കോവിഡ് കാലത്ത് PPE കിറ്റ് പോലുമില്ലാതെ ജോലിയെടുത്തു, കടുത്ത വെല്ലുവിളികൾക്കിടെയും സേവനസന്നദ്ധരായി; ആരോഗ്യപ്രവർത്തകർ അർഹിക്കുന്നത് കൂടുതൽ പരിഗണന

അയര്‍ലന്‍ഡില്‍ കോവിഡ് കാലത്ത് നിസ്വാര്‍ത്ഥസേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിഫലമായി ഒരു അവധിദിനം നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് യൂണിയന്‍ വക്താവ് Tony Fitzpatrick. ഇവര്‍ മഹാമാരിക്കാലത്ത് വലിയ വെല്ലുവിളികള്‍ നേരിട്ടാണ് സേനമനുഷ്ഠിച്ചതെന്നും സര്‍ക്കാരിനുള്ള ഓര്‍മ്മപ്പെടുത്തലായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു പൊതുഅവധിദിനം, 30 സെന്റ് മിനിമം വേതന വര്‍ദ്ധന എന്നിവയാണ് പുതിയ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുക എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് Fitzpatrick-ന്റെ പ്രതികരണം വരുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഠിനാദ്ധ്വാനത്തിന് അര്‍ഹിച്ച പരിഗണന ലഭിക്കണമെന്ന് ഏറെ നാളായി വിവിധ യൂണിയനുകള്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ ഒരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒറ്റത്തവണയായി സഹായധനം, അധിക ലീവ് എന്നിവ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനമെടുക്കാന്‍ HSE സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് Fitzpatrick ആവശ്യപ്പെട്ടു.

മുന്‍നിര പ്രവര്‍ത്തകര്‍ക്ക് അടുത്ത രണ്ട് വര്‍ഷം അധിക ലീവ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അധികമായി ഒരു ദിവസത്തെ അവധി നല്‍കുന്നത് മാത്രം മതിയാകില്ലെന്ന് Fórsa, INMO, IMO, Siptu യൂണിയനുകള്‍ക്കായി സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്ന യൂണിയന്‍ പ്രതിനിധികൂടിയായ Fitzpatrick സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

വടക്കന്‍ അയര്‍ലന്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 500 യൂറോയും, ഫ്രാന്‍സില്‍ 1,500 യൂറോയും സര്‍ക്കാര്‍ നല്‍കിയ കാര്യം Fitzpatrick ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ സഹായധനം നല്‍കുമെന്ന പ്രതീക്ഷ പങ്കുവച്ച കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ 32,000 ആരോഗ്യപ്രവര്‍ത്തരെ കോവിഡ് പല തരത്തില്‍ ബാധിച്ചു. ഇതില്‍ ആയിരക്കണക്കിന് പേര്‍ക്ക് രോഗം ബാധിച്ചു. തുടക്കകാലത്ത് PPE കിറ്റുകള്‍ പോലുമില്ലാതെ ജോലി ചെയ്യേണ്ടിവന്നു, Fitzpatrick പറഞ്ഞു.

പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് 1% ശമ്പളവര്‍ദ്ധന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് അടുത്ത വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. അടുത്ത വര്‍ഷത്തോടെ ഇത് 2% ആക്കി ഉയര്‍ത്തും.

അതേസമയം എല്ലാവര്‍ക്കും 10 ദിവസത്തെ അവധി നല്‍കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. HSE- കണക്ക് പ്രകാരം 377 മില്യണ്‍ യൂറോയാണ് സഹായധനത്തിന് ചെലവ് വരിക. പക്ഷേ സഹായധനത്തിനായി 1 ബില്യണ്‍ യൂറോ ചെലവ് വരുമെന്നാണ് Public Expenditure Minister Michael McGrath പറയുന്നത്.

Share this news

Leave a Reply

%d bloggers like this: