവരെ വ്യക്തമായ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. അതോടൊപ്പം ഇത്തരമൊരു തീരുമാനം വിവേചനപരമായേക്കുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നതായും കരുതപ്പെടുന്നു.

അയര്‍ലന്‍ഡില്‍ ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 25,000-ല്‍ താഴെ പൗരത്വ അപേക്ഷകളാണ് ലഭിച്ചതെന്നാണ് കണക്ക്. കോവിഡ് കാരണം ഏതാനും മാസം പൗരത്വ അപേക്ഷകളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവച്ചിരുന്നെങ്കിലും, ഓണ്‍ലൈനായി സെറിമണി നടത്താന്‍ ആരംഭിച്ചതോടെ കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ വൈകാതെ തീരുമാനമാകുന്നുണ്ട്.

പക്ഷേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോണസ് നല്‍കുന്ന കാര്യത്തില്‍ പോലും ഇതുവരെ തീരുമാനമാകാത്ത സ്ഥിതിക്ക് പൗരത്വത്തിന് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉടനടി നടപ്പാകില്ലെന്ന് കുടിയേറ്റക്കാര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഒരു പ്രത്യേക ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായി പൗരത്വത്തില്‍ മുന്‍ഗണന നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ 10 വര്‍ഷത്തിലധികമായി രാജ്യത്തിന്റെ ആരോഗ്യരംഗത്ത് വലിയ സേവനങ്ങള്‍ നല്‍കുന്നവര്‍ക്കെങ്കിലും പൗരത്വത്തിന് മുന്‍ഗണന നല്‍കേണ്ടതില്ലേ എന്നതാണ് പ്രസക്തമായ ചോദ്യം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് സംവിധാനം സംബന്ധിച്ച ആവശ്യം Fine Gael TD-യായ Neale Richmond ഈ മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ഇതില്‍ ഒരു അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Share this news

Leave a Reply

%d bloggers like this: