കിൽഡെയറിൽ പുതിയ ഡിസ്ട്രിബ്യൂഷൻ സെന്റർ തുടങ്ങാൻ Penneys-ന് അനുമതി; 212 പേർക്ക് ജോലി ലഭിക്കും

Newbridge-ല്‍ Penneys-ന്റെ പുതിയ ഡിസിട്രിബ്യൂഷന്‍ സെന്റര്‍ ആരംഭിക്കാന്‍ അനുമതി നല്‍കി കില്‍ഡെയര്‍ കൗണ്ടി കൗണ്‍സില്‍. ഫാഷന്‍ വസ്ത്രവില്‍പ്പനയില്‍ പ്രശസ്തരായ Penneys, പുറം രാജ്യങ്ങളില്‍ Primark എന്നാണ് അറിയപ്പെടുന്നത്.

കില്‍ഡെയറിലെ Great Connell-ലാണ് പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 212 പേര്‍ക്ക് ഇവിടെ പുതുതായി ജോലി ലഭിക്കും. നിര്‍മ്മാണസമയത്ത് 270 പേര്‍ക്കും താല്‍ക്കാലികജോലി ഉണ്ടാകും.

118 മില്യണ്‍ യൂറോയാണ് പദ്ധതിക്കായി ചെലവിടാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. 43 മില്യണ്‍ കെട്ടിടനിര്‍മ്മാണത്തിനും, 75 മില്യണ്‍ ആധുനികമായ ഉപകരണങ്ങള്‍ക്കും സംവിധാനത്തിനുമായി ചെലവിടും. സെമി-ഓട്ടോമേറ്റഡ് രീതിയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. Primark-ന്റെ തന്നെ പ്രോപ്പര്‍ട്ടി കമ്പനിയായ Barola Capital DAC ആണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

പ്ലാനിങ് ഡെലവലപ്‌മെന്റ് കോണ്‍ട്രിബ്യൂഷനായി 3.97 മില്യണ്‍ യൂറോ അടയ്ക്കണമെന്ന് കൗണ്‍സില്‍ Primark-ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് തൊഴില്‍പരമായും, സാമ്പത്തികപരമായും വലിയ മെച്ചം സെന്റര്‍ വഴി ഉണ്ടാകുമെന്നാണ് കൗണ്‍സില്‍ കരുതുന്നത്.

നിലവില്‍ 36 Penneys സ്‌റ്റോറുകളാണ് അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് പുറത്ത് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി 350-ഓളം സ്‌റ്റോറുകള്‍ Primark എന്ന പേരില്‍ കമ്പനിക്കുണ്ട്.

Share this news

Leave a Reply

%d bloggers like this: