കാർ ഡീഫ്രോസ്റ്റ് ചെയ്യാനായി നിങ്ങൾ എഞ്ചിൻ ഓൺ ചെയ്ത് ഇടാറുണ്ടോ? എങ്കിൽ 3 മാസം തടവും 2,000 യൂറോ പിഴയും ലഭിച്ചേക്കാം

അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച കഠിനമായതോടെ രാവിലെകളില്‍ മഞ്ഞുമൂടിക്കിടക്കുന്ന കാറുകള്‍ കണി കണ്ടാണ് പലരും ഉറക്കമുണരുന്നത്. കാറിന്റെ വിന്‍ഡ് സ്‌ക്രീനും മറ്റും ഡീഫ്രോസ്റ്റ് ചെയ്യാനായി കാര്‍ എഞ്ചിന്‍ ഓണ്‍ ചെയ്തിടുന്ന പതിവും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ 2,000 യൂറോ വരെ പിഴയ്ക്കും, മൂന്ന് മാസം വരെ തടവിനും കാരണമാകുമെന്നറിയാമോ?

അയര്‍ലണ്ടിലെ നിയമമനുസരിച്ച് വാഹനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട ശേഷം വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കുറ്റകരമാണ്. 1,000 മുതല്‍ 2,000 യൂറോ വരെ പിഴ വിധിക്കാനും, മൂന്ന് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്താനും ഈ സന്ദര്‍ഭങ്ങളില്‍ ഗാര്‍ഡയ്ക്ക് അധികാരമുണ്ട്. അതായത് രാവിലെ കാറിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട് ഒന്ന് ചൂടായ ശേഷം തിരികെ വരാമെന്ന ധാരണയില്‍ വീട്ടിലേയ്ക്ക് തിരികെ കയറിപ്പോകുന്നത് പ്രശ്‌നമായേക്കുമെന്ന് സാരം.

പൊതുനിരത്തുകളിലാണ് ഇങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമെങ്കിലും, എഞ്ചിന്‍ ഓണ്‍ ചെയ്തിട്ട വ്യക്തിയുടെ വീടിനോ, സ്ഥാപനത്തിനോ ചേര്‍ന്ന് പൊതുനിരത്ത് ഉണ്ടെങ്കിലും ഗാര്‍ഡയ്ക്ക് കേസ് എടുക്കാവുന്നതാണ്. Road Traffic (Construction, Equipment and Use of Vehicles) Regulations, 1963-ന്റെ 87-ആം അനുച്ഛേദത്തിലാണ് ഇക്കാര്യം പറയുന്നത്.

ആദ്യമായി കുറ്റം ചെയ്താല്‍ 1,000 യൂറോ, രണ്ടാമതും ചെയ്താല്‍ 2,000 യൂറോ എന്നിങ്ങനെയാണ് പൊതുവെ പിഴ. 12 മാസത്തിനിടെ കുറ്റം മൂന്നാമതും ആവര്‍ത്തിച്ചാല്‍ പിഴയ്‌ക്കൊപ്പം മൂന്ന് മാസം വരെ തടവും ലഭിക്കും.

അപ്പോള്‍ ഇനിമുതല്‍ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ?

Share this news

Leave a Reply

%d bloggers like this: