നഴ്‌സുമാർക്ക് സന്തോഷ വാർത്ത; അയർലൻഡിലെ ആരോഗ്യപ്രവർത്തകർക്കുള്ള സഹായധന പ്രഖ്യാപനം അടുത്ത മാസത്തെ ബജറ്റിൽ

അയര്‍ലന്‍ഡിലെ കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ മാസങ്ങളായി ആവശ്യപ്പെടുന്ന ബോണസ് സംബന്ധിച്ച് ഈ വരുന്ന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ്. കോവിഡ് മാഹാമാരിയെ പ്രതിരോധിക്കാനായി നിസ്വാര്‍ത്ഥസേവനം നടത്തുന്ന മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായധനം നല്‍കാനായി INMO അടക്കമുള്ള സംഘടനകള്‍ പലകുറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഒക്ടോബര്‍ 12-ന് അവതരിപ്പിക്കുന്ന ബജറ്റില്‍ Public Expenditure Minister Michael McGrath സഹായധനം (recognition payment) സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റത്തവണ നല്‍കപ്പെടുന്ന രീതിയിലാകും ഈ സഹായം. അതേസമയം സര്‍ക്കാരിലെ മൂന്ന് രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ ധാരണയിലെത്തേണ്ടതുണ്ട്.

വാര്‍ഷിക അവധി, മോണിറ്ററി പേയ്‌മെന്റ് എന്നിങ്ങനെ രണ്ട് രീതിയിലാകും സഹായം നല്‍കുക എന്നാണ് വിവരം. ഇതുവഴി ഖജനാവിന് മില്യണ്‍ കണക്കിന് യൂറോയുടെ അധികബാധ്യതയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.

മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള സഹായം പ്രഖ്യാപിക്കാത്തതിനെത്തുടര്‍ന്ന് ലേബര്‍ കോടതിയെ സമീപിക്കുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, സഹായം ഇനിയും വൈകിപ്പിക്കുന്നത് ബുദ്ധിയല്ല എന്നതിനാലാണ് വരുന്ന ബജറ്റില്‍ ഇതും കൂടി ഉള്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ വക്താവ് പറയുന്നത്. സര്‍ക്കാരിനെതിരെ ആരോഗ്യമേഖലയില്‍ നിന്നും വ്യാപകമായ രോഷപ്രകടനമുണ്ടായതും അനുകൂല തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി.

അതേസമയം ഒറ്റത്തവണയുള്ള ധനസഹായത്തിന് അര്‍ഹരായവര്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക ദുഷ്‌കരമായേക്കുമെന്നും സൂചനയുണ്ട്. മുന്‍നിര പ്രവര്‍ത്തകര്‍ എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമല്ലെന്നും, ഗാര്‍ഡ, പ്രിസണ്‍ ഓഫിസര്‍മാര്‍ അടക്കം ധാരാളം പേരുണ്ടെന്നതുമാണ് കാരണം. ഒപ്പം കോവിഡ് കാലം അവസാനിച്ചിട്ടില്ല എന്നതും വിഷയം സങ്കീര്‍ണ്ണമാക്കുന്നു.

ഈ സഹായധനം ബജറ്റിലെ മറ്റ് കാര്യങ്ങള്‍ക്കായുള്ള വകയിരുത്തലില്‍ കുറവുണ്ടാക്കില്ലെന്നും, ഈ വര്‍ഷത്തെ വരുമാനത്തില്‍ നിന്നും തുക കണ്ടെത്താനാകും മന്ത്രി ശ്രമിക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും കമ്മിയായ ബജറ്റാകും അവതരിപ്പിക്കപ്പെടുക.

Share this news

Leave a Reply

%d bloggers like this: