കോർക്കിലെ Dursey Island-ൽ പുതിയ കേബിൾ കാർ സംവിധാനം നിർമ്മിക്കാൻ അനുമതി

വെസ്റ്റ് കോര്‍ക്കിലെ Beara peninsula-യ്ക്ക് സമീപമുള്ള Dursey Island-ല്‍ പുതിയ കേബിള്‍ കാര്‍ സംവിധാനമടക്കമുള്ള വിനോദകേന്ദ്രം നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ നേരത്തെ അനുമതി നല്‍കാന്‍ സീനിയര്‍ പ്ലാനിങ് ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ Patricia Calleary വിസമ്മതിച്ചെങ്കിലും അതിനെ മറികടന്ന് ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു.

നിലവില്‍ ഐലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാര്‍ സംവിധാനം 1969-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ശേഷം 1981, 2004 വര്‍ഷങ്ങളിലായി നവീകരിച്ചെങ്കിലും, സംവിധാനം അടിമുടി പുനര്‍നിര്‍മ്മിക്കാനായിരുന്നു കൗണ്‍സില്‍ അപേക്ഷ നല്‍കിയത്. വര്‍ഷം 20,400 പേരാണ് കേബിള്‍ കാറില്‍ കയറാനും, പ്രദേശം സന്ദര്‍ശിക്കാനുമായി എത്തുന്നതെന്നും, പുതിയ സംവിധാനം പൂര്‍ത്തീകരിക്കുന്ന പക്ഷം ഇത് 1 ലക്ഷം ആയി വര്‍ദ്ധിക്കുമെന്നും കൗണ്ടി കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മാസം 5,000 പേരെ മാത്രമേ സന്ദര്‍ശനത്തിന് അനുവദിക്കാവൂ എന്ന് പ്ലാനിങ് ബോര്‍ഡ് അനുമതിയില്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്ലാനിങ് ബോര്‍ഡ് ഇന്‍സ്‌പെക്ടറുടെ വാദം പരിഗണിച്ചാണിത്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും, അത് ലോലപ്രദേശമായ ഇവിടെ പാരിസ്ഥിതികമായ ആഘാതം സൃഷ്ടിക്കുമെന്നും നേരത്തെ അനുമതി നിഷേധിച്ച ഇന്‍സ്‌പെക്ടര്‍ Patricia Calleary പറഞ്ഞിരുന്നു. അനുമതി നല്‍കിയെങ്കിലും Visitor Management plan ആവിഷ്‌കരിക്കണമെന്ന് കൗണ്‍സിലിന് പ്ലാനിങ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതിയ കേബിള്‍ കാര്‍ സിസ്റ്റത്തിന് പുറമെ സമീപത്തെ Ballaghboy-ല്‍ ഇന്റര്‍പ്രറ്റീവ് സെന്റര്‍, 84 പേര്‍ക്ക് ഇരിക്കാവുന്ന കഫേ, 100 കാറുകള്‍ക്കുള്ള പാര്‍ക്കിങ് സ്‌പേസ് എന്നിവ നിര്‍മ്മിക്കാനും അനുമതിയായിട്ടുണ്ട്. 2019-ലാണ പെര്‍മിഷനായി പദ്ധതി ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്.

പുതിയ കേബിള്‍ കാര്‍ സിസ്റ്റം 375 മീറ്റര്‍ നീളത്തിലാണ് നിര്‍മ്മിക്കുക. ഇതോടെ നിവിലുള്ള സിസ്റ്റവും, അനുബന്ധ ക്രമീകരണങ്ങളും നിര്‍ത്തലാക്കും.

Share this news

Leave a Reply

%d bloggers like this: