നെടുമുടി വേണു അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സ്വഭാവനടന്മാരിലൊരാളും, അഭിനയപ്രതിഭയുമായ നെടുമുടി വേണു (73) അന്തരിച്ചു. അസുഖബാധിതനായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് മുൻപ് കോവിഡ് ബാധിച്ചിരുന്നു.

500-ലേറെ സിനിമകളില്‍ നിറഞ്ഞാടിയ നെടുമുടിയുടെ അഭിനയവും, ശൈലിയും ഒരിക്കല്‍പ്പോലും പ്രേക്ഷകരെ മുഷിപ്പിച്ചില്ല എന്നതിലൂടെ തന്നെ ആ അതുല്യകലാകാരന്റെ പ്രതിഭയുടെ ആഴമളക്കാം. രണ്ട് ദേശീയ അവാര്‍ഡുകളും, ആറ് സംസ്ഥാന പുരസ്‌കാരങ്ങളും ആ പ്രതിഭയ്ക്ക് മാറ്റുകൂട്ടി.

1948 മെയ് 22-ന് ആലപ്പുഴയിലെ നെടുമുടിയില്‍ പി.കെ കേശവന്‍ പിള്ള- കുഞ്ഞിക്കുട്ടിയമ്മ ദമ്പതികളുടെ മകനായാണ് ജനനം. നാടകരംഗത്തുനിന്നും സിനിമയിലെത്തിയ അദ്ദേഹം നായകനായും, വില്ലനായും, സഹനടനായും അഞ്ച് പതിറ്റാണ്ടോളം ചലച്ചിത്രരംഗത്ത് തിളങ്ങി. മലയാളത്തിന് പുറമെ തമിഴ് സിനിമാ രംഗത്തും പ്രശസ്തി നേടി. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലെ വേഷമായിരുന്നു ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്.

‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്ത ‘ചെറുക്കനും പെണ്ണും’ എന്ന ഹ്രസ്വചിത്രമാണ് നെടുമുടിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്.

Share this news

Leave a Reply

%d bloggers like this: