സൗത്ത് ആഫ്രിക്കൻ കൊറോണ വൈറസ് വകഭേദത്തിനു പേര് ഓമിക്രോൺ; യൂറോപ്പിലും സ്ഥിരീകരിച്ചു

സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദത്തിന് ഓമിക്രോണ്‍ (Omicron) എന്ന് പേര് നല്‍കി World Health Organization (WHO). തീവ്രവ്യാപന ശേഷിയുള്ളതായതിനാല്‍, വേരിയന്റ് ഓഫ് കണ്‍സേണ്‍ എന്ന പട്ടികയിലാണ് ഓമിക്രോണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകമെങ്ങും രോഗബാധ വര്‍ദ്ധിപ്പിച്ച ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെട്ടിരിക്കുന്ന പട്ടികയാണിത്.

നവംബര്‍ 9-നാണ് ആദ്യമായി ഈ വകഭേദം സ്ഥിരീകരിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ കഴിഞ്ഞ ആഴ്ചകളിലായി രോഗബാധയില്‍ വന്‍ വര്‍ദ്ധനവുണ്ടായത് ഓമിക്രോണ്‍ കാരണമാണെന്നാണ് കരുതുന്നത്.

ഈ വകഭേദത്തിന് മറ്റ് വകഭേദങ്ങളെക്കാള്‍ ഏറെ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നും, ഇതാണ് വൈറസിനെ കൂടുതല്‍ അപകടകാരിയാക്കുന്നതെന്നും WHO വ്യക്തമാക്കി. നേരത്തെ രോഗം വന്നവരില്‍ വീണ്ടും രോഗമുണ്ടാക്കാന്‍ ഈ വകഭേദത്തിന് സാധിക്കുമെന്ന സംശയവും സ്ഥിതി ഗൗരവമുള്ളതാക്കുന്നു.

അതേസമയം വരുന്ന ഏതാനും ആഴ്ചകള്‍ കൂടി വിശദമായ പഠനം നടത്തിയ ശേഷം മാത്രമേ ഓമിക്രോണിനെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും WHO അറിയിച്ചു. രോഗം ഗുരുതരമാക്കാന്‍ ഓമിക്രോണിന് സാധിക്കുമെന്ന് നിലവില്‍ തെളിവുകളൊന്നുമില്ല. ആഫ്രിക്കയിലെ ചില രോഗികള്‍ രോഗലക്ഷണങ്ങളൊന്നും തന്നെ കാണിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും ബോട്‌സ്വാന, ഹോങ്കാങ് എന്നിവിടങ്ങളിലെത്തിയ സഞ്ചാരികളിലും ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചരുന്നു. ശേഷം കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലും വകഭേദം സ്ഥിരീകരിച്ചു. ഇസ്രായേലിലും ഓമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍, യുഎസ്, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ തെക്കന്‍ ആഫ്രിക്കയില്‍ നിന്നമുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ഇതിനിടെ അയര്‍ലണ്ടില്‍ ഇന്നലെ 4,620 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 572 പേരാണ് രോഗബാധിതരായി ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 118 പേരാണ് ഐസിയുവില്‍.

Share this news

Leave a Reply

%d bloggers like this: