അയർലൻഡിലെ കോവിഡ് നിയന്ത്രണങ്ങൾ ഒക്ടോബർ 22-നു ശേഷവും നീണ്ടേക്കും; ആരോഗ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ

അയര്‍ലന്‍ഡില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം ഒക്ടോബര്‍ 22-ഓടെ പിന്‍വലിക്കുമെന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസര്‍ Dr Ronan Glynn-മായി നടത്തിയ കോവിഡ് വിലയിരുത്തല്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് മാര്‍ട്ടിന്റെ പ്രസ്താവന. ഘട്ടം ഘട്ടമായുള്ള കോവിഡ് നിയന്ത്രണ ഇളവുകളുടെ അവസാനഘട്ടമായി ഒക്ടോബര്‍ 22-ഓടെ മാസ്‌ക് ഒഴികെയുള്ള മിക്ക നിയന്ത്രണങ്ങളും എടുത്തുകളയുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം.

രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസമായി വൈറസിന്റെ അപ്രതീക്ഷിതമായ വ്യപനമാണുള്ളതെന് ബുധനാഴ്ചത്തെ വിലയിരുത്തലില്‍ National Public Health Emergency Team (Nphet) വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ബാറുകള്‍, റസ്റ്ററന്റുകള്‍, നൈറ്റ് ക്ലബ്ബുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് അപകടകരമായ രീതിയില്‍ സ്ഥിതിഗതികള്‍ മാറ്റിമറിക്കുമെന്നാണ് കണക്കുകൂട്ടല്‍.

രാജ്യത്ത് ഇന്നലെ 2,066 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇത് 1,466-ഉം, തിങ്കളാഴ്ച 1,358-ഉം, ഞായറാഴ്ച 2,002-ഉം ആയിരുന്നു.

അതേസമയം നിയന്ത്രണങ്ങളുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വരുന്ന ചൊവ്വാഴ്ച ഇത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുമെന്ന് ഉപപ്രധാനമന്ത്രി ലയോ വരദ്കര്‍ പറഞ്ഞു. ഇതിന് മുമ്പ് തിങ്കളാഴ്ച ചേരുന്ന Nphet യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കും. ബൂസ്റ്റര്‍ ഷോട്ടുകള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശവും വൈകാതെ സമര്‍പ്പിക്കും.

ഇതിനിടെ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. മന്ത്രിക്ക് നടത്തിയ ടെസ്റ്റില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: