അയർലണ്ടിലെ ഇമ്മിഗ്രേഷൻ പെർമിഷനിലും, സിറ്റിസൺഷിപ്പ് പോളിസികളിലും മാറ്റം വരുത്തിയെന്ന തരത്തിലുള്ള വ്യാജ മെസ്സേജുകൾ വ്യാപകമായി പ്രചരിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നു

അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ പെര്‍മിഷനിലും, സിറ്റിസന്‍ഷിപ്പ് പോളിസികളിലും മാറ്റം വരുത്തിയെന്ന തരത്തിലുള്ള വ്യാജ മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നു. രാജ്യത്ത് ഇമിഗ്രേഷന്‍ പെര്‍മിഷന്‍ കാലാവധി കഴിഞ്ഞവര്‍ക്ക് അവസാനമായി ഒരു തവണ കൂടി പെര്‍മിഷന്‍ നീട്ടിനല്‍കുകയാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒട്ടേറെ പോളിസി മാറ്റങ്ങള്‍ വരുത്തിയതായുള്ള മെസേജുകളില്‍ പ്രവാസികള്‍ക്കിടയില്‍ വാട്‌സാപ്പും മറ്റും വഴി പ്രചരിക്കാനാരംഭിച്ചത്.

2021 സെപ്റ്റംബര്‍ 21-നും, 2022 ജനുവരി 15-നും ഇടയില്‍ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് താല്‍ക്കാലികമായി പെര്‍മിഷന്‍ നീട്ടി നല്‍കുക എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ 2020 മാര്‍ച്ച് മുതല്‍ ഇത്തരത്തില്‍ കാലാവധി അവസാനിച്ച ശേഷം പെര്‍മിഷന്‍ നീട്ടിക്കിട്ടിയവര്‍ക്കും ഈ ഇളവ് ലഭിക്കും. Irish Residence Permit (IRP) കാലാവധി അവസാനിച്ചാലും ഇവര്‍ക്ക് 2022 ജനുവരി 15 വരെ ഇവിടെ തുടരാം.

എന്നാല്‍ വസ്തുതകളെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്തുംവിധമാണ് ഇന്നലെ മുതല്‍ ചില മെസേജുകള്‍ പ്രചരിക്കാനാരംഭിച്ചത്. ഇമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് ലിങ്ക് കൂടി ഈ വ്യാജ മെസേജിനൊപ്പം നല്‍കിയിട്ടുണ്ട് എന്നതിനാല്‍ പലരും ഇത് സത്യമാണെന്ന് വിചാരിക്കുകയും, പരിഭ്രാന്തി സൃഷ്ടിക്കാനിടയാക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് കാര്യങ്ങളാണ് ഈ മെസേജില്‍ പറയുന്നത്:

1. അയര്‍ലന്‍ഡില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തവര്‍ക്ക് മാത്രമേ ഇനിമുതല്‍ സ്റ്റാംപ് 4 വിസ ലഭിക്കൂ.

2. ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ ഇനിമുതല്‍ രാജ്യത്ത് 8 വര്‍ഷം താമസിക്കണം.

എന്നാല്‍ ഇങ്ങനെ ഇമിഗ്രേഷന്‍, പൗരത്വ പോളിസികളില്‍ യാതൊരു മാറ്റവും വരുത്തിയതായി ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചിട്ടില്ല.

അയര്‍ലന്‍ഡില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തവര്‍ക്ക് മാത്രമേ ഇനിമുതല്‍ സ്റ്റാംപ് 4 വിസ ലഭിക്കൂ എന്നതാണ് മെസേജില്‍ പറയുന്ന കാര്യങ്ങളിലൊന്ന്. നേരത്തെ രണ്ട് വര്‍ഷം ജോലി ചെയ്‌വര്‍ക്കും സ്റ്റാംപ് 4 വിസ ലഭിക്കുമായിരുന്നു എന്നും മെസേജില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ എന്തെങ്കിലും മാറ്റം ഇക്കാര്യത്തില്‍ ഇതുവരെ ഇമിഗ്രേഷന്‍ വകുപ്പ് നടത്തിയിട്ടില്ല. Critical skills വേണ്ട ജോലികളില്‍ 2 വര്‍ഷം തികച്ചവര്‍ക്ക് ഇപ്പോഴും സ്റ്റാംപ് 4 വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് പ്രകാരം 5 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ആരോഗ്യം, വിദ്യാഭ്യാസം, എഞ്ചിനീറിങ്, റിസര്‍ച്ച്, ICT എന്നിവയെല്ലാം critical skills വിഭാഗത്തില്‍ പെടുന്ന ജോലികളാണ്. അതിനാല്‍ത്തന്നെ നഴ്‌സുമാര്‍ അടക്കമുള്ളവര്‍ ഈ വ്യാജ മെസേജ് വിശ്വസിച്ച് പരിഭ്രാന്തരാകേണ്ടതില്ല എന്നര്‍ത്ഥം.

മെസേജില്‍ പറയുന്ന മറ്റൊരു കാര്യം ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ ഇനിമുതല്‍ രാജ്യത്ത് 8 വര്‍ഷം താമസിക്കണമെന്നാണ്. എന്നാല്‍ 5 വര്‍ഷം താമസിച്ച ആര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാം എന്ന പോളിസിയില്‍ ഇമിഗ്രേഷന്‍ വകുപ്പ് ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആ മാറ്റം പ്രായോഗികവുമല്ല. താഴെ പറയുന്ന നിബന്ധനകള്‍ക്കുള്ളില്‍ വരുന്നവര്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹരാണ്:

1. ജന്മനാ ഐറിഷ് പൗരന്മാരായവര്‍

2. മാതാപിതാക്കളോ, അവരുടെ മാതാപിതാക്കളോ ഐറിഷ് പൗരത്വം ഉള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

3. ഐറിഷ് പൗരത്വമുള്ളയാളെ വിവാഹം കഴിച്ചവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം (വിവാഹിതരായി 3 വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം)

4. വിദേശത്ത് ജനിച്ച, അതേസമയം ഐറിഷ് പൗരത്വമുള്ള മതാപിതാക്കളോ, അവരുടെ മാതാപിതാക്കളോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

5. അയര്‍ലന്‍ഡില്‍ 5 വര്‍ഷം താമസം പൂര്‍ത്തിയാക്കിയ ആളുകള്‍ക്കും പൗരത്വത്തിനായി അപേക്ഷിക്കാം. ഒരാള്‍ എട്ടോ, പത്തോ വര്‍ഷം താമസിച്ചാലും, ഇതിനിടെ ആകെ താമസിച്ച ദിവസങ്ങളുടെ എണ്ണം 5 വര്‍ഷത്തിന് തുല്യമായാല്‍ അപേക്ഷ നല്‍കാം. അതേസമയം അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു വര്‍ഷം (365 ദിവസം) പൂര്‍ണ്ണമായും അയര്‍ലന്‍ഡില്‍  താമസിച്ചിരിക്കണം.
ഉദാ: 8 വര്‍ഷമായി നിങ്ങള്‍ അയര്‍ലന്‍ഡില്‍ താമസിക്കുകയാണെങ്കില്‍, നാട്ടിലെ പോക്കുവരവ് (6 ആഴ്ച വരെയുള്ള വിദേശയാത്രകള്‍ അയര്‍ലന്‍ഡിലെ താമസം തന്നെയായാണ് കണക്കാക്കുക. 6 ആഴ്ചയ്ക്ക് മുകളിലുള്ള വിദേശയാത്രകളെ അയര്‍ലന്‍ഡിലെ താമസ കാലയളവായി കണക്കാക്കില്ല. അഥവാ അടിയന്തരയാത്രകളാണ് 6 ആഴ്ചയ്ക്ക് മേലെ നടത്തിയതെങ്കില്‍ അക്കാര്യം വകുപ്പിനെ ബോധ്യപ്പെടുത്തിയാല്‍ ഇളവ് ലഭിക്കും.) ദിവസങ്ങള്‍ ഒഴിവാക്കി കണക്കുകൂട്ടിയാല്‍, ആകെ 5 വര്‍ഷം ഇവിടെ താമസിച്ചിരിക്കണം. ഇതില്‍ അവസാനത്തെ 365 ദിവസങ്ങള്‍ അയര്‍ലന്‍ഡില്‍ തന്നെ ഉണ്ടായിരുന്നിരിക്കണം. അതായത് 365 x 5 (1825 അല്ലെങ്കില്‍ 1826 ദിവസം- Leap year കണക്കാക്കുന്നതിനാല്‍) ദിവസം ആകെ രാജ്യത്ത് താമസിച്ചവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

എന്നാല്‍ 8 x 365 ദിവസം താമസിച്ചിരിക്കണം എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന മെസേജില്‍ പറയുന്നത്.
ഇത് സ്റ്റാമ്പ് 5 – വിസയിലേയ്ക്ക് മാറുന്നതിനുള്ള നിബന്ധന മാത്രമാണ്.

അതേസമയം സ്റ്റാംപ് 1, സ്റ്റാംപ് 3, സ്റ്റാംപ് 4 എന്നീ വിസകൾ ഉള്ളവർക്ക് സ്റ്റാംപ് 5 വിസയിലേക്ക് മാറാനായി 8 വർഷം അഥവാ 96 മാസം വേണ്ടി വരുന്നു. ഇതാണ് നിലവിലെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിരിയിരിക്കുന്നത്.

ഇത്തരത്തില്‍ കുടിയേറ്റമോ, പൗരത്വമോ ബന്ധപ്പെട്ട് എന്ത് സന്ദേശം ലഭിച്ചാലും പരിഭ്രാന്തരാകാതെ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ വകുപ്പ് ഔദ്യോഗിക വെബ്‌സൈറ്റായ www.irishimmigration.ie എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. പുതിയ പോളിസി മാറ്റങ്ങളുണ്ടെങ്കില്‍ വെബ്‌സൈറ്റില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കും. കൂടാതെ അപേക്ഷകള്‍ നല്‍കാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും, യോഗ്യതകള്‍ എന്തെല്ലാമാണെന്നും വെബ്‌സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്.

അഥവാ മറ്റ് സംശങ്ങളുണ്ടായാല്‍ ഇമെയില്‍ വഴി ‘റോസ് മലയാള’വുമായി ബന്ധപ്പെടാം. നിങ്ങളുടെ സംശയങ്ങള്‍ ഉടനടി ദുരീകരിക്കുന്നതായിരിക്കും. rosemalayalam@gmail.com,0892113987

ജിതിൻ റാം

Share this news

Leave a Reply

%d bloggers like this: