കനത്ത ജോലിഭാരവും, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യവും; ഡബ്ലിൻ Connolly Hospital നഴ്‌സുമാരുടെ പ്രതിഷേധം ഇന്ന്

കനത്ത ജോലിഭാരം സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും, സുരക്ഷിതമല്ലാത്ത തൊഴില്‍സാഹചര്യം നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഡബ്ലിന്‍ Connolly Hospital-ലെ നഴ്‌സുമാര്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 1 മണിയോടെ ആശുപത്രിയുടെ പ്രധാന കവാടത്തിലാണ് പ്രതിഷേധ പരിപാടി.

ആശുപത്രിയിലെ ഈ പ്രശ്‌നങ്ങള്‍ കാരണം രോഗികളെ കൃത്യമായി പരിചരിക്കാന്‍ സാധിക്കുന്നില്ലെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനായി ആശുപത്രി മാനേജ്‌മെന്റുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അനുകൂലനടപടികളൊന്നുമുണ്ടായില്ലെന്ന് INMO-യും പറയുന്നു.

അമിതമായ ജോലിഭാരമാണ് നഴ്‌സുമാര്‍ക്ക് ഇപ്പോഴുള്ളതെന്നും, മഞ്ഞുകാലം അടുത്തുകൊണ്ടിരിക്കെ കോവിഡ് ഇപ്പോഴും ഭീഷണിയുയര്‍ത്തുകയാണെന്നും INMO ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫിസര്‍ മോറിസ് ഷീഹാന്‍ പറഞ്ഞു. ജോലിക്കാരുടെയും, രോഗികളുടെയും സുരക്ഷ ഉറപ്പുവരുത്താനായി ആശുപത്രി അധികൃതര്‍ അടിയന്തര നടപടകളെടുക്കണം. അതിന് സാധിച്ചില്ലെങ്കില്‍ എല്ലാവരുടെയും സുരക്ഷയെ കരുതി ആശുപത്രിയിലെ പല സേവനങ്ങളും കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാരണം ആശുപത്രിയിലെ അത്യാവശ്യമല്ലാത്ത ഏതാനും സേവനങ്ങള്‍ അധികൃതര്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നടപടി വീണ്ടും കൈക്കൊള്ളേണ്ടതുണ്ടെന്ന സൂചനയാണ് ഷീഹാന്‍ നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: