അയർലണ്ടിൽ കോവിഡ് അതിരൂക്ഷം; വർക്ക് ഫ്രം ഹോം പുനരവതരിപ്പിക്കാൻ സർക്കാർ

അയര്‍ലണ്ടില്‍ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് സൂചന. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പിലാക്കാനായി National Public Health Emergency Team (Nphet) നല്‍കിയ നിര്‍ദ്ദേശം മന്ത്രിസഭയിലെ ഏതാനും അംഗങ്ങള്‍ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന കോവിഡ്-19 മന്ത്രിതല ഉപസമിതിയുടെ തീരുമാനം കൂടി വിലയിരുത്തി ചൊവ്വാഴ്ചയാകും സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനമെടുക്കുക.

വരുന്ന മഞ്ഞുകാലത്ത് കോവിഡ് അതിരൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത്, പ്രതിരോധം എത്തരത്തിലായിരിക്കണമെന്നത് സംബന്ധിച്ചും ഉപസമിതി ഇന്ന് ചര്‍ച്ച നടത്തും. അതേസമയം വീണ്ടുമൊരു ലോക്ക്ഡൗണിനെ മന്ത്രിസഭ പിന്തുണച്ചേക്കില്ലെന്നാണ് The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉപസമിതി യോഗത്തിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മന്ത്രിസഭ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് സബ്‌സിഡി നല്‍കുക അടക്കമുള്ള കാര്യങ്ങളില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വ്യക്തത വരുത്തും.

അതേസമയം നിലവിലെ സാഹചര്യത്തില്‍ താന്‍ കടുത്ത ആശങ്കയിലാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയന്ത്രണങ്ങള്‍ പുനരവതരിപ്പിക്കില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

ഇന്നലെ 3,805 പേര്‍ക്കാണ് അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 582 പേര്‍ കോവിഡ് ബാധിതരായി ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 106 പേര്‍ ഐസിയുവിലാണ്.

Share this news

Leave a Reply

%d bloggers like this: