Pixel 6, Pixel 6 Pro സ്മാർട്ട്ഫോൺ മോഡലുകളുമായി ഗൂഗിൾ; ഞെട്ടുമോ ആപ്പിളും സാംസങ്ങും?

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആപ്പിളിന്റെയും, സാംസങ്ങിന്റെയും തലയെടുപ്പ് വര്‍ഷങ്ങളായി തുടരുന്നതാണ്. ആഗോള ഇന്റര്‍നെറ്റ് സേവനത്തില്‍ മുന്‍പന്തിയിലായിട്ടും ഗൂഗിളിന് പക്ഷേ ഇവരുടെ ഫോണുകളുടെ ജനപ്രിയതയ്‌ക്കൊപ്പമെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അതിനൊരു മാറ്റം കുറിക്കാനായി രണ്ടും കല്‍പ്പിച്ച് തങ്ങളുടെ പുതിയ പിക്‌സല്‍ സീരീസ് ഫോണുകള്‍ വിപണിയിലവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.

Pixel 6, Pixel 6 Pro എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. യഥാക്രമം 649 യൂറോ, 899 യൂറോ എന്നിങ്ങനെയാണ് വില. ആപ്പിള്‍, സാംസങ് ഹൈ എന്‍ഡ് ഫോണുകളെക്കാള്‍ വില കുറവാണെങ്കിലും ടെക്‌നോളജിയുടെ കാര്യത്തില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന വാഗ്ദാനത്തോടെയാണ് പിക്‌സലിന്റെ വരവ്.

മുന്‍ പിക്‌സല്‍ മോഡലുകളെക്കാള്‍ ഡിസൈനില്‍ കാര്യമായ വ്യത്യാസം ഇത്തവണ വരുത്തിയിട്ടുണ്ട് ഗൂഗിള്‍. ഒപ്പം കമ്പനി ആദ്യമായി സ്വയം വികസിപ്പിച്ചെടുത്ത പ്രോസസറായ Google Tensor ആണ് ഈ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത്. പിക്‌സല്‍ ഫോണുകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ചതാണ് ഈ പ്രോസസറെന്നതിനാല്‍ ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഏറ്റവും ഫലപ്രദമായി ഫോണില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Pixel 6-ന് 6.4 ഇഞ്ചാണ് ഡിസ്‌പ്ലേ സൈസ്. Pro-യ്ക്ക് 6.7 QHD+ ഡിസ്‌പ്ലേയും. 120Hz വരെ റീഫ്രഷ് റേറ്റും Pro മോഡല്‍ സപ്പോര്‍ട്ട് ചെയ്യും. അതായത് സ്മൂത്ത് സ്‌ക്രോളിങ്, മികച്ച ഗെയിമിങ് അനുഭവം എന്നിവ ഫോണ്‍ നല്‍കും.

ക്യാമറാ ഡിപ്പാര്‍ട്ട്മന്റിലേയ്ക്ക് വന്നാല്‍ പുത്തന്‍ 50MP ക്യാമറയാണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. Pixel 6-ല്‍ ഡ്യുവല്‍ ലെന്‍സുകളും, Pixel 6 Pro-യില്‍ ട്രിപ്പിള്‍ ലെന്‍സുകളുമായി ക്യാമറയെ തരംതിരിച്ചിരിക്കുന്നു. 4X optical zoom സൗകര്യവുമുണ്ട്.

ഒറ്റ ചാര്‍ജ്ജിങ്ങില്‍ 24 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ ലഭിക്കുന്ന വലിയ ബാറ്ററി ഇടയ്ക്കിടെയുള്ള ചാര്‍ജജിങ് ഒഴിവാക്കുമെന്നാണ് കമ്പനി പറയുന്നത്.

ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ Android 12-ല്‍ ആണ് ഇരു മോഡലുകളും പ്രവര്‍ത്തിക്കുക. ഒക്ടോബര്‍ 28 മുതല്‍ Pixel 6-ഉം Pixel 6 Pro-യും വിപണിയില്‍ ലഭ്യമാകും.

Share this news

Leave a Reply

%d bloggers like this: