അയർലൻഡിൽ ടാപ്പ് വെള്ളം കുടിച്ച് 52 പേർ രോഗബാധിതരായ സംഭവം; രാജ്യമൊട്ടാകെയുള്ള പ്ലാന്റുകളിൽ പരിശോധന നടത്താൻ Irish Water

ഡബ്ലിന്‍, ലിമറിക്ക് എന്നിവിടങ്ങളില്‍ കുടിവെള്ളവിതരണ സംവിധാനത്തില്‍ നിന്നുമുള്ള ടാപ്പ് വെള്ളം കുടിച്ച് 52 പേര്‍ അസുഖബാധിതരായതിനെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ ജലശുദ്ധീകരണ പ്ലാന്റുകളിലും പരിശോധന നടത്താന്‍ Irish Water. ഓഗസ്റ്റ് മാസത്തില്‍ കുറഞ്ഞത് 52 പേര്‍ ടാപ്പ് വെള്ളം കുടിച്ച ശേഷം രോഗബാധിതരായെന്ന Environmental Protection Agency (EPA) റിപ്പോര്‍ട്ട് തദ്ദേശസ്ഥാപന വകുപ്പ് മന്ത്രി ഡാര ഒബ്രയനാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തുടര്‍ന്ന് പരിശോധന നടത്താനായി ഒബ്രയന്‍ തന്നെ Irish Water-ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഡബ്ലിന്‍ നഗരത്തിലെ ചിലയിടങ്ങളിലേയ്ക്ക് ജലവിതരണം നടത്തുന്ന Ballymore Eustace-ലെ പ്ലാന്റുകള്‍, Gorey-ല്‍ കുടിവെള്ളമെത്തിക്കുന്ന വെക്‌സ്‌ഫോര്‍ഡിലെ Creagh-യിലുള്ള പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വെള്ളം കുടിച്ചവര്‍ക്കാണ് രോഗബാധയുണ്ടായത്. പ്ലാന്റുകള്‍ വൃത്തിയായി സൂക്ഷിക്കാത്തതാണ് രോഗബാധയ്ക്ക് കാരണമെന്നും EPA കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് Irish Water, Dublin City Council, Wexford County Council അധികൃതരുമായി ഒബ്രയന്‍ ഇന്നലെ ചര്‍ച്ച നടത്തുകയും ചെയ്തു.

ചര്‍ച്ചയ്ക്ക് ശേഷമാണ് രാജ്യമെങ്ങുമുള്ള പ്ലാന്റുകളില്‍ ഉടനടി Irish Water അധികൃതര്‍ പരിശോധന നടത്തുമെന്ന് മന്ത്രി പ്രസ്താവിച്ചത്. ഏറ്റവും വലിയ 20 പ്ലാന്റുകള്‍ക്കാണ് പരിശോധനയില്‍ മുന്‍ഗണന. പരിശോധനയുടെ ഭാഗമായി ഇവിടങ്ങളിലെ തൊഴിലാളികളെ കണ്ട് സംസാരിക്കുകയും ചെയ്യും.

ജനങ്ങളുടെ സുരക്ഷ പരമപ്രധാനമാണെന്ന് സൂചിപ്പിച്ച മന്ത്രി ഒബ്രയന്‍, പ്ലാന്റ് അധികൃതരുടെ വീഴ്ചയില്‍ താന്‍ രോഷാകുലനാണെന്നും പറഞ്ഞു.

comments

Share this news

Leave a Reply

%d bloggers like this: