അയർലൻഡ് മഞ്ഞുകാലത്തോട് അടുക്കുന്നു; മഞ്ഞുകാല പനിയെ ചെറുക്കാൻ ഫ്‌ളൂ വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രി; രോഗംബാധിച്ച് ഓരോ വർഷവും മരണപ്പെടുന്നത് 500 പേർ വരെ

രാജ്യം മഞ്ഞുകാലത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രായം ചെന്ന എല്ലാവരോടും ഫ്‌ളൂ വാക്‌സിനെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. 65 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി ഫ്‌ളൂ വാക്‌സിന്‍ ലഭിക്കുന്നതാണ്. അതോടൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍, രണ്ടിനും, 17-നും വയസിനിടയില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും.

ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവരും സൗജന്യ വാക്‌സിനേഷന് അര്‍ഹരാണെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡിന് പുറമെ രാജ്യത്തെ ആരോഗ്യസംവിധാനത്തെ താറുമാറാന്‍ കെല്‍പ്പുള്ള മറ്റ് വൈറസുകളും ഉണ്ടെന്ന കാര്യം മറക്കരുതെന്ന് ഡോനലി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഉയര്‍ന്നനിരക്കില്‍ വാക്‌സിനേഷന്‍ നല്‍കാമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ മഞ്ഞുകാലത്തും രാജ്യത്ത് 200 മുതല്‍ 500 വരെ പേരാണ് പനി ബാധിച്ച് മരണപ്പെടുന്നത്. മഞ്ഞുകാലത്തെ പനി ഗുരുതരമായ അസുഖമാണെന്നും, ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ആരോഗ്യവിദഗദ്ധര്‍ വ്യക്തമാക്കുന്നു. 65-ന് മേല്‍ പ്രായമുള്ളവരെയാണ് രോഗം കാര്യമായി ബാധിക്കുക.

അതേസമയം ഫ്‌ളൂ വാക്‌സിന്‍ കോവിഡിനെ ചെറുക്കില്ലെന്നും, അതിനാല്‍ രണ്ട് വാക്‌സിനുകളും എടുക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. രണ്ട് വാക്‌സിനും ഒരേസമയം എടുക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: