‘കവിതാലയം’ ക്ലബ്ബ് ഹൗസിൽ 100 നാൾ പിന്നിടുന്നു; കവികളും, കവിതാസ്വാദകരും വിരിഞ്ഞു പൂക്കുന്ന കവിതാലയത്തിലെ വിശേഷങ്ങൾ വായിക്കാം

സോഷ്യല്‍ മീഡിയയില്‍ പുതുതരംഗമായി മാറിയ ക്ലബ്ബ്ഹൗസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘കവിതാലയം’ നൂറുനാള്‍ പിന്നിടുന്നു. ‘ കവിതാലയം നൂറാം ലയം’ എന്ന് പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികളുടെ തുടക്കം നൂറാം ദിവസമായ ഇന്നലെ കവിതാലയം തീംസോങ് പ്രകാശനം ചെയ്തു കൊണ്ട് പ്രശസ്ത മോഹനവീണ വിദ്വാനും കവിയുമായ പോളിവര്‍ഗീസ് നിര്‍വ്വഹിച്ചു. ഇന്നത്തെ ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം കവി കെ ജി ശങ്കരപ്പിള്ള നിര്‍വ്വഹിക്കും. കവികളായ കല്‍പ്പറ്റ നാരായണന്‍, കുരീപ്പുഴ ശ്രീകുമാര്‍, തുടങ്ങി പത്തോളം കവികള്‍ മുഖ്യാതിഥികള്‍ പങ്കെടുക്കുമെന്ന് പ്രോഗാം കോ ഓര്‍ഡിനേറ്റര്‍ ഷഹസാദ് അറിയിച്ചു.

ആരംഭിച്ചത് മുതല്‍ തുടര്‍ച്ചയായി ഇരുപത്തിനാല് മണിക്കൂറും കവിതയും അനുബന്ധ ചര്‍ച്ചകളുമായി പ്രവര്‍ത്തിക്കുന്ന സമാന്തര സാഹിത്യ സാംസ്‌കാരികവേദിയാണ് കവിതാലയം. സാഹിത്യ മണ്ഡലത്തില്‍ കവിതാലയം അതിന്റെ ചരിത്രം രേഖപ്പെടുത്തുന്നുന്നതായി സംഘാടകര്‍ അറിയിച്ചു.

കവിതയോടും ജീവിതത്തോടും കലഹിക്കുകയും, പ്രണയിക്കുകയും ചെയ്യുന്ന സുമനസ്സുകളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് കവി കെ സി അലവിക്കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് ക്ലബ്ഹൗസില്‍ ‘കവിതാലയം’ തുറന്നത്. പ്രശസ്തരായ കെ ജി ശങ്കരപ്പിള്ള, കല്‍പ്പറ്റ നാരായണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാര്‍, സച്ചിദാനന്ദന്‍ പുഴങ്കര, ശിവകുമാര്‍ അമ്പലപ്പുഴ, പോളി വര്‍ഗ്ഗീസ്, ഡോണ മയൂര, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെ പി എ സമദ്, എ പി അഹ്മദ്, ഡോ.ഫസല്‍ ഗഫൂര്‍ തുടങ്ങി പൊതുമണ്ഡലത്തില്‍ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടേറെ കവികളെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച സാഹിത്യ സദസ്സുകള്‍ക്കാണ് ‘കവിതാലയം’ വേദിയായത്.

ക്ലബ് ഹൗസില്‍ത്തന്നെ അത്ഭുതമായികൊണ്ടിരിക്കുന്ന ‘കവിതാലയം’, കഴിഞ്ഞ 100 ദിവസങ്ങളായി 24 മണിക്കൂറും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കവികള്‍ക്കും കവിതാസ്വാദകര്‍ക്കുമായി തുറന്നു വച്ചിരിക്കുകയും, എല്ലാ എഴുത്തുകാര്‍ക്കും തുല്യ പങ്കാളിത്തമുള്ള ഇടമായി വളരുകയുമാണെന്ന് പ്രധാന സംഘാടകരില്‍ ഒരാളായ രാജന്‍ ചിറ്റാര്‍ പറഞ്ഞു. കവിതകളുടെ എഴുത്ത്, വായന, അവതരണം, ആലാപനം, എന്നിങ്ങനെയുള്ള എല്ലാ കാവ്യരൂപങ്ങളെയും ‘കവിതാലയം’ ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം അറിയിച്ചു.

കവിതാലയത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ മാഗസിന്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് തായിഫ് അഹമ്മദ് പറഞ്ഞു. കേരളത്തിലെ മുഴുവന്‍ എഴുത്തുകാരുടെയും പിന്തുണയുണ്ടാകണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

വെള്ളിയാഴ്ചകളില്‍ വൈകിട്ട് ഇന്ത്യന്‍ സമയം 8 മുതല്‍ 10 വരെ ലോകകവിത, ഇന്ത്യന്‍ കവിത, കേരള കവിത എന്നീ തലക്കെട്ടുകളില്‍ കവിതകളുടെ ആസ്വാദനത്തിനായി സെമിനാറുകള്‍ നടത്തുന്നുണ്ട്.

ലോക കവിതകള്‍ ആസ്പദമാക്കി ആഴ്ച തോറും നടക്കുന്ന പ്രത്യേക സെഷനില്‍ അമരി ബറാക്ക, ഖലീല്‍ ജിബ്രാന്‍, ലൂയിസ് ഗ്ലിക്ക്, റൂമി, എഡ്വവേര്‍ഡ് ജയിംസ് ഹ്യൂഗ്‌സ്, പെസാവോ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ കൃതികളും ജീവിതവും ചര്‍ച്ച ചെയ്യപ്പെട്ടു.
ജയന്‍ കെ സി, ശ്രീകുമാര്‍. കെ, തായിഫ് അഹമ്മദ്, സുദേവ് ബാണത്തൂര്‍, എസ്.രാജീവ്, ഡോ.രോഷ്‌നി സ്വപ്ന എന്നിവര്‍ വിഷയം അവതരിപ്പിച്ചു .

ഭാരതകവിത ചര്‍ച്ചകളില്‍ വിശ്രുത ഇന്ത്യന്‍ കവികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ടാഗോറിന്റെ ഗീതാഞ്ജലി, നാരായണന്‍ കാരനാട്ടും, സാഹിര്‍ ലുധിയാന്‍ വിയുടെ കവിതയും ജീവിതവും KPA സമദും, ഇക്ബാല്‍ കവിതയിലെ ദേശീയതയും അധ്യാത്മികതയും ഡോ.ഫസല്‍ ഗഫൂറും, തമിഴ് കവി എന്‍.എ. മുത്തുകുമാറിന്റെ കവിതയും ജീവിതവും, ദേശാന്തരി/ജീന്‍ എന്നിവരും, ദളിത് കവി ശരണ്‍കുമാര്‍ ലിംബാലയുടെ കവിതയും ജീവിതവും ഡോ. രോഷ്‌നി സ്വപ്നയും അവതരിപ്പിച്ചു.

കേരള കവിത ചര്‍ച്ചയില്‍ പുനലൂര്‍ ബാലന്‍, സുഗതകുമാരി, വയലാര്‍, വൈലോപ്പിള്ളി, ഇടശ്ശേരി, എം.ഗോവിന്ദന്‍, ഡി. വിനയചന്ദ്രന്‍, കടമ്മനിട്ട, കുമാരനാശാന്‍ എന്നീ കവികളുടെ കൃതികള്‍ ചര്‍ച്ചാവിഷയമായി. അമ്പലപ്പുഴ ശിവകുമാര്‍, മാധവന്‍ പുറച്ചേരി, സി.എം വിനയചന്ദ്രന്‍, ശരത് ചന്ദ്രന്‍, എസ് രാജശേഖരന്‍, എസ് ജോസഫ്, മുകുന്ദന്‍ ആതവനാട്, ഡോ.എം.മനോജ്, ചായം ധര്‍മ്മരാജന്‍, ഡോ.ബീന, ഡോ.സുഹാസിനി എന്നിവരാണ് വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചത്.

‘സമാഹാരങ്ങളിലൂടെ’ എന്ന തലക്കെട്ടില്‍ നടത്തിയ പുസ്തക ചര്‍ച്ചകളും കവിതാലയത്തിനു പുതിയ അനുഭവമായി. സുഹ്റ പടിപ്പുരയുടെ ‘ഇന്ത്യ എന്റെ രാജ്യമാണ്’, പി.ആര്‍ രതീഷിന്റെ ‘നട്ടുച്ചയുടെ വിലാസം’ എന്നീ പുസ്തകങ്ങള്‍ ഫൈസല്‍ ബാവയും, പി കുഞ്ഞിരാമന്‍ നായരുടെ ‘പൊയ്‌പ്പോയ പൊന്നോണം’ സുനിലയും, മുഈയ്‌നുദ്ദീന്‍ രചിച്ച ‘താക്കോല്‍ക്കൂട്ടം,’ സച്ചിദാനന്ദന്‍ പുഴങ്കരയും, ബഹിയയുടെ ‘കസായിപ്പുരയിലെ ആട്ടിന്‍കുട്ടികള്‍’ മുനീര്‍ അഗ്ര ഗ്രാമിയും അവതരിപ്പിച്ചു സംസാരിച്ചു.

മറ്റു പ്രധാന പരിപാടികള്‍

ലൂയിസ് പീറ്റര്‍ സ്മൃതിയിറങ്ങി വരുന്നു

ലൂയിസ് പീറ്ററുടെ കവിതകള്‍ ജീവിതത്തിന്റെ വഴികാട്ടികളും വിപ്ലവാത്മകവും ആണെന്ന് സഖാവ് എം സ്വരാജ് പറഞ്ഞു. കവിതാലയം സംഘടിപ്പിച്ച ‘സ്മൃതിയിറങ്ങി വരുന്നു’ എന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന ബോധത്തില്‍ നിന്ന് തന്നെയാണ് ലോഗോയോസ് കവിതകള്‍ ഉണ്ടായിട്ടുള്ളതെന്ന് ശ്രീമതി ഡോളി ലൂയിസ് പറഞ്ഞു. കുരീപ്പുഴ ശ്രീകുമാര്‍, സി എം വിനയചന്ദ്രന്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

സ്വാതന്ത്ര്യ കവിതകള്‍

വര്‍ത്തമാനകാല ഇന്ത്യയുടെ ചിത്രം വരച്ചു ചേര്‍ത്തതായിരുന്നു കവിതാലയം സംഘടിപ്പിച്ച സ്വാതന്ത്ര്യ കവിതകള്‍. 2021 ആഗസ്റ്റ് 15-ന് കവിതാലയത്തില്‍ സംഘടിപ്പിച്ച പരിപാടി കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എസ് ജോസഫ്, ശിവകുമാര്‍ അമ്പലപ്പുഴ , എം ബി മനോജ് തുടങ്ങി നിരവധി പേര്‍ കവികള്‍ കവിതകള്‍ അവതരിപ്പിച്ചു.

പെണ്ണെഴുത്തുകള്‍

വിദ്യാഭ്യാസവും സ്വതന്ത്ര ചിന്തയും ഉണ്ടെങ്കില്‍ മാത്രമേ ഇനിയുള്ള കാലം കുട്ടികളെ നേരായ നിലയില്‍ വളര്‍ത്തുവാന്‍ കഴിയുകയുള്ളുവെന്ന് ഖദീജ ഉമ്മ പറഞ്ഞു. ശരിയായ വിദ്യാഭ്യാസം നേടാന്‍ എല്ലാവരും തയാറാകണമെന്നും ‘ഉമ്മുമ്മ’ എന്നപേരില്‍ കവിതകള്‍ എഴുതുന്ന ഖദീജ കൂട്ടിച്ചേര്‍ത്തു. കവിതാലയത്തിന്റെ ‘പെണ്ണെഴുത്തുകള്‍’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മലയാളകവിതയില്‍ പെണ്‍കരുത്ത് തെളിയിച്ച ഉജ്ജ്വല പരിപാടി ആയിരുന്നു ഇതെന്ന് സംഘാടകര്‍ അറിയിച്ചു.

നിരോധിക്കപ്പെട്ട എഴുത്തുകള്‍

ഡല്‍ഹി യൂണിവേഴ്‌സിറ്റി സിലബസ്സില്‍ നിന്നും ഒഴിവാക്കിയ എഴുത്തുകള്‍ക്കെതിരെ വന്‍ പ്രതിഷേധം കവിതാലയത്തില്‍ സംഘടിപ്പിച്ചു. തമിഴ് കവികളായ സുകൃതറാണി, ആധവന്‍, സല്‍മ, ദേശാന്തരി തുടങ്ങി മലയാളത്തിലെയും തമിഴിലെയും നിരവധി എഴുത്തുകാര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടി പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. എസ് കണ്ണന്‍, സി എന്‍ കുമാര്‍, സി എം വിനയചന്ദ്രന്‍, ശ്രീജിത്ത് അരിയല്ലൂര്‍, രെജി ശങ്കര്‍ തുടങ്ങിയ കവികള്‍ പങ്കെടുത്ത പ്രതിഷേധം ശക്തമായിരുന്നെന്ന് കവി സി എസ് രാജേഷ് അഭിപ്രായപ്പെട്ടു.

അധ്യാപകദിനത്തില്‍ അധ്യാപകരെ ആദരിച്ച ‘അ ആ ഇ ഈ’, ‘തുയിലുണരുക ‘ എന്നീ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയ പരിപാടി, ഉപകരണസംഗീതങ്ങള്‍ മഴയായി പെയ്തിറങ്ങിയ സംഗീത നിശ, സംഗീത സന്ധ്യയായ പാട്ടുറുമാല്‍ എന്നിവ ‘സണ്‍ഡേ സപ്ലിമെന്റ്’ എന്ന് പേരിട്ട പരിപാടികളില്‍ ചിലതാണെന്ന് സംഘാടകര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: