സഹോദരിയുടെ മുൻകാമുകനെ ക്രിസ്മസ് രാത്രിയിൽ കുത്തിപ്പരിക്കേൽപ്പിച്ചു; ഡബ്ലിനിൽ പ്രതിക്ക് 18 മാസം തടവ്

സഹോദരിയുടെ മുന്‍ കാമുകനെയും, സഹോദരനെയും ക്രിസ്മസ് രാത്രിയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഡബ്ലിനിലെ Tallaght സ്വദേശിയായ Sean O’Boyle എന്ന 32-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി 18 മാസത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്.

2013-ലെ ക്രിസ്മസ് രാത്രിയില്‍ പ്രതിയുടെ സഹോദരിയുടെ കാമുകനായ Darren Brewster, ഇദ്ദേഹത്തിന്റെ സഹോദരന്‍ എന്നിവര്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി Tallagh-യിലെ O’Boyle കുടുംബവീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പ്രതിയായ Sean O’Boyle അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയുമായി Brewster സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു.

അതേസമയം തന്റെ കുടുംബത്തെ അപായപ്പെടുത്താനാണ് അവര്‍ എത്തിയതെന്നും, കുടുംബാംഗങ്ങളെ സംരക്ഷിക്കാനായിരുന്നു താന്‍ ആക്രമിച്ചതെന്നും പ്രതി പിന്നീട് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. താന്‍ ചെയ്ത കാര്യങ്ങളില്‍ ഇയാള്‍ക്ക് കുറ്റബോധമുണ്ടെന്ന് പ്രതിയുടെ അഭിഭാഷകനും കോടതിയില്‍ പറഞ്ഞു.

ആക്രമണത്തില്‍ ശ്വാസകോശത്തിനടക്കം ഗുരുതരമായി പരിക്കേറ്റ സഹോദരന്മാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇതിനിടെ ക്ഷണിക്കപ്പെട്ട അതിഥികളായല്ല Darren-നും സഹോദരനും എത്തിയതെന്നും കോടതിയില്‍ വാദമുയര്‍ന്നു. Darren കാമുകിയുടെ സഹോദരന് പ്രകോപനപരമായ മെസേജുകള്‍ അയച്ചിരുന്ന കാര്യവും ചൂണ്ടിക്കാട്ടപ്പെട്ടു. അതിനാല്‍ സ്വയരക്ഷയ്ക്കായി ആയുധമുപയോഗിച്ചു എന്ന പരിഗണന നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷിച്ചു.

സംഭവശേഷം ഓസ്‌ട്രേലിയയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയായ Sean, അവിടെ പുതിയൊരു ജീവിതം തുടങ്ങി അഞ്ച് വര്‍ഷത്തിന് ശേഷം കേസ് കാരണം അയര്‍ലന്‍ഡിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തും വിധം മെസേജുകള്‍ അയച്ചതിന് മുന്‍ കാമുകനായ Darren-നെതിരെ കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും Sean ഓസ്‌ട്രേലിയയില്‍ ആയിരുന്നതിനാല്‍ തുടരന്വേഷണം നടന്നില്ല.

Sean-ന് മേല്‍ ചുമത്തപ്പെട്ട വകുപ്പുകള്‍ ഗൗരവമുള്ളതാണെന്നും 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാമെന്നും നിരീക്ഷിച്ച കോടതി പിന്നീട് 18 മാസമായി ശിക്ഷ ചുരുക്കുകയായിരുന്നു. പ്രത്യേകസാഹചര്യത്തിലാണ് കുറ്റകൃത്യം നടന്നതെന്നും, മറ്റൊരു ദിവസമായിരുന്നെങ്കില്‍ സംഭവം നടന്നേക്കില്ലായിരുന്നുവെന്നും ഉള്ള വിശ്വസിക്കുന്നതായും കോടതി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: