അയർലൻഡിൽ 118 മില്യൺ മുടക്കി ഡിസ്ട്രിബൂഷൻ സെന്റർ തുടങ്ങാൻ വസ്ത്രവ്യാപാര സ്ഥാപനമായ Pennys ; 482 പേർക്ക് ജോലി നൽകും

പ്രമുഖ വസ്ത്രവ്യാപാരശൃംഖലയായ Pennys, അയര്‍ലന്‍ഡില്‍ 118 മില്യണ്‍ യൂറോ മുടക്കി പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ ആരംഭിക്കുന്നു. കൗണ്ടി കില്‍ഡെയറിലെ ന്യൂബ്രിഡ്ജില്‍ പണിതീര്‍ക്കുന്ന സെന്ററില്‍ 482 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. 24 മണിക്കൂറും, ആഴ്ചയില്‍ ഏഴ് ദിവസവും സ്ഥാപനം പ്രവര്‍ത്തിക്കും.

ന്യൂബ്രിഡിജിലെ Greatconnell-ല്‍ സെന്റര്‍ നിര്‍മ്മിക്കാനായി Pennys പദ്ധതി സമര്‍പ്പിച്ചുകഴിഞ്ഞു. നിര്‍മ്മാണഘട്ടത്തില്‍ 270 പേര്‍ക്ക് വരെ ഇവിടെ ജോലി ലഭിക്കും. ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 212 പേര്‍ക്ക് സ്ഥിരജോലിയും ലഭിക്കും. 43 മില്യണ്‍ യൂറോ കെട്ടിടനിര്‍മ്മാണത്തിന് മാത്രം ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 75 മില്യണ്‍ യൂറോയാണ് ഉപകരണങ്ങള്‍ ഘടിപ്പിക്കാനും മറ്റുമായി ചെലവിടുക.
സെമി- ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത് Barola Capital DAC ആണ്.

വസ്ത്രവ്യാപാര സ്ഥാപനമായ Primark അയര്‍ലന്‍ഡില്‍ Pennys എന്ന പേരിലാണ് അറിയപ്പെടുന്നത്. അയര്‍ലന്‍ഡിന് പുറത്ത് യൂറോപ്പിലും, യുഎസിലും Primark എന്ന പേരില്‍ തന്നെ സ്ഥാപനം അറിയപ്പെടുന്നു. യുഎസിലെ മസാച്യുസെറ്റ്‌സിലുള്ള ബോസ്റ്റണ്‍ ആണ് കമ്പനി അസ്ഥാനം.

ന്യൂബ്രിഡ്ജിലെ വിതരണകേന്ദ്രത്തില്‍ നിന്നും രാജ്യത്തെ Pennys സ്റ്റോറുകളിലേയ്ക്കായി വസ്ത്രങ്ങള്‍ തരംതിരിച്ച് അയയ്ക്കുകയാണ് ചെയ്യുക. രാജ്യത്ത് 36 സ്‌റ്റോറുകളാണ് Pennys-ന് ഉള്ളത്.

Share this news

Leave a Reply

%d bloggers like this: