ഒടുവിൽ ഐറിഷ് സർക്കാർ വഴങ്ങി; ഇന്ത്യക്കാരനെ നാടുകടത്തില്ല; നാദിം നിരാഹാരം അവസാനിപ്പിച്ചു

നാടുകടത്തരുതെന്ന ആവശ്യവുമായി കോര്‍ക്കില്‍ ഇന്ത്യക്കാരന്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. നാടുകടത്തലുണ്ടാകില്ലെന്ന് നീതിന്യായ വകുപ്പില്‍ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് നാദിം ഹുസൈന്‍ എന്ന ബംഗാള്‍ സ്വദേശി ഒമ്പത് ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിക്കാന്‍ തയ്യാറായത്.

പശ്ചിമബംഗാളില്‍ നടന്ന ഹിന്ദു-മുസ്ലിം കലാപത്തിനിടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടയാളാണ് നാദിം. ഇതിന് ശേഷം 2019 ജനുവരിയിലാണ് ഡയറക്ട് പ്രൊവിഷന്‍ വഴി ഇദ്ദേഹം അയര്‍ലണ്ടില്‍ എത്തുന്നത്. എന്നാല്‍ ഡയറക്ട് പ്രൊവിഷന്‍ കാലാവധി അവസാനിച്ചെന്ന കാരണത്താല്‍ ഇദ്ദേഹത്ത ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ International Protection Officer (IPO) ഉത്തരവ് നല്‍കുകയായിരുന്നു.

ഇന്ത്യയിലേയ്ക്ക് തിരികെ പോയാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് കാട്ടി നാദിം IPO-യ്ക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുകൂലനടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് നാദിം നിരാഹാരസമയം ആരംഭിച്ചത്. അതിന് മുമ്പ് Leinster House-ന് മുമ്പിലും ഇദ്ദേഹം പ്രതിഷേധം നടത്തിയിരുന്നു.

നിരാഹാരം കാരണം ആരോഗ്യം മോശമായതോടെ നാദിമിനെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് തന്റെ അഭയാര്‍ത്ഥിത്വം അംഗീകരിക്കണമെന്ന് ആശുപത്രിക്കിടക്കയില്‍ വച്ചും ഇദ്ദേഹം അധികൃതരോട് അപേക്ഷിച്ചു.തുടർന്ന് നാദിമിന്റെ നിയമസഹായകര്‍ നീതിന്യായ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരം കണ്ടത്.

‘എന്റെ വയറ് വേദനിക്കുന്നു, ഞാന്‍ ക്ഷീണിതനാണ്, എന്റെ തല കറങ്ങുന്നു, പക്ഷേ എന്റെ പേപ്പറുകള്‍ (അയര്‍ലണ്ടില്‍ താമസം തുടരുന്നതിനായുള്ള) ലഭിക്കുന്നതിനായി മരണം വരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്’ നാദിം ആശുപത്രിയില്‍ വച്ച് പറഞ്ഞിരുന്നു. നീതിന്യായ വകുപ്പ് മന്ത്രിയോട് നേരിട്ടെന്ന വിധമായിരുന്നു ഈ അപേക്ഷ.

വെള്ളിയാഴ്ച നാദിമിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി കോര്‍ക്കില്‍ റാലികള്‍ നടന്നിരുന്നു. Asylum Seekers in Ireland (MASI)-ഉം നാദിമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: