വെക്സ്ഫോർഡിലെ പ്രൈമറി സ്‌കൂളിൽ 30-ലേറെ പേർക്ക് കോവിഡ്; സ്‌കൂൾ അടച്ചു; HSE-യുടെ നിയന്ത്രണങ്ങൾ അപര്യാപ്തമെന്ന് വിമർശനം

Co Wexford-ലെ CBS പ്രൈമറി സ്‌കൂളില്‍ 30-ലേറെ പേര്‍ക്ക് കോവിഡ് പിടിപെട്ട സാഹചര്യത്തില്‍ സ്‌കൂള്‍ അടുത്ത മാസം വരെ അടച്ചിടാന്‍ തീരുമാനം. HSE-യുടെ സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ അപര്യാപ്തമാണെന്നും, അതാണ് സ്‌കൂളില്‍ കോവിഡ് പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നും സ്‌കൂള്‍ അധികൃതര്‍ ആരോപണമുന്നയിച്ചതായി The Irish Times റിപ്പോര്‍ട്ട് ചെയ്തു.

270 കുട്ടികളാണ് CBS പ്രൈമറി സ്‌കൂളില്‍ പഠിക്കുന്നത്. 30-ലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഞായറാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ ‘ആരോഗ്യസുരക്ഷാ കാരണങ്ങളാല്‍’ സ്‌കൂള്‍ അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനമെടുക്കുകയായിരുന്നു. പകരം ഓണ്‍ലൈന്‍ ക്ലാസ് സംവിധാനമൊരുക്കും.

HSE കഴിഞ്ഞ മാസം സ്‌കൂളകള്‍ക്കായി പുറത്തിറക്കിയ സമ്പര്‍ക്ക നിയന്ത്രണ നിര്‍ദ്ദേശപ്രകാരം, ഒരു കുട്ടിക്ക് കോവിഡ് ബാധിച്ചാലും, ആ കുട്ടിയുമായി സമ്പര്‍ക്കമുണ്ടായ മറ്റുള്ളവര്‍ രോഗലക്ഷണങ്ങളില്ലെങ്കില്‍ ക്വാറന്റൈനില്‍ പോകേണ്ട ആവശ്യമില്ല.

ഒക്ടോബര്‍ 8-നാണ് സ്‌കൂളില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം ഒരാള്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒക്ടോബര്‍ 11 ആയപ്പോഴേയ്ക്കും രണ്ട് പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തു.

HSE-യുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കേണ്ട ആവശ്യമില്ല എന്നതിനാല്‍, രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരെല്ലാമെന്ന് കൃത്യമായ വിവരമൊന്നും ഇല്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ Vicky Barrow പറഞ്ഞു. രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളെ ക്ലാസുകളില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു.

എന്നാല്‍ ഒക്ടോബര്‍ 12-ന് മാത്രമാണ് ക്ലാസിലെ എല്ലാവരും സമ്പര്‍ക്കത്തില്‍പ്പെട്ടിരിക്കാമെന്ന സംശയത്താല്‍ ഈ ക്ലാസിലെ എല്ലാ കുട്ടികളെയും ടെസ്റ്റ് ചെയ്യാന്‍ HSE നിര്‍ദ്ദേശം വന്നതെന്ന് Barrow പറയുന്നു. തുടര്‍ന്ന് 30-ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചില കുട്ടികള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ രണ്ടാമത്തെ ടെസ്റ്റില്‍ മാത്രമാണ് പോസിറ്റീവ് റിസല്‍ട്ട് കാണിച്ചത്. ഇതേ സ്‌കൂളില്‍ മറ്റ് ക്ലാസുകളില്‍ പഠിക്കുന്ന രോഗികളായ കുട്ടികളുടെ സഹോദരര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.

നിരവധി കുട്ടികള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതിനാല്‍ HSE-യുടെ നിലവിലെ നിയന്ത്രണങ്ങള്‍ അപര്യാപ്തമല്ലെന്ന് വ്യാപക വിമര്‍ശനമുയരുകയാണ്. അതേസമയം സ്‌കൂളുകളില്‍ രോഗബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നാണ് HSE-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: