ഫിൻഗ്ലാസ്സിലേയ്ക്ക് ലുവാസ് സർവീസ് നീട്ടാനുള്ള പദ്ധതി പുരോഗമിക്കുന്നു; അന്തിമ രൂപരേഖ ആഴ്ചകൾക്കകം

പ്രദേശവാസികളുടെ യാത്രാസൗകര്യത്തിന് വലിയ രീതിയില്‍ സഹായകമാകുന്ന ലുവാസ് സര്‍വീസ്, ഫിന്‍ഗ്ലാസിലേയ്ക്ക് നീട്ടാനുള്ള പദ്ധതി പുരോഗമിക്കുന്നു. പദ്ധതിയുടെ അന്തിമരൂപരേഖ സംബന്ധിച്ച് വരുന്ന ആഴ്ചകളില്‍ തന്നെ തീരുമാനമെടുക്കുമെന്ന് Transport Infrastructure Ireland (TII) അറിയിച്ചിരിക്കുകയാണ്. നേരത്തെ പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ചില അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ TII തീരുമാനിച്ചിരുന്നു.

നിലവിലെ ലുവാസ് റൂട്ട് പ്ലാന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ ഏതാനും ആശങ്കകള്‍ പങ്കുവച്ചിരുന്നുവെന്നും, ഇത് കണക്കിലെടുത്ത് അന്തിമ പദ്ധതി സമര്‍പ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രദേശത്തെ TD-യും Fianna Fail അംഗവുമായ Paul McAuliffe പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ക്ക് കഴിയുന്ന രീതിയില്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ രണ്ടാം ഘട്ട പൊതുജനാഭിപ്രായം തേടും. പ്രകൃതിയെ പദ്ധതി എത്തരത്തിലാണ് ബാധിക്കുകയെന്നും വരുന്ന ആഴ്ചകളില്‍ കൂടുതല്‍ പഠനം നടത്തും.

നിലവിലെ റൂട്ടിന്റെ രൂപരേഖ

ലുവാസ് ദീര്‍ഘിപ്പിക്കാനുദ്ദേശിക്കുന്ന റൂട്ടിലെ മണ്ണ്, പാറ, ഭൂഗര്‍ഭജലം, മണ്ണിലെ മാലിന്യങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ഇത് സംബന്ധിച്ച പ്രവൃത്തികള്‍ Ground Investigations Ireland-നെ ഏല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. 15 ദിവസത്തോളം ഇതിന് വേണ്ടിവന്നേക്കും.

ഗ്രൗണ്ട് ഇന്‍വെസ്റ്റിഗേഷന്‍ ജോലികളെപ്പറ്റി എന്തെങ്കിലും സംശയങ്ങളോ, നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ 014819332 എന്ന നമ്പറിലോ, paul.mcauliffe@oir.ie എന്ന ഇമെയിലിലോ ബന്ധപ്പെടാമെന്ന് TD McAuliffie അറിയിച്ചു.

ലുവാസ് പദ്ധതിയെപ്പറ്റി കൂടുതലറിയാന്‍: www.luasfinglas.ie.

Share this news

Leave a Reply

%d bloggers like this: