പേരുമാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്; പുതിയ പേരിന് Horizon-മായി ബന്ധമെന്ന് റിപ്പോർട്ട്

ലോകപ്രശസ്ത സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് പേരുമാറ്റത്തിനൊരുങ്ങുന്നതായി സൂചന. കമ്പനിയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ ഉദ്ധരിച്ച് അമേരിക്കന്‍ ടെക്‌നോളജി വെബ്‌സൈറ്റായ Verge ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക സമ്മേഷനത്തില്‍ സിഇഒ മാര്‍ക്ക് സക്കന്‍ബര്‍ഗ് പുതിയ പേര് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ Facebook Inc. എന്ന കമ്പനിയുടെ പേര് തന്നെയാണ് പ്ലാറ്റ്‌ഫോമിനും. ഫേസ്ബുക്കിന്റെ പുതിയ പേരിന് ‘Horizon’ എന്ന വാക്കുമായി ബന്ധമണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈയിടെയാണ് കമ്പനി തങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി ഗെയിമിങ് പ്ലാറ്റ്‌ഫോമിന്റെ പേര് ‘Horizon’ എന്നത് മാറ്റി ‘Horizon Worlds’ എന്നാക്കി മാറ്റിയത്.

അതേസമയം ഊഹാപോഹങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നാണ് വിഷയത്തില്‍ ഫേസ്ബുക്കിന്റെ പ്രതികരണം.

ഏതാനും മാസങ്ങളായി സുരക്ഷ, ഡാറ്റ ചോര്‍ത്തല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന് കീഴിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും സമാനമായ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ലക്ഷ്യമാക്കുന്നുവെന്ന് ഫേ്ബുക്ക് പുറമെ നടിക്കുന്നുവെങ്കിലും, ആഭ്യന്തര അന്വേഷണത്തില്‍ പ്രശ്‌നങ്ങളുള്ളതായി തെളിഞ്ഞ ശേഷവും കമ്പനി ആവശ്യമായ ഒരു നടപടിയും എടുത്തില്ലെന്ന് ഫേസ്ബുക്കിലെ മുന്‍ ജോലിക്കാരി Frances Haugen തെളിവ് സഹിതം വിമര്‍ശനമുന്നയിച്ചതും ഈയിടെ വിവാദമായി.

ഫേസ്ബുക്കിനെതിരെ നിലവില്‍ യുഎസില്‍ അന്വേഷണം നടക്കുകയാണ്.

പേരുമാറുന്നതോടെ Facebook Inc. എന്ന സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഒക്കുലസ് പോലെ ഒരു പ്ലാറ്റ്‌ഫോമായി ഫേസ്ബുക്കും മാറുമെന്നാണ് Verge റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഫേസ്ബുക്കിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ പേരുമാറ്റമെന്നാണ് കരുതപ്പെടുന്നത്. Metaverse എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ വിര്‍ച്വല്‍ എന്‍വയണ്‍മെന്റ് സൃഷ്ടിക്കാനുള്ള ശ്രമം ഫേസ്ബുക്ക് ആരംഭിച്ചിട്ട് കുറച്ചുനാളുകളായി. ഇതിന്റെ ഭാഗമായി വിര്‍ച്വല്‍ റിയാലിറ്റി (VR), ഓഗ്മെന്റഡ് റിയാലിറ്റി (AR) എന്നീ സാങ്കേതികവിദ്യകളില്‍ കമ്പനി വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരുപിടി ഉപകരണങ്ങള്‍, ആപ്പുകള്‍ എന്നിവ വഴി ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതിയാണ് ഫേസ്ബുക്ക് മെറ്റാവേഴ്‌സ്. യൂറോപ്യന്‍ യൂണിയനില്‍ പുതുതായി 10,000 തൊഴിലവസരങ്ങള്‍ മെറ്റാവേഴ്‌സുമായി ബന്ധപ്പെട്ട് സൃഷ്ടിക്കുമെന്ന് കമ്പനി ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: