വർക്ക് ഫ്രം ഹോം ഔദ്യോഗികമായി അവസാനിച്ചു; അയർലൻഡിലെ തൊഴിലാളികൾ ഇന്നുമുതൽ ഓഫിസിലേയ്ക്ക്

അയര്‍ലന്‍ഡില്‍ കോവിഡ് കാരണം 18 മാസത്തിലേറെ വീട്ടിലിരുന്ന് ജോലി ചെയ്തവര്‍ ഇന്നുമുതല്‍ ഓഫിസുകളിലെത്തിത്തുടങ്ങും. ‘വര്‍ക്ക് ഫ്രം ഹോം’ നിര്‍ദ്ദേശം സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചതോടെയാണ് രാജ്യത്തെ ഓഫിസുകള്‍ സാധാരണ നിലയിലേയ്ക്ക് മടക്കമാരംഭിക്കുക.

രാജ്യത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പടിപടിയായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഘട്ടം ഘട്ടമായാണ് തൊഴിലാളികള്‍ തിരികെയെത്തിത്തുടങ്ങുക. തിരികെയെത്തുന്ന തൊഴിലാളികള്‍ക്കായി ജോലിസമയവും, ആവശ്യങ്ങളും മറ്റും വ്യക്തമാക്കുന്ന തരത്തില്‍ ദീര്‍ഘകാല തൊഴില്‍നയം രൂപീകരിക്കണമെന്നും സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല ഓഫിസുകളിലും 2020 മാര്‍ച്ചിന് ശേഷം ജീവനക്കാര്‍ നേരിട്ടെത്തി ജോലി ചെയ്തിട്ടില്ല.

ഇതിനിടെ വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ റിമോട്ട് വര്‍ക്കിങ് സംവിധാനം രാജ്യത്ത് സ്ഥിരമാക്കി മാറ്റാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നതായി എന്റര്‍പ്രൈസ് വകുപ്പ് മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. പലരും ഓഫിസുകളില്‍ തിരികെയെത്താനും, സഹപ്രവര്‍ത്തകരെ കാണാനും ആഗ്രഹിക്കുന്നതായി പറഞ്ഞ വരദ്കര്‍, ഇതിനൊപ്പം തന്നെ റിമോട്ട് വര്‍ക്കിങ് സംവിധാനം പ്രാവര്‍ത്തികമാക്കാനുള്ള വഴികളാലോചിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനൊപ്പം ഇന്‍ഡോറുകളില്‍ ഡാന്‍സ് പരിപാടികള്‍ക്കും, കായികാഭ്യാസങ്ങള്‍ക്കുമായി ഒത്തുചേരാനും, ആര്‍ട്ട് ക്ലാസുകള്‍, ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കാനും ഇന്നുമുതല്‍ അനുവാദം നല്‍കിയിട്ടുണ്ട്. രോഗപ്രതിരോധശേഷി ഉറപ്പുവരുത്തി വേണം ഇതു ചെയ്യാന്‍. ഒപ്പം ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം പരിമിതപ്പെടുത്തിയിരുന്നതും പിന്‍വലിച്ചു.

രാജ്യത്തെ 16 വയസിന് മുകളിലുള്ള 90% പേര്‍ക്കും മുഴുവനായി വാക്‌സിന്‍ നല്‍കിയതായാണ് ഔദ്യോഗിക കണക്ക്. നിലവിലുള്ള ബാക്കി നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 22-ഓടെ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം അതിനു ശേഷവും പൊതുഗതാഗതം, വിപണി, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരേണ്ടിവരും.

comments

Share this news

Leave a Reply

%d bloggers like this: