നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ബീച്ചിൽ ഇടിച്ചിറക്കി; വെക്സ്ഫോർഡിൽ ഒഴിവായത് വൻദുരന്തം; പൈലറ്റിന് അഭിനന്ദനം

കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബീച്ചില്‍ ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് 5.10-ഓടെയായിരുന്നു Carnsore Point-ലെ ബീച്ചില്‍ അപകടം നടന്നത്. അതേസമയം പൈലറ്റിന്റെ മനസ്സാന്നിദ്ധ്യമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

അപകടം നടന്നയുടന്‍ ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുകയും, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. HSE ആംബുലന്‍സിലാണ് രണ്ട് പേരെ ആശുപത്രിയിലെത്തിച്ചത്. Carnsore/Rosslare Coast Guard unit, Dunmore East Lifeboat എന്നിവയും സഹായത്തിനെത്തി.

രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ട എഞ്ചിനുകളുള്ള Vulcanair P68 എന്ന ചെറുവിമാനമാണ് സാങ്കേതികപ്പിഴവ് സംഭവിച്ചതോടെ കോസ്റ്റ് ഗാര്‍ഡിനെ ബന്ധപ്പെട്ടത്. കോസ്റ്റ് ഗാര്‍ഡ എത്തുമ്പോഴേയ്ക്കും വിമാനം നിലംപതിച്ചിരുന്നു. മനസ്സാന്നിദ്ധ്യത്തോടെ സാഹചര്യം കൈകാര്യം ചെയ്ത പൈലറ്റ് വന്‍ ദുരന്തമുണ്ടാകാതെ വിമാനം ബീച്ചില്‍ ഇടിച്ചിറക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ സ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്. Air Accident Investigation Unit, Irish Aviation Authority എന്നിവ കൂടുതല്‍ പരിശോധനകള്‍ നടത്തും. അപകടം ഉണ്ടാകാനുള്ള കാരണത്തെപ്പറ്റി അന്വേഷിക്കുകയാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു.

comments

Share this news

Leave a Reply

%d bloggers like this: