അയർലണ്ടിൽ ലോട്ടറി വിജയികൾ എത്താത്തത് കാരണം നാഷണൽ ലോട്ടറിക്ക് തിരികെ ലഭിച്ചത് 85 മില്യൺ യൂറോ; ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്

അയര്‍ലണ്ടില്‍ കഴിഞ്ഞ അഞ്ച് മാസമായി വിജയികളില്ലാതെ നറുക്കെടുപ്പ് തുടരുന്ന ലോട്ടോ ജാക്ക്‌പോട്ട് ആണ് എവിടെയും സംസാരവിഷയം. 19 മില്യണ്‍ യൂറോ ഒന്നാം സമ്മാനമുള്ള ലോട്ടറി 48 തവണ നറുക്കെടുത്തിട്ടും വിജയികളില്ലാത്തതിനാല്‍ 49-ആം നറുക്കെടുപ്പിന് ഒരുങ്ങുകയാണ്. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലും ഒന്നാം സ്ഥാനക്കാരെ കണ്ടെത്താന്‍ സാധിച്ചില്ല. ‘വിജയിക്കാന്‍ പറ്റാത്ത ലോട്ടറി’ ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിക്കഴിഞ്ഞു.

ഇതിനിടെ രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 85 മില്യണ്‍ യൂറോയാണ് ക്ലെയിം ചെയ്യാത്തത് കാരണം വിജയികള്‍ക്ക് നല്‍കാന്‍ സാധിക്കാതെ പോയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നാഷണല്‍ ലോട്ടറി. വിജയിച്ച ലോട്ടറിയുമായി എല്ലായ്‌പ്പോഴും ആളുകള്‍ എത്തിക്കൊള്ളണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ആ പണം നാഷണല്‍ ലോട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് തിരികെ പോകും.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഇത്തരത്തില്‍ വിജയികളായവര്‍ ലോട്ടറിയുമായി എത്താത്തത് കാരണം നാഷണല്‍ ലോട്ടറിയിലേയ്ക്ക് തിരികെ വന്ന സമ്മാനത്തുകകള്‍ ഇപ്രകാരം: 2020-ല്‍ €17,026,536, 2019-ല്‍ €18,993,483, 2018-ല്‍ €18,922,846, 2017-ല്‍ €16,164,125, 2016-ല്‍ €16,359,564.

ഈ തുക മറ്റ് ലോട്ടറികളുടെ സമ്മാനമായി നല്‍കാനും, മാര്‍ക്കറ്റിങ്ങിനുമായാണ് ഉപയോഗിക്കുന്നത്.

ഇതിനിടെ ‘വിജയിക്കാന്‍ സാധിക്കാത്ത ലോട്ടറി’യുടെ കാര്യത്തില്‍ അന്വേഷണം വേണമെന്ന് TD-മാരടക്കം ആവശ്യപ്പെട്ടുകഴിഞ്ഞു. അന്വേഷണത്തിനൊരുക്കമാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പ്രതികരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: