ജർമ്മൻ പൊതുതെരഞ്ഞെടുപ്പ്; ചാൻസലർ ആംഗല മെർക്കലിന്റെ പാർട്ടിക്ക് തോൽവി; ഇടത് പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്സ് സർക്കാർ രൂപീകരണത്തിന്

ജര്‍മ്മന്‍ ചാന്‍സലറെ തെരഞ്ഞെടുക്കുന്ന 2021 ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ Christian Democratic Union of Germany (CDU)-ക്കെതിരെ ഇടതുപക്ഷാനുഭാവ പാര്‍ട്ടിയായ Social Democrats (SPD)-ന് നേരിയ വിജയം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 25.7 ശതമാനവും 206 സീറ്റുകളും SPD നേടിയപ്പോള്‍, 196 സീറ്റുകളില്‍ വിജയിച്ച CDU-വിന് 24.1% വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് SPD തെരഞ്ഞെടുപ്പ് വിജയിച്ചതായി പ്രഖ്യാപനം വന്നു. അതേസമയം സര്‍ക്കാരുണ്ടാക്കാനായി ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കൂട്ടുകക്ഷികളുമായുള്ള ചര്‍ച്ചകള്‍ SPD ഉടന്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ചര്‍ച്ചകള്‍ പൂര്‍ത്തിയായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഴ്ചകളോ, മാസങ്ങളോ തന്നെ എടുത്തേക്കാനും സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പിലെ മറ്റ് പാര്‍ട്ടികളുടെ കക്ഷിനില ഇങ്ങനെ:
ഗ്രീന്‍ പാര്‍ട്ടി 118 സീറ്റുകള്‍ (14.8% വോട്ട്), ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (FDP) 92 (11.5%), ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മ്മനി (AfD) 83 (10.3%), ദി ലെഫ്റ്റ് 39 (4.9%), മറ്റുള്ളവര്‍ 1 സീറ്റ് (8.7%).

കഴിഞ്ഞ 16 വര്‍ഷങ്ങളായി ഭരണത്തില്‍ തുടരുന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കിലന് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഒരു ദേശീയ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് ഇത്രയും കുറവ് വോട്ട് ശതമാനം ലഭിക്കുന്നത്. അതേസമയം 2017 തെരഞ്ഞെടുപ്പില്‍ 20.5% വോട്ടുകള്‍ മാത്രം നേടിയ SPD-ക്ക് വലിയ കുതിപ്പുമാണ് ഈ ഫലം.

‘വോട്ടര്‍മാര്‍ കൃത്യമായി സംസാരിച്ചിരിക്കുന്നു, അവര്‍ മൂന്ന് പാര്‍ട്ടികളെയാണ് ശക്തിപ്പെടുത്തിയിരിക്കുന്നത്- സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, ഗ്രീന്‍ പാര്‍ട്ടി, ഫ്രീ ഡെമോക്രാറ്റ്‌സ് എന്നിവയെ.’ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം SPD നേതാവായ ഓലാഫ് ഷോള്‍സ് പറഞ്ഞു.

‘ഈ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് അടുത്ത സര്‍ക്കാരിനെ നയിക്കണമെന്നാണ് ജനം ദൃഢമായി ആഗ്രഹിക്കുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

63-കാരനായ ഷോള്‍സ് ഇക്കഴിഞ്ഞ മെര്‍ക്കല്‍ സര്‍ക്കാരില്‍ വൈസ് ചാന്‍സലറായും, ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. SPD പിന്തുണയോടെയായിരുന്നു അവസാന മെര്‍ക്കല്‍ സര്‍ക്കാരിന്റെ ഭരണം. പുതിയ സര്‍ക്കാരില്‍ ഷോള്‍സ് തന്നെ ചാന്‍സലറാകുമെന്നാണ് പ്രതീക്ഷ.

comments

Share this news

Leave a Reply

%d bloggers like this: