കോവിഡ്: ജനങ്ങൾ സമ്പർക്കം 30% കുറയ്ക്കണമെന്ന് വിദഗ്ദ്ധർ; 17 ഐസിയു ബെഡ്ഡുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് HSE

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ജനങ്ങള്‍ തങ്ങളുടെ സമ്പര്‍ക്കങ്ങള്‍ 30% കുറയ്ക്കണമെന്ന് National Public Health Emergency Team (Nphet) അംഗം. Nphet-ന്റെ epidemiological modelling group തലവനായ പ്രൊഫ. ഫിലിപ് നോലാനാണ് പ്രധാനനിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാജ്യത്ത് 4,181 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, സമ്പര്‍ക്കം കുറയ്ക്കുക വഴി മാത്രമേ കോവിഡ് പ്രതിരോധം ഫലപ്രദമാകൂ എന്ന വ്യക്തമായ സൂചനയാണ് പ്രൊഫ. നോലാന്‍ നല്‍കുന്നത്.

ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് പകരമായി ആളുകള്‍ കൂടുതലായി PCR ടെസ്റ്റുകള്‍ എടുക്കണമെന്നും, മാസ്‌ക് നിര്‍ബന്ധമാക്കുകയും, സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ. ടോണി ഹോലഹാനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനിടെ University Hospital Limerick-ലെ കോവിഡ് രോഗികളുടെ എണ്ണം 50-ലെത്തിയതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. Cork University Hospital (CUH)-ല്‍ 37, University Hospital Kerry (UHK)-ല്‍ 26 എന്നിങ്ങനെയും കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നതായി HSE വ്യക്തമാക്കി.

ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇനി സര്‍ക്കാര്‍ സംവിധാനത്തില്‍ 17 ഐസിയു ബെഡ്ഡുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന് HSE വ്യക്തമാക്കി. CUH, UHK എന്നിവിടങ്ങളില്‍ ഒരു ബെഡ്ഡ് പോലുമില്ല.

ജനങ്ങള്‍ ചിന്തിച്ച ശേഷം പ്രവര്‍ത്തിക്കുക എന്നാണ് പ്രൊഫ. നോലാന്‍ നല്‍കുന്ന മുന്നറിയിപ്പ്. രോഗലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ തന്നെയിരിക്കുക, രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുക, വര്‍ക്ക് ഫ്രം ഹോം ശീലമാക്കുക എന്നിവയ്ക്ക് പുറമെ കൈ കഴുകല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, ജനക്കൂട്ടം ഒഴിവാക്കല്‍ തുടങ്ങിയ അടിസ്ഥാന ആരോഗ്യനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വൈറസ് റീപ്രൊഡക്ഷന്‍ നിരക്ക് (R rate) 1.2 ആയി കുറയ്ക്കാന്‍ സാധിച്ചത് വാക്‌സനുകള്‍ കാരണമാണെന്നും, അല്ലാത്ത പക്ഷം അത് 6 മുതല്‍ 8 വരെ ആയേക്കുമായിരുന്നെന്നും പ്രൊഫ. നോലാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം 1.2 എന്ന R rate, ദിവസേന 4,400 രോഗികളെ വരെ സൃഷ്ടിക്കാന്‍ കഴിവുള്ളതാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

Share this news

Leave a Reply

%d bloggers like this: