ബാറിൽ ക്യൂ നിന്ന യുവതിയുടെ ശരീരത്തിൽ അജ്ഞാതർ രക്തം ഇൻജക്റ്റ് ചെയ്തു; എച്ച്ഐവി, സിഫിലിസ് ബാധിച്ചില്ലെന്ന് ഉറപ്പ് വരുത്താൻ മെഡിക്കൽ ടെസ്റ്റ് നടത്തി

യു.കെയിലെ ലിവര്‍പൂളില്‍ ബാറിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് അജ്ഞാതര്‍ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തി. തുടര്‍ന്ന് കുത്തിവെപ്പിലൂടെ എച്ച്‌ഐവി, സിഫിലിസ് പോലുള്ള ലൈംഗികരോഗങ്ങളോ, ഹെപ്പറ്റൈറ്റിസ് ബിയോ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനായി ഇവര്‍ക്ക് വൈദ്യപരിശോധന നടത്തേണ്ടതായും വന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 19-ന് Fleet Street-ലെ Baa Bar-ന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന 18-കാരിക്ക് പെട്ടെന്ന് ശാരീരികാസ്വസ്ഥത തോന്നുകയായിരുന്നു. തുടര്‍ന്ന് ക്യൂവില്‍ നിന്നും പുറത്തുകടന്ന ഇവര്‍ക്ക് കഠിനമായ ശാരീരിക തളര്‍ച്ചയും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ശേഷം സുഹൃത്തുമൊത്ത് വീട്ടിലേയ്ക്ക് പോയെങ്കിലും പിറ്റേ ദിവസമാണ് എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നത്.

ശരീരത്തിന്റെ പുറകുവശത്ത് എന്തോ അസ്വാഭാവികമായി തോന്നിയ ഇവര്‍ സുഹൃത്തിനോട് എന്താണെന്ന് നോക്കാന്‍ ആവശ്യപ്പെടുകയും, ഇഞ്ചക്ഷന്‍ ചെയ്തത് പോലെ ഒരു ചുവന്ന തടിപ്പ് കാണപ്പെടുകയും ചെയ്തു. ഭയന്ന് അമ്മയെ വിളിച്ച് കരഞ്ഞ പെണ്‍കുട്ടി പിന്നീട് ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ നേരെ Accident and Emergency-യുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് Royal Liverpool Hospital-ല്‍ എച്ച്‌ഐവി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ബാധിച്ചില്ലെന്ന് ഉറപ്പുവരുത്താനായി മെഡിക്കൽ ടെസ്റ്റ് നടത്തേണ്ടി വന്നതായും യുവതി പറയുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും, സിസിടിവി ദൃശ്യങ്ങള്‍ പരശോധിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ഉള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് Merseyside Police പറഞ്ഞു: @MerPolCC, @CrimestoppersUK 0800 555 111 quoting reference 21000731288 എന്നീ വഴികളില്‍ ബന്ധപ്പെടാം.

അതേസമയം നഗരത്തില്‍ പലയിടത്തും ഇത്തരത്തില്‍ ഇഞ്ചക്ഷനും, ഡ്രിങ്ക്‌സില്‍ മയക്കുമരുന്നും കലര്‍ത്തുന്നതായുള്ള ഭീഷണി നിലനില്‍ക്കുന്നതായി Baa Bar വക്താവ് പറഞ്ഞു. ഇതിനാല്‍ എല്ലാവരെയും പരിശോധനയ്ക്ക് ശേഷം മാത്രമേ തങ്ങള്‍ ബാറിനകത്തേയ്ക്ക് കടത്തിവിടാറുള്ളൂവെന്നും അദ്ദേഹം പറയുന്നു.

യു.കെയില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാനാരംഭിച്ചതോടെ അയര്‍ലണ്ടിലും മുന്‍കരുതലുകള്‍ എടുക്കേണ്ടിവന്നിരിക്കുകയാണ്. അയർലണ്ടിലെ നൈറ്റ് ക്ലബ്ബുകള്‍ കഴിഞ്ഞയാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍ നിങ്ങളുടെ ശരീരത്തില്‍ ഇഞ്ചക്ഷന്‍ ചെയ്യുകയോ, ഡ്രിങ്ക്‌സില്‍ ആരെങ്കിലും മയക്കുമരുന്ന് കലര്‍ത്തുകയോ ചെയ്തതായി സംശയം തോന്നിയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക:

  • വിശ്വസ്തരായ ആരോടെങ്കിലും ഇക്കാര്യം സംസാരിക്കുക.
  • ബാറിലോ, റസ്റ്ററന്റിലോ ആണെങ്കില്‍ മാനേജറോട് സംസാരിക്കുക.
  • ഉടന്‍ വൈദ്യസഹായം തേടി കാര്യം വിശദീകരിക്കുക. നിങ്ങളുടെ രക്തം, മൂത്രം എന്നിവ പരിശോധിച്ചാല്‍ ഇത്തരത്തില്‍ അണുക്കള്‍ കലര്‍ന്ന എന്തെങ്കിലും ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും.
  • ഛര്‍ദ്ദി, തലകറക്കം, തലവേദന പോലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ അടിയന്തര വൈദ്യസഹായം തേടുക. ഇതിനായി 999 അല്ലെങ്കില്‍ 112 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
  • നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലോ, ഡ്രിങ്കിലോ ആണ് രക്തമോ മറ്റോ കലര്‍ത്തിയതെന്ന് സംശയിക്കുന്നെങ്കില്‍ അവ തെളിവിനായി കൂടെ കരുതുക.
  • ഗാര്‍ഡയുമായി ബന്ധപ്പെട്ട് തെളിവുകളും മറ്റ് വിവരങ്ങളും കൈമാറുക. ഗാര്‍ഡ ഉടന്‍ തന്നെ രക്തപരിശോധനയ്ക്ക് വേണ്ട സംവിധാനം ചെയ്യും.

അഥവാ എച്ച്‌ഐവി വൈറസുള്ള രക്തം ശരീരത്തില്‍ കലര്‍ന്നാലും രോഗം ബാധിക്കാതെ സംരക്ഷിക്കാനുള്ള സാങ്കേതികവിദ്യ ഇന്ന് വൈദ്യശാസ്ത്രത്തില്‍ ലഭ്യമാണ്. എച്ച്‌ഐവി രക്തം ശരീരത്തിലെത്തി എന്ന് ഉറപ്പായാല്‍ PEP അഥവാ post-exposure prophylaxis എന്ന മരുന്ന് ഡോക്ടര്‍ നല്‍കുന്നതാണ്. നേരത്തെ എച്ച്‌ഐവി ബാധിതരല്ലാത്ത ആളുകള്‍, എച്ച്‌ഐവി വൈറസ് കലര്‍ന്ന രക്തമോ, സ്രവമോ ശരീരത്തിലെത്തി 72 മണിക്കൂറിനകം (3 ദിവസം) ഈ മരുന്ന് കഴിച്ചാല്‍ വൈറസ് ശരീരത്തെ ബാധിക്കുന്നത് ഒഴിവാക്കാം. 28 ദിവസം തുടര്‍ച്ചയായി മരുന്ന് കഴിക്കണം.

മികച്ച രീതിയില്‍ PEP പ്രവര്‍ത്തിക്കുമെങ്കിലും, 100% ഫലപ്രദമെന്ന് പറയാന്‍ സാധിക്കില്ല എന്നത് ഒരു പോരായ്മയാണ്.

Source: Irish Mirror, Liverpool ECHO

comments

Share this news

Leave a Reply

%d bloggers like this: