അയർലണ്ടിലും ‘റേപ്പ് ഡ്രഗ്’ ആക്രമണം; സ്ത്രീയുടെ ശരീരത്തിൽ മയക്കുമരുന്ന് കുത്തിവച്ച സംഭവം അന്വേഷിക്കുന്നതായി ഗാർഡ

അയര്‍ലണ്ടില്‍ സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്ന് കുത്തിവെപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ. യു.കെയിലെ ലിവര്‍പൂളില്‍ ബാറിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന യുവതിയുടെ ശരീരത്തില്‍ സമാനമായ തരത്തില്‍ അജ്ഞാതര്‍ ഇഞ്ചക്ഷന്‍ നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അയര്‍ലണ്ടിലും ഇഞ്ചക്ഷന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.കെയില്‍ 18-കാരിയായ വിദ്യാര്‍ത്ഥിനിക്ക് ഇഞ്ചക്ഷന്‍ കാരണം തലകറക്കവും, ഛര്‍ദ്ദിയും ഉണ്ടാകുകയും, ഇഞ്ചക്ഷന്‍ വഴി എച്ച്‌ഐവി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങള്‍ പകര്‍ന്നോ എന്നറിയാനായി ആശുപത്രിയില്‍ ടെസ്റ്റ് നടത്തുകയും ചെയ്യേണ്ടിവന്നിരുന്നു. ഒക്ടോബര്‍ 19-നായിരുന്നു സംഭവം.

സമാനമായി അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ യുവതിക്ക് തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതായി ഗാര്‍ഡ പറയുന്നു. ഇവരുടെ ശരീരത്തില്‍ ആരോ മയക്കുമരുന്ന് കുത്തിവെച്ചതാകാം എന്നാണ് സംശയം. മയക്കുമരുന്ന് കുത്തിവെപ്പ് നടത്തി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ലോകത്ത് പലയിടത്തും ഉണ്ടായിട്ടുണ്ട്. ‘Date rape drug’ എന്നാണ് ഇത് അറിയപ്പെടുന്നത്. അയര്‍ലണ്ടിലും ഈ വര്‍ഷം ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഗാര്‍ഡ വ്യക്തമാക്കി.

ഇതുപോലുള്ള സംഭവങ്ങള്‍ നേരിട്ടവര്‍ www.garda.ie എന്ന വെബ്‌സൈറ്റില്‍ അവ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഗാര്‍ഡ അറിയിച്ചു. ഇഞ്ചക്ഷന്‍, പാനീയത്തില്‍ കലര്‍ത്തി മയക്കുമരുന്ന് നല്‍കുക തുടങ്ങിയ സംഭവങ്ങളെപ്പറ്റി HSE വെബ്‌സൈറ്റില്‍ https://www.hse.ie/eng/ വിവരങ്ങള്‍ ലഭ്യമാണ്. നൈറ്റ് ക്ലബിലും മറ്റും പോകുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

യു.കെയില്‍ വിവിധ പ്രദേശങ്ങളിലായി പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ 198 സംഭവങ്ങളാണ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പുറമെ ഇഞ്ചക്ഷന്‍ ചെയ്തതായുള്ള 24 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇത്തരത്തില്‍ നിങ്ങളുടെ ശരീരത്തില്‍ ഇഞ്ചക്ഷന്‍ ചെയ്യുകയോ, ഡ്രിങ്ക്‌സില്‍ ആരെങ്കിലും മയക്കുമരുന്ന് കലര്‍ത്തുകയോ ചെയ്തതായി സംശയം തോന്നിയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക:

  • വിശ്വസ്തരായ ആരോടെങ്കിലും ഇക്കാര്യം സംസാരിക്കുക.
  • ബാറിലോ, റസ്റ്ററന്റിലോ ആണെങ്കില്‍ മാനേജറോട് സംസാരിക്കുക.
  • ഉടന്‍ വൈദ്യസഹായം തേടി കാര്യം വിശദീകരിക്കുക. നിങ്ങളുടെ രക്തം, മൂത്രം എന്നിവ പരിശോധിച്ചാല്‍ ഇത്തരത്തില്‍ അണുക്കള്‍ കലര്‍ന്ന എന്തെങ്കിലും ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും.
  • ഛര്‍ദ്ദി, തലകറക്കം, തലവേദന പോലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ അടിയന്തര വൈദ്യസഹായം തേടുക. ഇതിനായി 999 അല്ലെങ്കില്‍ 112 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
  • നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലോ, ഡ്രിങ്കിലോ ആണ് രക്തമോ മറ്റോ കലര്‍ത്തിയതെന്ന് സംശയിക്കുന്നെങ്കില്‍ അവ തെളിവിനായി കൂടെ കരുതുക.
  • ഗാര്‍ഡയുമായി ബന്ധപ്പെട്ട് തെളിവുകളും മറ്റ് വിവരങ്ങളും കൈമാറുക. ഗാര്‍ഡ ഉടന്‍ തന്നെ രക്തപരിശോധനയ്ക്ക് വേണ്ട സംവിധാനം ചെയ്യും.

അഥവാ എച്ച്‌ഐവി വൈറസുള്ള രക്തം ശരീരത്തില്‍ കലര്‍ന്നാലും രോഗം ബാധിക്കാതെ സംരക്ഷിക്കാനുള്ള സാങ്കേതികവിദ്യ ഇന്ന് വൈദ്യശാസ്ത്രത്തില്‍ ലഭ്യമാണ്. എച്ച്‌ഐവി രക്തം ശരീരത്തിലെത്തി എന്ന് ഉറപ്പായാല്‍ PEP അഥവാ post-exposure prophylaxis എന്ന മരുന്ന് ഡോക്ടര്‍ നല്‍കുന്നതാണ്. നേരത്തെ എച്ച്‌ഐവി ബാധിതരല്ലാത്ത ആളുകള്‍, എച്ച്‌ഐവി വൈറസ് കലര്‍ന്ന രക്തമോ, സ്രവമോ ശരീരത്തിലെത്തി 72 മണിക്കൂറിനകം (3 ദിവസം) ഈ മരുന്ന് കഴിച്ചാല്‍ വൈറസ് ശരീരത്തെ ബാധിക്കുന്നത് ഒഴിവാക്കാം. 28 ദിവസം തുടര്‍ച്ചയായി മരുന്ന് കഴിക്കണം.

മികച്ച രീതിയില്‍ PEP പ്രവര്‍ത്തിക്കുമെങ്കിലും, 100% ഫലപ്രദമെന്ന് പറയാന്‍ സാധിക്കില്ല എന്നത് ഒരു പോരായ്മയാണ്.

Share this news

Leave a Reply

%d bloggers like this: