പുറത്തിറങ്ങി രണ്ട് മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞ് ഹ്യുണ്ടായുടെ ഇലക്ട്രിക് കാർ Ioniq 5; ടെസ്ലയുടെ അപ്രമാദിത്വത്തിന് അവസാനമോ?

പുറത്തിറക്കി വെറും രണ്ട് മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്ന് ഹ്യുണ്ടായുടെ പുതിയ ഇലക്ട്രിക് കാറായ Ioniq 5. ടെസ്ലയുടെ ഇലക്ട്രിക് കാറുകളോട് കിടപിടിക്കാനായി കാലങ്ങളായി ശ്രമം നടത്തിവരുന്ന ഹ്യുണ്ടായ്, തങ്ങളുടെ സകലപരിശ്രമങ്ങല്‍ക്കുമൊടുവിലാണ് Ioniq 5-നെ വിപണിയില്‍ അവതരിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ വിപണിയില്‍ കഴിഞ്ഞ ദിവസം വില്‍പ്പനയ്‌ക്കെത്തിച്ച കാര്‍ വെറും രണ്ട് മണിക്കൂറിനുള്ളില്‍ ഒരെണ്ണം പോലും ശേഷിക്കാതെ വിറ്റഴിഞ്ഞുവെന്നത് ഇലക്ട്രിക് വാഹനമേഖലയില്‍ പുത്തനൊരു ഗിയര്‍മാറ്റം തന്നെ ഹ്യുണ്ടായ് നടത്തിയെന്നതിന് തെളിവാണ്.

170 കാറുകളാണ് വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നത്. ഇവ കൂടാതെ 70 പേര്‍ കാര്‍ പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്നു. ആകെ നിര്‍മ്മിച്ച ഈ 240 കാറുകളും ഉടനടി വിറ്റഴിഞ്ഞു. കൂടുതല്‍ കാറുകള്‍ നിര്‍മ്മിച്ച ശേഷം മാത്രമേ ഇനി പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നും കമ്പനി വ്യക്തമാക്കി. ഇതിന് 2022 വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. ആഗോളതലത്തില്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടന്നതിനാല്‍ അത് നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ട്. ബുക്ക് ചെയ്ത് 12 മാസങ്ങളോളമാണ് പലര്‍ക്കും കാത്തിരിക്കേണ്ടിവരുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെ തന്നെ എല്ലാ Ioniq 5 കാറുകളും വിറ്റഴിഞ്ഞതോടെ കമ്പനി പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ വെബ്‌സൈറ്റില്‍ കാര്‍ വാങ്ങാനായി കൂട്ടത്തോടെ ആളുകളെത്തിയത് സൈറ്റ് തകരാറിലാകാന്‍ കാരണമായതായും ഹ്യുണ്ടായ് വക്താവ് പറയുന്നു. എന്തായാലും ഇതോടെ ഇലക്ട്രിക് കാര്‍ വിപണിയിലെ ടെസ്ലയുടെ അപ്രമാദിത്വം തകര്‍ക്കാന്‍ തങ്ങള്‍ക്കാകുമെന്ന ആത്മവിശ്വാസം ഹ്യുണ്ടായ്ക്ക് ഇതിലൂടെ ലഭിച്ചിരിക്കുകയാണ്.

Ioniq 5 അയര്‍ലന്‍ഡില്‍ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. 37,995 യൂറോ മുതല്‍ 44,995 യൂറോ വരെയാകും കാറിന് ഇവിടുത്തെ വില.

125kW ഇലക്ട്രിക് മോട്ടോര്‍, 58 kWh ലിഥിയം അയണ്‍ ബാറ്ററി എന്നിവ കരുത്ത് പകരുന്ന Ioniq 5-ന് ഒറ്റ ചാര്‍ജ്ജിങ്ങില്‍ 384 കി.മീ വരെ ഓടാന്‍ സാധിക്കും. 185 കി.മീ ആണ് പരമാവധി വേഗത. പൂജ്യത്തില്‍ നിന്നും 100 കി.മീ വേഗത കൈവരിക്കാന്‍ എടുക്കുന്ന സമയം 8.5 സെക്കന്റ്.

comments

Share this news

Leave a Reply

%d bloggers like this: