ഖബറിടങ്ങൾ അദ്ധ്യായം 2: മൂന്നാം പക്കം

ഇരുട്ടുവീണു, മരിച്ചുപോയ പോത്തിന്റെ പ്രേതം തൊഴുത്തിനടുത്തു കുത്തിയിരുന്നു- തന്റെ മരണത്തിന് കള്ളസാക്ഷി പറഞ്ഞ പോക്കര്‍ ഹാജിയെ പേടിപ്പിക്കാന്‍. കൂമന്റെ ജാഗ്രതയോടെ ഇരയെത്തേടി നടന്നവര്‍, പകല്‍ വെളിച്ചത്തില്‍ അന്ധരായിരുന്നു. സൃഷ്ടി, അത് അത്ഭുതം തന്നെയാണ്.

‘അല്‍ഹം ദുലില്ലാ ഹില്ലദി അഹ്യന ബഅദ് മാ അമാതന വാ ഇലയ്ഹി ന്നുഷൂര്‍…’ ദുആ ചൊല്ലി കയ്യിക്കുട്ടിയുമ്മ എഴുന്നേറ്റു. മുഖത്തൂതി, വിരലുകളാല്‍ മുഖം പതിയെ തടവി ജീവിതം ദീര്‍ഘിപ്പിച്ചതിന് പടച്ചതമ്പുരാനോട് നന്ദി പറഞ്ഞു. കയ്യിക്കുട്ടിയുമ്മ എഴുന്നേല്‍ക്കുന്നതറിഞ്ഞാണ് പള്ളിയില്‍ ബാങ്കുകള്‍ പോലും ശബ്ദമുണ്ടാക്കുന്നത്.

‘റസിയാ… ആ നിസ്‌കാരപ്പായ ഇങ്ങ് എടുത്തോളീ…’ കുളിമുറിയിലേക്ക് പോകുന്നവഴി പറഞ്ഞു.

പതിവുപോലെ നേരത്തെ വിളിച്ചെണീപ്പിച്ച സങ്കടം മാപ്പിളയായ സുലൈമാന്റെ തലയില്‍ നാലു കിഴുക്കുകളായി പ്രഹരിച്ചു. ആരെയൊക്കെയോ പുലഭ്യം പറഞ്ഞ് റസിയ എഴുന്നേറ്റു. നല്ലപോലെ വുദു ചെയ്ത് കയ്യിക്കുട്ടിയുമ്മ വന്നപ്പോഴേക്കും നിസ്‌ക്കാരപ്പായ റെഡി.

കാലം കറുത്തിരുണ്ട് ചേക്കേറിയ അമിനോടന്‍ തറവാടിന്റെ ഓടുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യവെളിച്ചം കയ്യിക്കുട്ടിയുമ്മയുടെ ശരീരത്തില്‍ തട്ടിത്തടവി നിന്നു. വെള്ളവസ്ത്രം പുതച്ചു നില്‍ക്കുന്ന അവരെ കണ്ടാല്‍ ശരിക്കും ഒരു ഹൂറിയെന്നേ പറയൂ. ‘എല്ലാം നിനക്കായ് നല്‍കപ്പെട്ടിരിക്കുന്നു, തരുന്നതും, തിരിച്ചെടുക്കുന്നതും നീ തന്നെയാണ്. മരണശേഷം എന്നെ ജീവിപ്പിക്കുന്നതും നീയാണ്. നിന്നിലേക്കാണ് മടക്കവും.’

കയ്യിക്കുട്ടിയുമ്മയ്ക്ക് നാല് മക്കളാണ്. മൂത്തത് മൂന്നും ആണ്, ഇളയത് ജമീല. ആണ്മക്കളില്‍ മൂത്തത് സുലൈമാന്‍, പിന്നെ ജബ്ബാര്‍, മൂസാന്‍ എന്നിങ്ങനെ. സുലൈമാന് രണ്ടു പെണ്മക്കളാണ്- ഹസീന, സൈന. ജബ്ബാറിനും, മൂസാനും ഓരോ ആണും പെണ്ണും വീതം. ജമീലയ്ക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. അതിന്റെ അലോഹ്യം കൊണ്ടാവണം അന്ത്രു ഇപ്പൊ സ്വന്തം വീട്ടിലാണ് താമസം. അംഗരാജ്യത്തു മഴ പെയ്യിക്കാന്‍ വരുന്ന ഋഷ്യശൃംഗനെപ്പോലെ ഇടക്ക് വരും, യാഗം ചെയ്തു മഴപെയ്യിക്കാന്‍. ഗുണമില്ലെന്നറിഞ്ഞതില്‍ പിന്നെ കുറച്ചുകാലത്തേക്ക് ആ വഴിക്കില്ല.

സീനത്ത് പറഞ്ഞതാണ് ഡോക്ടറെ പോയി കാണാന്‍, പക്ഷെ അന്ത്രു സമ്മതിച്ചില്ല. കൊയ്മുണ്ട തറവാട്ടില്‍ ആണുങ്ങളാണ് പെണ്ണുങ്ങള്‍ക്ക് ഗര്‍ഭമുണ്ടാക്കുന്നേ, അല്ലാണ്ടെ ഡോക്ടറല്ല,- അതാണ് മൂപ്പരുടെ പക്ഷം. ആര് കേള്‍ക്കാന്‍. പണ്ടൊരിക്കെ ബല്ലാണ്ടെ ആഗ്രഹം മൂത്തപ്പോ ജമീല രണ്ടും കല്‍പ്പിച്ചു പറഞ്ഞു. അയിന്റെ നീര് ഇപ്പോളും നടു വിട്ടു മാറീട്ടില്ല. അന്ത്രു ഇടക്ക് പറയും, 

‘അന്നേ ഞമ്മള് ബാപ്പനോട് പറഞ്ഞതാണ് പെണ്ണുങ്ങള് എടപാട് നടത്തുന്ന വീട്ടിന്നു ബന്ധം വേണ്ടാന്ന്. മച്ചി പെണ്ണിനെ തീറ്റിപ്പോറ്റേണ്ട ഗതികേട്.’

എല്ലാം കേട്ട്, സങ്കടങ്ങളുടെ ഉറവകള്‍ ഒളിപ്പിക്കുന്ന ഒരു വലിയ മലയായ് മാറും ജമീല, ഒരു തുള്ളിപോലും തുളുമ്പാതെ. എല്ലാം മറന്ന് അന്ത്രൂന് കോയിബിരിയാണി ഇണ്ടാക്കി കൊടുക്കും.

നിശബ്ദതയുടെ താഴ്വരയിലെങ്ങോ മുങ്ങിപ്പോയ നിര്‍മ്മിതിയാണ് ജമീല. കയ്യിക്കുട്ടിയുമ്മ ഭരിച്ചിട്ടും അവര്‍ക്ക് അങ്ങനെ പഠിക്കാനേ കഴിഞ്ഞുള്ളൂ. സീനത്ത് ഒളിഞ്ഞും തെളിഞ്ഞും ജമീലയോട് പറഞ്ഞിട്ടുണ്ട്, ‘അന്റെ ഉമ്മ കാരണാ നീ കൊണം പിടിക്കാതെന്ന്. അല്ലേലും പോത്തിനെ വെട്ടാന്‍ വന്ന അറവുകാരന് ജമീലയെ കെട്ടിച്ചു കൊടുക്കോ.’

എല്ലാം കേട്ട് ജമീല തലകുലുക്കും, വിധേയത്വത്തിന്റെ ഘടിക സൂചിപോലെ.

അന്ത്രു ശരിക്കും ഒരു പോത്തായിരുന്നു. ചെളിയില്‍ കിടക്കാന്‍ കൊതിക്കുന്ന അസ്സല് ഒരു പോത്ത്.

‘അന്ത്രു ഉമ്മാക്കാ ചേരണേ’ എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നും, പക്ഷെ അവള്‍ക്ക് കഴിഞ്ഞില്ല. വൈകാതെ അന്ത്രു മരിക്കും എന്നുമാത്രം അവള്‍ വിശ്വസിച്ചു.

പണ്ടൊരിക്കല്‍ ശാരദ ടീച്ചര്‍ എന്നോട് ചോദിച്ചിട്ടുണ്ട് ‘നിന്റെ മുലകള്‍ വെളിച്ചം കണ്ടാല്‍ പ്രസവിക്കൊടീ പെണ്ണേ’ എന്ന്. മുലകള്‍ വെളിച്ചം കാണണം എന്ന് ശാരദ ടീച്ചര്‍ പറഞ്ഞത് അന്ത്രൂനെ കെട്ടിക്കഴിഞ്ഞാണ് ജമീലയ്ക്ക് മനസിലായത്. അത് കേട്ട് ഞാനും സീനത്തും നാണിച്ചു നിക്കും.

‘ഏറ്റവും വലിയ അസംഘടിത തൊഴിലാളി വര്‍ഗ്ഗമാണ് സ്ത്രീകള്‍ എന്നും, അവരെ സംഘടിക്കാന്‍ അനുവദിക്കാത്തതാണെന്നും, വിഘടിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുന്ന പുരുഷ സ്വാര്‍ഥതയുടെ ഇരകളായി ഇനിയും മാറരുതെന്നും,’ ‘ മുരിക്കുമരത്തിന്റെ  ക്യാപ്പിറ്റലിസം’ എന്ന തന്റെ പുസ്തകത്തില്‍ ശാരദ ടീച്ചര്‍ എഴുതി.

ആ വരികള്‍ വീണ്ടും വീണ്ടും ജമീല വായിച്ചു. എന്നിട്ട് പെട്ടന്ന് ഉറക്കെ ഒരു ചിരി. ചിരിയുടെ കനം കൂടി കൂടി വന്നു. ചിരിയുടെ ശബ്ദം കേട്ട് റസിയ റൂമിലേക്ക് കേറിവന്നു.

‘എന്താടീ ജമീലാ, ഇയ്യ് ഇങ്ങനെ ചിരിക്കണേ…’

റസിയ കണ്ടതും ജമീലയുടെ ചിരിയുടെ കനം കൂടി.

കൗതുകം മൂത്ത റസിയ അവളുടെ അടിവയറ്റില്‍ ഇക്കിളിയുണ്ടാക്കി ‘എന്താടീ…’

ചിരിയാടാക്കാനാവാതെ ജമീല പറഞ്ഞു,

‘ അന്ത്രു… ഹാ… ഹാ…അന്ത്രു…’ വീണ്ടും ഉറക്കെ ചിരിച്ചു.

‘അന്ത്രൂന് എന്താടീ?’ റസിയയുടെ ക്ഷമ നശിച്ചു.

ചിരികള്‍ക്കിടയിലൂടെ ജമീല പറഞ്ഞു, ‘അന്ത്രൂന്റെ തലയുള്ള പോത്ത്… ന്റെ റസിയേ… നമ്മടെ ചത്തുപോയ പോത്തിനെ കാണാന്‍ അന്ത്രൂനെ പോലില്ലേ എന്ന് ഞമ്മക്ക് ഒരു സംശയം… ആ മൂക്കിലെ രോമവും, നാറ്റവും, പിന്നെ മുരണ്ടു മുരണ്ടുള്ള ഓന്റെ ആ വരവും… ഓന്‍ തന്നെ…’

ജമീല പൊട്ടിച്ചിരിച്ചു.

‘അള്ളാ അന്റെ മാപ്പിള അല്ലെടീ ഓന്‍’ റസിയയും ഒപ്പം കൂടി.

നിശബ്ദതയുടെ ഇരുണ്ട മുറികള്‍ക്കിടയിലൂടെ അവരുടെ ചിരികള്‍ ഒഴുകിനടന്നു. ജനാലകളോളമെത്തി അവ ചിതറി വീണു. അവയ്ക്ക് പുറത്തുകടക്കാന്‍ അനുവാദമില്ലായിരുന്നു.

തുടരെ തുടരെ ആലോചനകള്‍ മുടങ്ങിയതിനൊടുവിലാണ് സീനത്തിന് ഒരാലോചന ശരിയായത്. പാരിപ്പന്‍കടവിലോട്ട് പോകുന്നവഴി പള്ളികഴിഞ്ഞാല്‍ തേക്കണ്ടിയില്‍ അഹമ്മദ് കുട്ടീടെ കട, പിന്നീട് വരുന്ന കുന്നിറക്കത്തില്‍ മൂന്നാമത്തെ വീടാണ് സീനത്തിന്റെ. പാരിപ്പന്‍കടവിന് ഒരു പാലം ഇല്ലാത്തത് മഹിഷപട്ടണത്തെ ആഭ്യന്തര പ്രശ്‌നം തന്നെയായിരുന്നു. കാട്ടാടുംകുന്നുമുക്കില്‍ കെട്ടുപ്രായം കഴിഞ്ഞ പെണ്‍പിള്ളേര്‍ കൂടിവരാന്‍ തുടങ്ങി. അതുകൊണ്ടു സഖാവ് ഗോവിന്ദന്‍ മാഷും, കുഞ്ഞിക്കണ്ണന്‍ മാഷും ഒരു പാലത്തിനായ് അലമുറയിട്ടുകൊണ്ടേയിരുന്നു. അക്കാലത്ത് പൊള്ള് വില്‍ക്കാന്‍ അഴിപ്പുഴയും കടന്ന്, ഇരിക്കങ്ങാടി പട്ടണത്തിലേക്ക് മൂസാന്‍ പോകുമ്പോ, കാട്ടാടുംകുന്നിലെ മാതാപിതാക്കളുടെ ആളലും, ആവലാതിയും കൂടെപേറിയാണ് പോയിരുന്നത്. അതിനയാള്‍ക്ക് പ്രതിഫലം കിട്ടിയിരുന്നു. ഒരു ദിവസം കച്ചോടം, രണ്ടു ദിവസം കാട്ടാടുംകുന്നിലേക്ക് മാപ്പിളമാരെ തേടല്‍. മൂസയും, ഒപ്പം കാട്ടാടുംകുന്നും മാപ്പിളമാരെ തേടി…

ആമിനപ്ലാവിന്റെ  ചോട്ടില്‍ സഖാക്കളായ ഗോവിന്ദന്‍, കോരന്‍, നസീര്‍ എന്നിവര്‍ കല്യാട്ട് അധികാരിയുടെ അരിച്ചാക്കും കൊണ്ടുവരുന്ന തോണി ആക്രമിക്കാന്‍ തീരുമാനിച്ച അതേ ദിവസം… അന്നുതന്നെയാണ് സീനത്തിനും ഒരു ചെക്കനെ കിട്ടുന്നത്. കയ്യിക്കുട്ടിയുമ്മയുടെ അനിയന്‍ അണ്ടി ഇബ്രാഹിമിന്റെ മകളാണ് സീനത്ത്. ഇബ്രാഹിമിന് അണ്ടിക്കച്ചോടാമായിരുന്നു പണി. സ്വത്തിന്റെയും, ഭരണത്തിന്റെയും പേരില്‍ തെറ്റി ഇബ്രാഹിം ദൂരെ ആണ് താമസിക്കുന്നത്. പള്ളിക്കമ്മറ്റിയിലെ മാപ്പിള കമ്മ്യൂണിസ്റ്റുകളില്‍ പ്രധാനിയായിരുന്നു ഇബ്രാഹിം. അതുകൊണ്ടും കൂടിയാവണം പോത്തിനെ വിഷം കൊടുത്തു കൊന്നതും. പണ്ടൊരിക്കല്‍ ഒരു പള്ളിക്കമ്മറ്റിയില്‍ പോക്കര്‍ ഹാജിയെ ‘ചേലക്കുള്ളിലെ ചാളേ’ എന്ന് വിളിച്ചു കളിയാക്കിയതില്‍ പിന്നെ രണ്ടുപേരും ഭീകരമായ ശത്രുക്കളാണ്.

സീനത്തിന്റെ കല്യാണം കുറച്ചു വൈകിയെങ്കിലും നല്ലപോലെ നടത്താന്‍ തന്നെ ഇബ്രാഹിം തീരുമാനിച്ചു. സീനത്തിന്റെ അടുത്ത സുഹൃത്തും, മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമാണ് ഹസീന, സുലൈമാന്റെ മൂത്തമോള്‍. ഹസീന പഠിച്ചിരുന്നത് ജാമില ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഡല്‍ഹിലായിരുന്നു. ഹസീനയെ പഠിക്കാന്‍ കയ്യിക്കുട്ടിയുമ്മ സമ്മതിച്ചത് ഉപ്പയായ സുലൈമാന് പോലും അത്ഭുതമായിരുന്നു. ഹസീനയോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു കയ്യിക്കുട്ടിയുമ്മയ്ക്ക്. അവളൊരു ഹൂറിയാണെന്നായിരുന്നു കയ്യിക്കുട്ടിയുമ്മ പറയാറ്.

സീനത്തിന്റെ കല്യാണ ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. പൊള്ള് മൂസാന്‍ തന്റെ കടമ കൃത്യമായി നിര്‍വ്വഹിച്ചു. ജീവിതം പലനിറത്തിലും മിന്നിത്തിളങ്ങുന്നതാണ് എന്നറിയാവുന്ന കൊണ്ടാവണം ഏതോ പന്തല് പണിക്കാരന്‍ അത്തരം ബള്‍ബുകള്‍ കണ്ടുപിടിച്ചത്. സുറുമയിട്ട്, മൈലാഞ്ചിയിട്ട് സീനത്ത് മൊഞ്ചത്തിയായി. ഇബ്രാഹിം അവിടെയും ഇവിടെയും ഓടിനടന്നു. ആകെ തിരക്കും മേളവും. കൂറ്റന്‍ പ്രഹരങ്ങള്‍ക്കൊടുവില്‍ പെട്രോമാക്‌സുകള്‍ ചിരിച്ചു. എന്നും കരയിപ്പിച്ചിട്ടുള്ള പുരുഷ കേസരികള്‍ ഒരു ഉള്ളിയുടെ മുന്നില്‍ കരഞ്ഞിരിക്കുന്നതു കണ്ട് ജമീലയക്ക് കൗതുകം തോന്നി. അടുത്തജന്മത്തില്‍ ഒരു ഉള്ളിയായാല്‍ മതിയെന്ന് ജമീല ഉറപ്പിച്ചു.

‘ഡീ സീനത്തേ, ഹസീന വരുമോ?’

‘വരുമെന്നാ പറഞ്ഞേ…’ ജമീലക്ക് കണ്ണുകള്‍ കൊണ്ട് സീനത്ത് മറുപടി പറഞ്ഞു.

ദൂരെനിന്നും ഒരു മോട്ടോര്‍ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമായിരുന്നു. അന്ന് അത്തരം വാഹനങ്ങള്‍ സ്വന്തമായി ഉള്ളതും, അതില്‍ വരുന്നതും പോകുന്നതും സര്‍ക്കസുകാര്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെയാവും എല്ലാവരും ആകാംക്ഷയോടെ കാതോര്‍ത്തു. ശബ്ദം അടുത്തടുത്തു വന്നു. അത് കല്യാണ വീട്ടിലേക്കാണെന്നു മനസിലായി. ഇരുട്ടിന്റെ വിടവിലൂടെ മോട്ടോര്‍ ബൈക്കിന്റെ പ്രകാശം വീടിന്റെ വാതിക്കല്‍ മിന്നിമറയുന്നത് അവര്‍ കണ്ടു. പൊടുന്നനെ ആ ശബ്ദം ഇല്ലാതായി. ശിവദാസനും, മൂസ്സാനും, ലതയും, സീനത്തും എന്നുവേണ്ട സകലരും ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്നു.

അവര്‍ നോക്കി നില്‍ക്കേ, ഒരു നിഴല്‍ വെളുത്ത പന്തല്‍ തുണിയില്‍ വിരിഞ്ഞുവരാന്‍ തുടങ്ങി. അത് വലുതായി വലുതായി വന്നു. മെലിഞ്ഞ ശരീരം, കയ്യില്‍ എന്തോ ഭാണ്ഡക്കെട്ടുണ്ട്.

‘ഇതു മങ്ങാടന്‍ തന്നെ,’ ശിവദാസന്‍.

‘ഇയ്യ് എന്ത് മണ്ടത്തരാ പറയണേ ശിവദാസാ… മങ്ങാടന്‍ ഇപ്പൊ സ്‌കൂട്ടറില് ആണോ വരണേ…’

‘ഇതിപ്പോ ആരാ?’ ജമീല ആകാംക്ഷയുടെ ആക്കം കൂട്ടി.

പ്രതീക്ഷയുടെ ആള്‍പ്പെരുപ്പം ആ രൂപത്തെ ഭീകരമാക്കി.

എല്ലാവരും നോക്കിനില്‍ക്കെ ആ രൂപം പ്രത്യക്ഷപ്പെട്ടു, നടന്നു മുറ്റത്തേക്കു കയറി.

‘ഹസീന!’ സീനത്തിന്റെ കൂറ്റന്‍ അലര്‍ച്ച.

‘പടച്ചോനേ, ഹസീന മോളാ…’ ഇബ്രാഹിം ഒപ്പം ചേര്‍ന്നു.

ഹസീനയെ കണ്ടതും പൊള്ള് മൂസാന്‍ പെട്ടന്ന് അപ്രത്യക്ഷനായി. എല്ലാവരും അമ്പരന്ന് തന്നെ നോക്കുന്നത് കണ്ട ഹസീന തെല്ലൊന്ന് പകച്ചു.

കൂട്ടം പിരിഞ്ഞപ്പോഴേക്കും നേരം വളരെ വൈകി. ആഘോഷവും, സംസാരവും മടങ്ങിപ്പോയ കല്യാണരാവിന്റെ കനത്ത നിശബ്ദതയില്‍ സീനത്തും, ഹസീനയും, ഇബ്രാഹിമും മാത്രം ബാക്കിയായി.

‘അന്നെ വീട്ടില്‍ കേറ്റുമെന്ന് തോന്നുണ്ടോ?’ നിശ്ബദയെ ഭഞ്ജിച്ച് ഇബ്രാഹിം ചോദിച്ചു.

‘അതിന് കേറിത്താമസിക്കാന്‍ വന്നയാണോ ആറ്റാ ഞാന്‍, ഏറിയാല്‍ ഒരാഴ്ച്ച, കാര്യങ്ങള്‍ പറഞ്ഞ് ഞാന്‍ മടങ്ങും. എപ്പോഴും അമിനോടന്‍ തറവാട്ടിന് മുന്നില്‍ അനുവാദത്തിനായി കാത്തുനില്‍ക്കാന്‍ എനിക്ക് വയ്യ.’

‘ആരൊക്കെ സമ്മതിച്ചാലും അന്റെ ഉമ്മുമ്മ സമ്മതിക്കൂന്ന് തോന്നുണ്ടോ അനക്ക്?’

‘ഇല്ല, എനിക്കറിയാം. ഉമ്മയും ബാപ്പയും മറുത്തൊന്നും ഉമ്മുമ്മയോട് പറയുകയുമില്ല. ഇനി സമ്മതിച്ചില്ലേലും ഞാന്‍ ഡല്‍ഹിക്ക് മടങ്ങും.’

‘എന്നാലും…’ ഇബ്രാഹിം തന്റെ നിസ്സഹായാവസ്ഥ രേഖപ്പെടുത്തി.

‘പിന്നെ ഈ ഇരുട്ടില്‍ ജീവിക്കണം എന്നാണോ ആറ്റ പറയണേ? ബാപ്പയോടും ഉമ്മയോടും പറയണം എന്ന് തോന്നി, അതാ വന്നത്.’

‘ഇനി പോത്തിനെ കൊന്നപോലെ എന്നെയും വിഷം തന്നു കൊല്ലേണ്ടിവരും… അല്ലാതെ ഇനി എനിക്ക് ഒരു മടക്കമില്ല.’ ഹസീനയുടെ വാക്കുകള്‍ കനത്തു.

‘നീ അരുതാത്ത ഒന്നും ചിന്തിക്കണ്ട, പോയ് കിടന്നോ…’

അവര്‍ അകത്തേക്കു കേറിയപ്പോള്‍ ഇബ്രാഹിം ഇരുട്ടിലേക്കിറങ്ങി. അരയില്‍ നിന്നും ഒരു ബീഡി എടുത്ത് കത്തിച്ചു. മനസ്സില്‍ എന്തൊക്കെയോ മന്ത്രിച്ചു. പുകച്ചുരുളുകള്‍ പോലെ അയാളുടെ മനസ്സില്‍ ആവലാതികള്‍ ഉരുണ്ടുകയറി.

വിഷം തിന്നു മരിച്ച പോത്തിന്റെ മൂന്നാം പക്കം, മരണത്തിന്റെ മൂന്നാം പക്കം. ഇരുട്ടിലെവിടെനിന്നോ ഒരു പോത്തിന്റെ അമര്‍ച്ച അയാള്‍ കേട്ടു. അയാള്‍ ഒരു നീളന്‍ പുക ഇരുട്ടിലേക്ക് ഊതിയിറക്കി.

(തുടരും)

Share this news

Leave a Reply

%d bloggers like this: