അയർലൻഡിലെ ഏറ്റവും വൃത്തിയുള്ള പട്ടണം Portlaoise; ഡബ്ലിൻ, കോർക്ക്, ലിമറിക്ക് എന്നിവിടങ്ങളിലെ ടൗണുകൾ പിന്നിൽ

അയര്‍ലന്‍ഡിലെ ഏറ്റവും വൃത്തിയുള്ള പട്ടണം Portlaoise എന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ 40 ടൗണുകളെ പങ്കെടുപ്പിച്ച് Irish Business Against Litter (IBAL) നടത്തിയ സര്‍വേയിലാണ് മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്ന കാര്യത്തില്‍ മറ്റ് ടൗണുകളെ പിന്തള്ളി Portlaoise ഒന്നാമതെത്തിയിരിക്കുന്നത്. കൂടാതെ സര്‍വേയില്‍ പങ്കെടുത്ത 68% ടൗണുകളും കഴിഞ്ഞ 12 മാസത്തിനിടെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കാര്യത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

2010-ല്‍ പട്ടികയില്‍ അവസാനസ്ഥാനത്തായിരുന്ന Portlaoise, തുടര്‍ച്ചയായി നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായാണ് പത്ത് വര്‍ഷത്തിനിപ്പുറം അഭിമാനകരമായ നേട്ടത്തിലെത്തിയിരിക്കുന്നത്. ഇത്തവണ രണ്ടാം സ്ഥാനത്ത് Leixlip-ഉം, മൂന്നാം സ്ഥാനം നേടിയത് Ennis-മാണ്.

IBAL പരിഗണിച്ച 40 ടൗണുകളില്‍ 23 എണ്ണവും വൃത്തിയുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മിനിമം സ്റ്റാന്‍ഡേര്‍ഡിനെക്കാള്‍ ഉയരെയാണെന്നത് അഭിമാനകരമാണ്. അതേസമയം പ്രധാന നഗരങ്ങളായ ഡബ്ലിന്‍, കോര്‍ക്ക്, ലിമറിക്ക് എന്നിവിടങ്ങളിലെ ടൗണുകള്‍ ഈ സ്റ്റാന്‍ഡേര്‍ഡിന് താഴെ വരുന്നു എന്നത് നാണക്കേടുണ്ടാക്കുകയും ചെയ്യുന്നു. ഇവയടക്കം 10 ടൗണുകളാണ് വൃത്തിയുടെ നിലവാരത്തില്‍ പിന്നില്‍.

രാജ്യത്ത് മാലിന്യസംസ്‌കരണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് North Inner City of Dublin ആണ്. Drogheda, Limerick City South- Galvone എന്നിവിടങ്ങളും വലിയ തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇല്ലാത്തത്ര മാലിന്യങ്ങള്‍ ഇപ്പോഴുണ്ടെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു. പിപിഇ കിറ്റുകള്‍, മദ്യക്കുപ്പികള്‍ എന്നീ മാലിന്യങ്ങളുടെ കാര്യത്തില്‍ 30% വരെ വര്‍ദ്ധനയുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: