യു.കെയിൽ ഇന്ധനമെത്തിക്കാൻ ടാങ്കർ ഡ്രൈവർമാരില്ല; ക്ഷാമം ഭയന്ന് പെട്രോൾ പമ്പുകളിൽ കാറുകളുടെ നീണ്ട നിര; ടാങ്കറുകളിൽ സൈനിക ഡ്രൈവർമാരെ ഉപയോഗിക്കാൻ സർക്കാർ

യു.കെയില്‍ ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നതിനെത്തുടര്‍ന്ന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍, പമ്പുകളില്‍ ഇന്ധനമെത്തിക്കാനായി സൈന്യത്തെ തയ്യാറാക്കി സര്‍ക്കാര്‍. രാജ്യത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനമെത്തിക്കുന്ന ടാങ്കറുകളിലെ ഡ്രൈവര്‍മാര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഇത് പമ്പുകളില്‍ ആവശ്യത്തിന് ഇന്ധനമെത്തിക്കുന്നതിന് തടസമാകുന്നു. അതേസമയം ഇന്ധനദൗര്‍ലഭ്യത മുന്നില്‍ക്കണ്ട് വാഹന ഉടമകള്‍ ധാരാളമായി പെട്രോളും ഡീസലും മറ്റും അടിക്കാനാരംഭിച്ചതോടെ രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഇത്തരത്തില്‍ ക്ഷാമം ഉണ്ടായേക്കുമെന്ന ഭയത്തില്‍ കാറുകളും മറ്റും പമ്പുകള്‍ക്ക് മുന്നില്‍ ഇന്ധനത്തിനായി മണിക്കൂറുകളോളം കാത്തുകിടക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ആവശ്യത്തിന് ഇന്ധനം ലഭിച്ചേക്കില്ലെന്ന ഭയത്താല്‍ പലരും ഫുള്‍ ടാങ്ക് നിറയ്ക്കുന്ന സ്ഥിതിയുമുണ്ടായി. ഇതോടെ രാജ്യത്ത് പല പമ്പുകളിലും ഇന്ധനക്ഷാമം അനുഭവപ്പെടുകയും ചെയ്തു. വലിയ ട്രാഫിക് ബ്ലോക്കുകള്‍ക്കും ഇത് കാരണമായി.

പോലീസ്, ആംബുലന്‍സ്, ആരോഗ്യപ്രര്‍ത്തകര്‍, അദ്ധ്യാപകര്‍ തുടങ്ങിയ മുന്‍നിര ജോലിക്കാര്‍ക്കൊന്നും സമയത്ത് ഇന്ധനം നിറയാക്കാനോ, കൃത്യമായി ജോലിക്കെത്താനോ സാധിക്കാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്.

രാജ്യത്തെ ടാങ്കര്‍ ഡ്രൈവര്‍മാരുടെ എണ്ണക്കുറവ് പരിഹരിക്കാനായി 5,000 വിദേശഡ്രൈവര്‍മാര്‍ക്ക് ഉടനടി താല്‍ക്കാലിക വിസ നല്‍കുമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുമ്പ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഡ്രൈവര്‍മാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അതുവരെ സൈന്യത്തില്‍ ജോലി ചെയ്യുന്ന മിലിട്ടറി ടാങ്കര്‍ ഡ്രൈവര്‍മാരെ ഉപയോഗിച്ച് ഇന്ധനമെത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വേണ്ടിവന്നാല്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് വാണിജ്യ സെക്രട്ടറി Kwasi Kwarteng-ഉം പറഞ്ഞു. സൈനിക ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയ ശേഷമായിരിക്കും ദൗത്യത്തിന് നിയോഗിക്കുക.

അതേസമയം രാജ്യത്ത് ഇന്ധനക്ഷാമം അല്ല ഉള്ളതെന്നും, ഉള്ള ഇന്ധനം പമ്പുകളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കാത്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം 100,000-ഓളം ഡ്രൈവര്‍മാരുടെ കുറവ് മേഖലയിലുണ്ടെന്നാണ് പമ്പുടമകള്‍ പറയുന്നത്. കോവിഡ് കാരണം പലരും മറ്റ് ജോലികള്‍ തേടിപ്പോയതാണ് ഇത്തരമൊരു കുറവുണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. EU-വില്‍ നിന്നും ബ്രിട്ടന്‍ പുറത്തുവന്നതോടെ വിദേശികളായ ധാരാളം ഡ്രൈവര്‍മാര്‍ക്ക് രാജ്യം വിടേണ്ടതായും വന്നു. ബ്രെക്‌സിറ്റിന് ശേഷം EU പൗരന്മാരായാലും വിസയില്ലാതെ യു.കെയില്‍ തുടരാനാകില്ലെന്ന് നിയമം വന്നിരുന്നു. ഇത് മേഖലയിലെ ഡ്രൈവര്‍മാര്‍ക്ക് വലിയ ക്ഷാമമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: