നഴ്‌സിങ് ഹോം അന്തേവാസിയുടെ മുഖത്തടിച്ചു, ദേഹത്തേയ്ക്ക് ചെരിപ്പെറിഞ്ഞു; അയർലണ്ടിൽ നഴ്‌സിന്റെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി

നഴ്‌സിങ് ഹോം അന്തേവാസിയുടെ നേരെ ചെരിപ്പെറിയുകയും, മുഖത്തടിക്കുകയും, കാലില്‍ ഇടിക്കുകയും ചെയ്ത നഴ്‌സിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി ശരിവച്ച് ഹൈക്കോടതി. Nursing and Midwifery Board ആണ് സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കണമെന്ന ആവശ്യവുമായി കോടതി സമീപിച്ചത്. ഇവരെ നേരത്തെ തന്നെ നഴ്‌സിങ് ഹോം ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. അതേസമയം വിധിക്കെതിരെ നഴ്‌സ് അപ്പീല്‍ നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 21-ന് രാത്രിയിലാണ് ആതുരസേവകര്‍ക്ക് ഒട്ടും ചേരാത്ത രീതിയിലുള്ള പെരുമാറ്റം നഴ്‌സില്‍ നിന്നും ഉണ്ടായതായി ആരോപണമുയരുന്നത്.

പക്ഷേ നഴ്‌സിങ് ബോര്‍ഡ് തെളിവുകള്‍ ശരിയായി പരിശോധിച്ചില്ലെന്നാണ് കുറ്റാരോപിതയായ നഴ്‌സ് പറയുന്നത്. തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും ഇവര്‍ പറയുന്നു. അന്തേവാസിയുടെ കാലില്‍ താന്‍ ഇടിച്ചില്ലെന്നും, അവരുടെ കാല്‍ തിരികെ വീല്‍ ചെയറില്‍ കയറ്റാനായി ട്രെയിനിങ് സമയത്ത് നിര്‍ദ്ദേശം നല്‍കിയതുപോലെ വലിക്കുക മാത്രമാണ് ചെയ്തതെന്നും നഴ്‌സ് പറയുന്നു. താന്‍ എറിഞ്ഞ ചെരിപ്പ് അന്തേവാസിയുടെ ദേഹത്ത് കൊണ്ടില്ലെന്നും, വീല്‍ചെയറില്‍ തട്ടി നിന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചെരിപ്പ് എറിയാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, എറിയുന്നതിന് മുമ്പ് 21 സെക്കന്റ് നേരം താന്‍ ചെരിപ്പ് ഓങ്ങുക മാത്രമാണ് ചെയ്തതെന്നുമാണ് നഴ്‌സ് പറയുന്നത്.

അന്തേവാസിയുടെ മുഖത്തടിച്ച കാര്യവും ഇവര്‍ എതിര്‍ത്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വേറെ രണ്ട് നഴ്‌സുമാരും താന്‍ അന്തേവാസിയെ മുഖത്ത് അടിച്ചതായി മൊഴി നല്‍കിയിരുന്നില്ലെന്നും, പിന്നീട് ചോദ്യം ചെയ്യലില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും നഴ്‌സ് ആരോപിക്കുന്നു.

തനിക്കെതിരെ അന്വേഷണം നടത്തിയ വ്യക്തിയുമായി നേരത്തെ വേറെ ചില പ്രശ്‌നങ്ങള്‍ നിലനിന്നത് അന്വേഷണത്തെ ബാധിച്ചതായും ഇവര്‍ പറയുന്നു. ഇതാണ് തനിക്കെതിരെ റിപ്പോര്‍ട്ട് വരാന്‍ കാരണം.

ഒരു അന്തേവാസി മറ്റുള്ളവര്‍ക്ക് അപകടകരമായ രീതിയില്‍ പെരുമാറുന്ന സാഹചര്യത്തില്‍ ബലം പ്രയോഗിക്കാമെന്ന് വ്യവസ്ഥയുണ്ടെന്നും നഴ്‌സ് അപ്പീലില്‍ പറയുന്നുണ്ട്.

എന്നാല്‍ അന്തേവാസിക്ക് നേരെ ചെരിപ്പറിയുക അടക്കമുള്ള കാര്യങ്ങള്‍ സാധാരണമാണ് എന്ന മട്ടിലുളള നഴ്‌സിന്റെ വാദം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. മുഖത്തടിച്ചില്ലെങ്കിലും, ബലപ്രയോഗത്തിനിടെ അന്തേവാസിയുടെ മുഖത്ത് തന്റെ കൈ കൊണ്ടു എന്ന കാര്യം നഴ്‌സ് സമ്മതിച്ചിരുന്നു.

കേസ് Fitness to Practice Committee കേള്‍ക്കാനിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: