മതിയായി ഈ അവഗണന; തൊഴിൽ സാഹചര്യവും സുരക്ഷയും മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി Dublin Connolly Hospital-ന് മുന്നിൽ ശക്തമായ പ്രതിഷേധം നടത്തി നഴ്‌സുമാർ

കനത്ത ജോലിഭാരം സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും, സുരക്ഷിതമല്ലാത്ത തൊഴില്‍സാഹചര്യം നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഡബ്ലിന്‍ Connolly Hospital-ലെ നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. INMO-യുടെ പിന്തുണയോടെ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു പ്രതിഷേധ പരിപാടി.

ആശുപത്രിയിലെ ഈ പ്രശ്നങ്ങള്‍ കാരണം രോഗികളെ കൃത്യമായി പരിചരിക്കാന്‍ സാധിക്കുന്നില്ലെന്നും, അത് വലിയ അപകടങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നും നഴ്സുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പലതവണ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആശുപത്രി അധികൃതര്‍ ഉദാസീനത തുടര്‍ന്നതോടെയാണ് ശക്തമായ സന്ദേശമെന്ന നിലയ്ക്ക് പ്രതിഷേധപരിപാടി നടത്താന്‍ നഴ്‌സുമാര്‍ തയ്യാറായത്.

പ്രശ്നപരിഹാരത്തിനായി ആശുപത്രി മാനേജ്മെന്റുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അനുകൂലനടപടികളൊന്നുമുണ്ടായില്ലെന്ന് INMO-യും പറയുന്നു.

അമിതമായ ജോലിഭാരമാണ് നഴ്സുമാര്‍ക്ക് ഇപ്പോഴുള്ളതെന്നും, മഞ്ഞുകാലം അടുത്തുകൊണ്ടിരിക്കെ കോവിഡ് ഇപ്പോഴും ഭീഷണിയുയര്‍ത്തുകയാണെന്നും INMO ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫിസര്‍ മോറിസ് ഷീഹാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോലിക്കാരുടെയും, രോഗികളുടെയും സുരക്ഷ ഉറപ്പുവരുത്താനായി ആശുപത്രി അധികൃതര്‍ അടിയന്തര നടപടകളെടുക്കുകയോ, അതിന് സാധിച്ചില്ലെങ്കില്‍ സുരക്ഷയെ കരുതി ആശുപത്രിയിലെ പല സേവനങ്ങളും കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറാകുകയോ ചെയ്യണമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

കോവിഡ് കാരണം ആശുപത്രിയിലെ അത്യാവശ്യമല്ലാത്ത ഏതാനും സേവനങ്ങള്‍ അധികൃതര്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നടപടി വീണ്ടും കൈക്കൊള്ളേണ്ടതുണ്ടെന്ന സൂചനയാണ് ഷീഹാന്‍ നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: