NMBI-യിൽ രജിസ്‌ട്രേഷൻ അപേക്ഷ നൽകി 8 മാസമായിട്ടും മറുപടിയില്ല; അധികൃതരുമായി നേരിട്ട് ചർച്ച നടത്തി നിവേദനം നൽകാൻ വിദേശ നഴ്‌സുമാരുടെ സംഘടന MNI; പെറ്റിഷൻ ഒപ്പു വയ്ക്കാം

മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്കായി Nursing and Midwifery Board of Ireland (NMBI)-ലേയ്ക്ക് നല്‍കുന്ന രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ കാലങ്ങളോളം തീരുമാനമാകാതെ കെട്ടിക്കിടക്കുന്നതായി പരാതി. മാസങ്ങളോളം അപേക്ഷകള്‍ പരിഗണിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തില്‍ NMBI-യുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുകയാണ് വിദേശ നഴ്‌സുമാരുടെ സംഘടനയായ Migrant Nurses Ireland. കൂടിക്കാഴ്ചയില്‍ സ്വദേശത്തും വിദേശത്തുമായുള്ള നൂറുകണക്കിന് നഴ്‌സുമാര്‍ ഒപ്പിട്ട നിവേദനവും സംഘടന NMBI അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും.

2019-ലെ കണക്കുസരിച്ച് അയര്‍ലണ്ടിലെ 50 ശതമാനത്തോളം നഴ്‌സുമാരും യൂറോപ്യന്‍ യൂണിയന് പുറത്തുള്ളവരാണ്. കോവിഡ് കാലത്ത് നഴ്‌സുമാരുടെ ആവശ്യം ഏറിയപ്പോഴും അയര്‍ലണ്ടിന് താങ്ങായത് വിദേശികളായ നഴ്‌സുമാരാണ്. അതേസമയം നഴ്‌സുമാരുടെ എണ്ണം കുറവായിരുന്നിട്ടും വിദേശികളായ നഴ്‌സുമാര്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് MNI പരാതിയുയര്‍ത്തുന്നു. കോവിഡ് കാരണം വേണ്ടത്ര സ്റ്റാഫില്ല എന്നാണ് NMBI പലപ്പോഴും നല്‍കുന്ന മറുപടി. പലര്‍ക്കും അപേക്ഷ സംബന്ധിച്ച് അയയ്ക്കുന്ന മെയിലുകള്‍ക്ക് മറുപടി ലഭിക്കുകയോ, ഫോണ്‍ കോളുകള്‍ക്ക് ഉത്തരം ലഭിക്കുകയോ ചെയ്യുന്നില്ല.

NMBI-യില്‍ അപേക്ഷിച്ച് ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചാല്‍ മാത്രമേ അയര്‍ലണ്ടില്‍ വിദേശികളായ നഴ്‌സുമാര്‍ക്ക് ജോലി ചെയ്യാനാകൂ എന്നാണ് നിയമം. നേരത്തെ കോവിഡിന് മുമ്പ് അപേക്ഷ നല്‍കിയാല്‍ 12 ആഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച് NMBI തീരുമാനമെടുക്കുകയായിരുന്നു. അതേസമയം കോവിഡ് കാരണം ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും നിലവില്‍ ആറ് മുതല്‍ എട്ട് മാസം വരെ തീരുമാനം നീളുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് MNI വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏതാനും മാസമായി അയര്‍ലണ്ടിലെ ജനജീവിതം ഏതാണ്ട് സാധാരണനിലയിലേയ്ക്ക് മടങ്ങിയിട്ടും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് NMBI അധികൃതരുമായി MNI നേരിട്ട് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

വിദേശരാജ്യങ്ങളിലെ ശമ്പളത്തിന്റെ പല മടങ്ങാണ് മിക്ക നഴ്‌സുമാരും NMBI-യില്‍ രജിസ്‌ട്രേഷന്‍ അപേക്ഷ നല്‍കാനായി ചെലവിടുന്നത്. ഇന്ത്യക്കാര്‍ 30,000-ഓളം രൂപയാണ് രജിസ്‌ട്രേഷനായി മാത്രം ചെലവാക്കുന്നത്. മാസങ്ങളോളം അപേക്ഷ തീരുമാനമില്ലാതെ കിടക്കുമ്പോള്‍ ദുരിതത്തിലാകുന്നത് നല്ല ഭാവി സ്വപ്‌നം കാണുന്ന സാധാരണക്കാരായ നഴ്‌സിങ് ജോലിക്കാരാണ്.

നഴ്‌സുമാരോട് നിവേദനത്തില്‍ ഒപ്പു വയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് ഒരു ഓണ്‍ലൈന്‍ പെറ്റിഷനും MNI ആരംഭിച്ചിട്ടുണ്ട്. പെറ്റിഷനില്‍ ഒപ്പുവയ്ക്കാനായി:

https://www.change.org/mni-appeal1
An Appeal from MNI to combat delay in NMBI registration process for overseas nurses.

Share this news

Leave a Reply

%d bloggers like this: