ഐറിഷ് സർക്കാരിന്റെ പൊതുബജറ്റ് 2022; പ്രധാന പ്രഖ്യാപനങ്ങളും, വിശദമായ വിലയിരുത്തലും

മീഹോള്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് പരിസമാപ്തി. ധനമന്ത്രി പാസ്‌കല്‍ ഡോണഹു Dail-ല്‍ ഇന്ന് ഉച്ചയോടെ അവതരിപ്പിച്ച ബജറ്റിന് മേല്‍ സഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണ്.

2022 സാമ്പത്തിക ബജറ്റിന്റെ പ്രധാന പ്രഖ്യാനങ്ങള്‍ ഇവ:

– തൊഴിലാളികള്‍ക്ക് ആശ്വാസമായി മിനിമം വേതനത്തില്‍ വര്‍ദ്ധന. മണിക്കൂറില്‍ 30 സെന്റ് വര്‍ദ്ധിപ്പിച്ചതോടെ പുതിയ മിനിമം വേതനം 10.50 യൂറോ ആയി.

– ജോബ് സീക്കര്‍ അലവന്‍സ് അടക്കമുള്ള തൊഴില്‍ സഹായധനങ്ങളില്‍ ആഴ്ചയില്‍ 5 യൂറോയുടെ വര്‍ദ്ധന.

– സര്‍ക്കാര്‍ പെന്‍ഷനുകളില്‍ 5 യൂറോ വര്‍ദ്ധന.

– ബാക്ക്-ടു-സ്‌കൂള്‍ അലവന്‍സ് 10 യൂറോ വര്‍ദ്ധിപ്പിച്ചു.

– ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കുള്ള അലവന്‍സില്‍ 3 യൂറോ വര്‍ദ്ധന.

– 12 വയസിന് താഴെയുള്ള ‘qualified child’ വകയില്‍ ലഭിക്കുന്ന ധനസഹായം 2 മുതല്‍ 40 യൂറോ വരെ വര്‍ദ്ധിപ്പിച്ചു. 12 വയസിന് മേലുള്ള കുട്ടികള്‍ക്ക് 3 മുതല്‍ 48 യൂറോ വരെ സഹായവര്‍ദ്ധനയും പ്രഖ്യാപിച്ചു.

– കോവിഡ് കാലത്ത് നഷ്ടം നേരിടുന്ന ബിസിനസുകാരെ സഹായിക്കാനായി ഏര്‍പ്പെടുത്തിയ Employment Wage Subsidy Scheme (EWSS) 2022 ഏപ്രില്‍ 30 വരെ തുടരുമെന്ന പ്രഖ്യാപനം വലിയ ആശ്വസമാകും.

– ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ സഹായിക്കാനായി ഹീറ്റര്‍, വൈദ്യുതി, ബ്രോഡ്ബാന്‍ഡ് ബില്ലുകളില്‍ ഇളവ്. നിങ്ങള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇവയുടെ ബില്ലിന്റെ 30% വരെ തിരികെ ലഭിക്കാനായി അപേക്ഷ നല്‍കാം.

– വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വ്വേകാനായി 980 അദ്ധ്യാപകര്‍, 1,165 സ്‌പെഷ്യല്‍ നീഡ് അസിസ്റ്റന്റ്‌സ് എന്നിവരെ നിയമിക്കും. ക്ലാസുകളുടെ വലിപ്പം കുറയ്ക്കുന്നതിന്റെ ഭാഗമായി 350 അധിക ടീച്ചര്‍ പോസ്റ്റുകള്‍ സൃഷ്ടിക്കുന്നതും ഇതില്‍പ്പെടും. വിദ്യാഭ്യാസ മേഖലയ്ക്ക് 9.2 മില്യണ്‍ യൂറോ അനുവദിക്കും.

വിദ്യാഭ്യാസം സൗകര്യപ്രദമാക്കാന്‍ രാജ്യത്തുടനീളം 3,320 Central Applications Office (CAO)-കള്‍ കൂടി സ്ഥാപിക്കും.

– Susi student grants-നുള്ള യോഗ്യത കട്ട് ഓഫ് 1,000 യൂറോ ആയി വര്‍ദ്ധിപ്പിക്കും. ഇതോടെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും.

– രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന vacant sites levy-ക്ക് പകരമായി പുതിയ Zoned Land Tax സംവിധാനം ആവിഷ്‌കരിക്കാന്‍ തീരുമാനം.

– 110g/km-ല്‍ അധികം പുക പുറന്തള്ളുന്ന കാറുകളുടെ ടാക്‌സ് 1 മുതല്‍ 4% വരെ വര്‍ദ്ധിപ്പിക്കും.

– ഇത്തവണത്തെ ബജറ്റിലെ ഏറ്റവും പ്രധാനപ്രഖ്യാപനങ്ങളിലൊന്ന് 19 മുതല്‍ 23 വരെ പ്രായക്കാരായ എല്ലാവര്‍ക്കും പൊതുഗതാഗതസംവിധാനങ്ങളില്‍ ടിക്കറ്റ് തുകയില്‍ 50% ഇളവ് എന്നതാണ്. യുജനങ്ങളെ പൊതുഗതാഗതം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.

– സിഗരറ്റിന്റെ നികുതി വര്‍ദ്ധിപ്പിച്ചു. 20 സിഗരറ്റുകളുള്ള പാക്കിന് 50 സെന്റ് ആണ് നികുതി വര്‍ദ്ധന. ഇതോടെ ഒരു പാക്കിന് 15 യൂറോ വരെയാകും പുതിയ വില.

– രാജ്യത്തെ ആറ്, ഏഴ് വയസുള്ള കുട്ടികള്‍ക്കും ഇനിമുതല്‍ സൗജന്യ ജിപി (ജനറല്‍ പ്രാക്ടീഷണര്‍) സേവനം ലഭ്യമാകും.

– ചെറിയ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സന്തോഷവാര്‍ത്ത. അടുത്ത ഓഗസ്റ്റ് മുതല്‍ രണ്ട് ആഴ്ച കൂടി അധിക പാരന്റല്‍ ലീവ് അനുവദിക്കും.

– ആഴ്ചയിലുള്ള ഫ്യുവല്‍ അലവന്‍സില്‍ 5 യൂറോ വര്‍ദ്ധന. വര്‍ദ്ധന ഉടനടി നടപ്പില്‍ വരുത്തും.

കോവിഡ് പ്രതിരോധം

കോവിഡിനെ നേരിടാനായി 4 ബില്യണ്‍ യൂറോ വകയിരുത്തിയതായി ഡോണഹു പറഞ്ഞു. EWSS അടക്കമുള്ള നീട്ടാനായി ഈ തുക ഉപയോഗപ്പെടുത്തും. നേരത്തെ പ്രഖ്യാപിച്ച ഹീറ്റര്‍, വൈദ്യുതി, ബോഡ്ബാന്‍ഡ് ബില്ലുകളിലെ ഇളവ് ഔദ്യോഗികമായി നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രഭാഷണത്തില്‍ പറഞ്ഞു.

ടാക്സ്

ഇന്‍കം ടാക്‌സ് പാക്കേജായി 520 മില്യണ്‍ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്. Personal tax credit, employee tax credit, earned income credit എന്നിവ 50 യൂറോ വീതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അധിക ടാക്‌സ് അടയക്കാനുള്ള മിനിമം തുക 1,500 യൂറോ ആക്കിയും വര്‍ദ്ധിപ്പിച്ചു.

Universal Social Charge (USC)-ലെ സെക്കന്‍ഡ് ബാന്‍ഡില്‍ പെടുന്നവരുടെ പരമാവധി വരുമാനം 20,687 യൂറോയില്‍ നിന്നും 21,295 യൂറോയായി വര്‍ദ്ധിപ്പിക്കും. അതേസമയം മെഡിക്കല്‍ കാര്‍ഡ് ലഭിക്കാനുള്ള പരമാവധി USC തുക 60,000 യൂറോ തന്നെയായി തുടരും.

ക്ഷേമധനസഹായം

സഹായധനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 558 മില്യണ്‍ യൂറോയുടെ വെല്‍ഫെയര്‍ പാക്കേജ് പ്രഖ്യാപിച്ചു. തൊഴിലന്വേഷകര്‍ അടക്കമുള്ളവര്‍ക്കുള്ള സഹായം വര്‍ദ്ധിപ്പിക്കാനും, back-to-school allowance, weekly fuel allowance എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കാനും ഈ തുക പ്രയോജനപ്പെടുത്തും.

പാർപ്പിട പ്രതിസന്ധി

രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധിക്ക് പരിഹാരം കാണാനായി അടുത്ത അഞ്ച് വര്‍ഷത്തിനിടെ 20 ബില്യണ്‍ യൂറോ ചെലവിടുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ 174 മില്യണ്‍ ഉപയോഗിച്ച് 2022-ല്‍ 4,000 അഫോര്‍ഡബിള്‍ ഹൗസുകള്‍ നിര്‍മ്മിക്കും.

Help-to-buy പദ്ധതി 2022 വരെ ഇതേ നിരക്കില്‍ തുടരും.

വാട്ടര്‍ സര്‍വീസ് മേഖലയില്‍ അടുത്ത വര്‍ഷം 1.6 ബില്യണ്‍ യൂറോ നിക്ഷേപിക്കും.

കാലാവസ്ഥാ നിയന്ത്രണം

അയര്‍ലന്‍ഡിന്റെ കാലാവസ്ഥാ നിയന്ത്രണപദ്ധതികള്‍ക്കായി 700 മില്യണ്‍ യൂറോ വകയിരുത്തി.

കാര്‍ബണ്‍ ടാക്‌സില്‍ 7.50 യൂറോ വര്‍ദ്ധിപ്പിക്കും. ഇതോടെ 60 ലിറ്ററിന്റെ പെട്രോള്‍ ടാങ്കിന് 1.28 യൂറോയും, ഡീസലിന്റെ 60 ലിറ്റർ ടാങ്കിന് 1.48 യൂറോയും വര്‍ദ്ധിക്കും.

കാര്‍ ടാക്‌സ്

ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കിവരുന്ന 5,000 യൂറോ ടാക്‌സ് (VRT) ഇളവ് 2023 അവസാനം വരെ തുടരാന്‍ തീരുമാനം.

വാഹനങ്ങളുടെ പുക പുറന്തള്ളലിന്റെ അളവനുസരിച്ച് ടാക്‌സില്‍ മാറ്റം. 111g/km മുതല്‍ 130g/km വരെ പുറന്തള്ളുന്ന വാഹനങ്ങളുടെ ടാക്‌സില്‍ 1% വര്‍ദ്ധന. 131g/km മുതല്‍ 145g/km ഉള്ളവയ്ക്ക് 2%, 146g/km-ന് മേല്‍ പുക പുറന്തള്ളുന്ന വാഹനങ്ങള്‍ക്ക് 4% ടാക്‌സ് വര്‍ദ്ധന. ജനുവരി 1 മുതല്‍ പുതിയ ടാക്‌സ് നിരക്ക് നിലവില്‍ വരും.

ബിസിനസ് മേഖല

Employment Investment Incentive scheme മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി വര്‍ദ്ധിപ്പിക്കും. 30% expenditure rule എടുത്തുകളയാനും, നടപടിക്രമങ്ങള്‍ ലളിതമാക്കാനും തീരുമാനം.

Innovation Equity Fund-നായി 30 മില്യണ്‍ യൂറോ നല്‍കും.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള കോര്‍പ്പറേറ്റ് ടാക്‌സ് ഇളവ് 2026 വരെ നീട്ടാനും തീരുമാനം.

ആരോഗ്യം

ആരോഗ്യമേഖലയിലെ നിക്ഷേപം 1 ബില്യണ്‍ കൂടി വര്‍ദ്ധിപ്പിച്ച് 20.38 ബില്യണ്‍ യൂറോ ആക്കി മാറ്റും. ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക അനുവദിക്കപ്പെടുന്നത്.

കോവിഡ് പ്രതിരോധത്തിനായി ചെലവിടുക 1 ബില്യണ്‍ യൂറോ.

2022-ല്‍ 19 ICU ബെഡ്ഡുകള്‍ കൂടി സ്ഥാപിക്കും. ഇതിനായി 10.5 മില്യണ്‍ യൂറോ ചെലവിടും.

രാജ്യത്തെ പ്രധാനപ്രശ്‌നങ്ങളിലൊന്നായ രോഗികളുടെ ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് കുറയ്ക്കാനായി 250 മില്യണ്‍ യൂറോ വകയിരുത്തും.

ആറ്, ഏഴ് പ്രായക്കാരായ കുട്ടികള്‍ക്ക് സൗജന്യ ജിപി കണ്‍സള്‍ട്ടേഷനൊപ്പം ആശുപത്രി ചാര്‍ജ്ജിലും കുറവ് വരുത്തും.

Drug Repayment Scheme ലഭിക്കുന്ന മരുന്നുകളുടെ പരമാവധി വില 100 യൂറോയില്‍ നിന്നും 114 യൂറോ ആയി ഉയര്‍ത്തും.

ഓഗസ്റ്റ് മാസം മുതല്‍ 17-25 പ്രായക്കാരായ എല്ലാ സ്ത്രീകള്‍ക്കും സൗജന്യഗര്‍ഭനിരോധനസംവിധാനങ്ങള്‍. ആര്‍ത്തവകാല ആരോഗ്യ സംരക്ഷണം, ലൈംഗികോപദ്രവം നേരിടുന്നവരെ സഹായിക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുക എന്നിവയും പ്രഖ്യാപിച്ചു. ഇവയ്ക്കായി ചെലവിടുക 31 മില്യണ്‍ യൂറോ.

വൈകല്യമുള്ളവര്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി 105 മില്യണ്‍ യൂറോ വകയിരുത്തും. മാനസികാരോഗ്യസേവനം വര്‍ദ്ധിപ്പിക്കിനായി 37 മില്യണ്‍, കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ പ്രതിരോധത്തിനായി 30 മില്യണ്‍.

രാജ്യത്തെ ആരോഗ്യമേഖലയിലെ സ്റ്റാഫ് ദൗര്‍ലഭ്യം പരിഹരിക്കാനായി 8,000 പേരെക്കൂടി നിയമിക്കുമെന്ന് പ്രഖ്യാപനം.

ഗതാഗതം

രാജ്യത്തെ ഗതാഗതസംവിധാനം മെച്ചപ്പെടുത്താനായി 3.4 ബില്യണ്‍ യൂറോയുടെ നിക്ഷേപം. ഇതില്‍ BusConnects, MetroLink, DART+ തുടങ്ങിയ പൊതുഗതാഗതസംവിധാനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ 1.4 ബില്യണ്‍ ചെലവിടും. വൈദ്യുതവാഹനങ്ങള്‍ത്തുള്ള ഗ്രാന്റ് തുകയും ഇതിലുള്‍പ്പെടും.

രാജ്യത്തെ പ്രതിസന്ധി അനുഭവിക്കുന്നമേഖലകളെ കൈപിടിച്ചുയര്‍ത്താനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഇവയാണ്:

– ഏവിയേഷന്‍ പാക്കേജ്- 90 മില്യണ്‍ യൂറോ

– റോഡുകളുടെ സുരക്ഷയും, നവീകരണവും- 30 മില്യണ്‍ യൂറോ

– സ്‌കൂളുകള്‍ക്കുള്ള ICT ഗ്രാന്റ്- 50 മില്യണ്‍ യൂറോ

– Hospitality, arts, tourism മേഖലകളുടെ പ്രിതിസന്ധി കുറയ്ക്കാനായി 60 മില്യണ്‍ യൂറോ ചെലവിട്ട് കടങ്ങളും മറ്റും എഴുതിത്തള്ളും

– Palliative, mental health, disability മേഖലകള്‍ക്കായി 30 മില്യണ്‍ യൂറോ സഹായം.

ബജറ്റ് ആകെത്തുകയില്‍

പൊതുചെലവുകള്‍ക്കായി ബജറ്റില്‍ 87.6 ബില്യണ്‍ ആണ് വകയിരുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ ആകെ കടം വൈകാതെ 240 ബില്യണോളം ആകും. അതായത് രാജ്യത്ത് ജനിച്ചുവീഴുന്ന കുട്ടിയടക്കം ഓരോ വ്യക്തിയും 50,000 യൂറോയ്ക്ക് വീതം കടക്കാർ.

കോവിഡ് ബാധ കാരണമുള്ള ബജറ്റ് കമ്മി 21.5 ബില്യണ്‍ യൂറോ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍വര്‍ഷം ഇത് 34.5 ബില്യണ്‍ ആയിരുന്നു.

രാജ്യത്തിന്റെ വരുമാനം 230 മില്യണ്‍ യൂറോ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയതായി ഡോണഹു പറഞ്ഞു.

കോവിഡ് ബാധയ്ക്ക് ശേഷം 2022-ല്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്ന് ബജറ്റ് പ്രഭാഷണത്തില്‍ മന്ത്രി ഡോണഹു പ്രതീക്ഷ പ്രകടിപ്പിച്ചു. 2021-2022 കാലത്ത് 400,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നും, തൊഴിലില്ലായ്മ 6.5% കുറയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: