അമേരിക്കയിൽ സിനിമാ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് ഛായാഗ്രാഹക മരിച്ച സംഭവം; തോക്കിൽ ഉണ്ടയുള്ള കാര്യം നടൻ അറിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ട്

അമേരിക്കയില്‍ സിനിമാ ചിത്രീകരണത്തിനിടെ പ്രോപ്പര്‍ട്ടിയായി ഉപയോഗിച്ച തോക്കില്‍ നിന്നും വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തിലെ പ്രധാന നടനും, അമേരിക്കയിലെ പ്രശസ്ത താരവുമായ അലക് ബാള്‍ഡ്വിന്റെ കൈയില്‍ നിന്നായിരുന്നു അബദ്ധത്തില്‍ വെടിയുതിര്‍ന്നത്.

പരിക്കേറ്റ ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. സംവിധായകനായ ജോയല്‍ സൂസയ്ക്കും പരിക്കേറ്റെങ്കിലും ഇദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം.

തോക്കില്‍ വെടിയുണ്ട ഉണ്ടായിരുന്നതായി ബാള്‍ഡ്വിന് അറിയില്ലായിരുന്നുവെന്നാണ് വിവരം. തോക്ക് ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ബാള്‍ഡ്വിനോട് പറഞ്ഞതായും അരിസോണയിലെ കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു.

ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫേയിലായിരുന്നു ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരുന്നത്. ഇവിടെ അന്വേഷണോദ്യോഗസ്ഥര്‍ പരിശോധിച്ച് തെളിവെടുത്തു. ‘Rust’ എന്നാണ് ചിത്രത്തിന്റെ പേര്.

ഷൂട്ടിങ്ങിന് ഉപയോഗിക്കാനായി മൂന്ന് തോക്കുകളാണ് എത്തിച്ചിരുന്നത്. ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്ന തോക്കുകളില്‍ നിന്നും ഒന്നെടുത്ത് അസിസ്റ്റന്റ് ഡയറക്ടറായ ഡേവ് ഹാള്‍സ് ബാള്‍ഡ്വിന് നല്‍കുകയായിരുന്നു. എന്നാല്‍ ഇതില്‍ ഉണ്ടയുള്ള കാര്യം അസിസ്റ്റന്റ് ഡയറക്ടറും അറിഞ്ഞിരുന്നില്ല.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.

Share this news

Leave a Reply

%d bloggers like this: