അയർലണ്ടിലെ നിയമവും കുട്ടികളും ഭാഗം 4: കുട്ടികൾക്ക് കാണാവുന്ന സിനിമകൾ, കുട്ടികളും വളർത്തുമൃഗങ്ങളും, കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ആയുധങ്ങൾ

അയര്‍ലണ്ടിലെ നിയമങ്ങളും കുട്ടികളും. പരമ്പര തുടരുന്നു. ഭാഗം 4: കുട്ടികള്‍ക്ക് കാണാവുന്ന സിനിമകള്‍, കുട്ടികളും വളര്‍ത്തുമൃഗങ്ങളും, കുട്ടികള്‍ക്ക് നല്‍കാവുന്ന ആയുധങ്ങള്‍.

കുട്ടികള്‍ക്ക് കാണാവുന്ന സിനിമകള്‍

ഒരു സിനിമയ്ക്ക് നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് ആ സിനിമ ആര്‍ക്കെല്ലാം കാണാം എന്ന് നിശ്ചയിക്കപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ സംക്ഷിപ്തരൂപവും അവ കാണാവുന്ന പ്രായവും ചുവടെ:

  • G – സ്‌കൂള്‍ കുട്ടികളടക്കം എല്ലാവര്‍ക്കും കാണാവുന്നത്.
  • PG: എല്ലാവര്‍ക്കും കാണാമെങ്കിലും 12 വയസിന് താഴെയുള്ള കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം കാണുന്നതാണ് ഉചിതം.
  • 12A: 12 വയസ് മുതല്‍ മുകളിലോട്ട് പ്രായമുള്ള കുട്ടികള്‍ക്ക് കാണാം. ഇതിന് താഴെ പ്രായമുള്ളവരാണെങ്കില്‍ രക്ഷിതാക്കള്‍ക്കൊപ്പം കാണുന്നതാണ് ഉചിതം.
  • 15A: 15 വയസ് മുതല്‍ മുകളിലോട്ട് പ്രായമുള്ള കുട്ടികള്‍ക്ക് കാണാം. ഇതിന് താഴെ പ്രായമുള്ളവരാണെങ്കില്‍ രക്ഷിതാക്കള്‍ക്കൊപ്പം കാണുന്നതാണ് ഉചിതം.
  • 16: 16 മുതല്‍ മേല്‍പോട്ട് പ്രായമുള്ളവര്‍ക്ക് മാത്രം. ഇതിന് താഴെ പ്രായമുള്ളവര്‍ക്ക് ഒരു കാരണവശാലും കാണാന്‍ അനുവാദമില്ല.
  • 18: 18 മുതല്‍ മേല്‍പോട്ട് പ്രായമുള്ളവര്‍ക്ക് മാത്രം. ഇതിന് താഴെ പ്രായമുള്ളവര്‍ക്ക് ഒരു കാരണവശാലും കാണാന്‍ അനുവാദമില്ല.

കംപ്യൂട്ടര്‍ ഗെയിമുകള്‍

Pan-European Game Information (PEGI) അനുസരിച്ചാണ് കുട്ടികള്‍ക്ക് കളിക്കാവുന്ന കംപ്യൂട്ടര്‍ ഗെയിമുകളുടെ കാര്യത്തില്‍ അയര്‍ലണ്ട് നിയന്ത്രണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗെയിമുകളുടെ പ്രായപരിധി ചുവടെ:

3+ : എല്ലാ പ്രായക്കാര്‍ക്കും കളിക്കാം.

7+ : 7 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രം.

12+ : 12 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രം.

16+ : 16 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രം.

18+ : 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രം.

ഗെയിം കളിക്കാനുള്ള വൈദഗ്ദ്ധ്യം നോക്കിയല്ല പ്രായം തരംതിരിച്ചിരിക്കുന്നത്. മറിച്ച് ഗെയിമിലെ ഉള്ളടക്കം കണക്കാക്കിയാണ്.

കുട്ടികളും വളര്‍ത്തുമൃഗങ്ങളും

അയര്‍ലണ്ടിലെ Control of Dogs Act 1986 എന്ന നിയമമനുസരിച്ച് പട്ടികളെ വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. 16 വയസിന് താഴെയുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ പാടില്ല.

പട്ടികളുമായി പുറത്ത് പോകുമ്പോള്‍ അവ മുഴുവന്‍ സമയവും ഉടമയുടെ നിയന്ത്രണത്തിലായിരിക്കണം. ഇതിനായി കയര്‍ ഉപയോഗിക്കണം. ചില പ്രത്യേകയിനം പട്ടികളെ പുറത്ത് കൊണ്ടുപോകുമ്പോള്‍ അവ മറ്റുള്ളവരെ കടിക്കാതിരിക്കാനായി അവയുടെ വായില്‍ മസില്‍ (വായ്പ്പട്ട) കെട്ടിയിരിക്കണം. 16 വയസിന് മേല്‍ പ്രായമുള്ളവര്‍ വേണം ഇവയെ നിയന്ത്രിക്കാന്‍. 2 മീറ്ററില്‍ താഴെ നീളമുള്ള കയറോ, ചങ്ങലയോ ഉപയോഗിക്കുകയും വേണം.

മറ്റ് വളര്‍ത്തുമൃഗങ്ങളെയോ പക്ഷികളെയോ വളര്‍ത്താന്‍ പ്രായനിയന്ത്രണമില്ല. ലൈസന്‍സും ആവശ്യമില്ല.

ഡ്രോണുകളും മറ്റ് എയര്‍ക്രാഫ്റ്റുകളും

1 കിലോഗ്രാമില്‍ കൂടുതലും, 25 കിലോഗ്രാമില്‍ കുറവുമുള്ള എല്ലാ ഡ്രോണുകളും Aviation Authority (IAA)-യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇന്ധനം കൂടാതെയുള്ള ഭാരമാണിത്.

രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ 16 വസ് തികഞ്ഞവരായിരിക്കണം. അഥവാ 16 വയസില്‍ താഴെയുള്ളവരാണെങ്കില്‍ രക്ഷിതാവിന്റെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ IAA വെബ്‌സൈറ്റില്‍ ലഭ്യമാണ്.

താഴെ പറയുന്ന സാഹചര്യങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ പാടില്ല:

  • ആകാശത്ത് പറന്നുകൊണ്ടിരിക്കുന്ന മറ്റ് ഡ്രോണുകള്‍ക്ക് തടസം സൃഷ്ടിക്കുമെങ്കില്‍
  • ആള്‍ക്കൂട്ടത്തിന് മുകളില്‍
  • ഉപയോഗിക്കുന്നയാളില്‍ നിന്നും 300 മീറ്റര്‍ അകലേയ്ക്ക് പറത്താന്‍ പാടില്ല
  • ഒരു വ്യക്തിയുടെ, വാഹനങ്ങളുടെ, കെട്ടിടങ്ങളുടെ 120 മീറ്ററില്‍ കൂടുതല്‍ അടുത്തേയ്ക്ക് പറത്താന്‍ പാടില്ല (ഉപയോഗിക്കുന്നയാളുടെ നിയന്ത്രണത്തില്‍ അല്ലാത്ത വസ്തുക്കളുടെ അടുത്തേയ്ക്ക്)
  • വിമാനത്താവളത്തിന്റെ 5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഉപയോഗിക്കരുത്
  • മറ്റുള്ളവരുടെ ജീവനോ, സ്വത്തിനോ ഭീഷണിയാകുന്ന തരത്തില്‍ ഉപയോഗിക്കരുത്
  • നിലത്ത് നിന്നും 120 മീറ്റര്‍ മുകളില്‍ പറത്താന്‍ പാടില്ല
  • നഗരത്തിന്, ടൗണിന് മുകളില്‍ പാടില്ല
  • സിവില്‍, മിലിട്ടറി നിയന്ത്രണത്തിലുള്ള സ്ഥലത്ത് ഉപയോഗിക്കാന്‍ പാടില്ല
  • ജയിലുകള്‍ക്ക് സമീപം, സൈനികരുടെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ പാടില്ല
  • സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അയാളുടെ സമ്മതമില്ലാതെ ടേക്ക് ഓഫ്, ലാന്‍ഡിങ് എന്നിവ പാടില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശത്തേയ്ക്ക് പറത്തരുത്.

25 കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള ഡ്രോണുകള്‍ സാധാരണ പൈലറ്റുമാരുള്ള എയര്‍ക്രാഫ്റ്റുകള്‍ക്ക് സമാനമായ രീതിയില്‍ രജിസ്റ്റര്‍ ചെയ്യണം.

കുട്ടികളും ആയുധങ്ങളും

തോക്ക്

16 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ അയര്‍ലണ്ടില്‍ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂ.

Firearms training certificate-ന് അപേക്ഷിക്കണമെങ്കില്‍ 14 വയസ് തികഞ്ഞിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സ്വന്തമായി തോക്ക് കൈവശം വയ്ക്കാന്‍ സാധിക്കില്ലെങ്കിലും, സര്‍ട്ടിഫിക്കറ്റ് ഉള്ള ഒരാളുടെ മേല്‍നോട്ടത്തില്‍ (ഇയാള്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം) പരിശീലനം നടത്താം.

അമ്പും വില്ലും, spearguns, airguns (ഒരുപരിധിയില്‍ കൂടുതല്‍ വെലോസിറ്റി ഉള്ളത്) തുടങ്ങിയവയ്ക്കും ഈ നിയമം ബാധകമാണ്.

കത്തികള്‍

കത്തികള്‍ കൈവശം വയ്ക്കുന്നതില്‍ പ്രായപരിധിയില്ല. അതേസമയം ജോലി പോലുളള കാര്യങ്ങള്‍ക്കല്ലാതെ പൊതുസ്ഥലത്ത് കത്തി കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്.

ഭാഗം 5 നാളെ: കുട്ടികള്‍ക്ക് ലഭിക്കുന്ന ആരോഗ്യപരിരക്ഷ, കുട്ടികളും പ്രണയവും വിവാഹവും

ഭാഗം 1: അയർലണ്ടിൽ കുട്ടികൾക്ക് ചെയ്യാവുന്ന ജോലികൾ എന്തൊക്കെ? നിർബന്ധിത വിദ്യാഭ്യാസം എന്നാൽ എന്ത്? https://www.rosemalayalam.com/20211127074524/111964/

ഭാഗം 2: കുട്ടികളും വാഹനങ്ങളും: https://www.rosemalayalam.com/20211128080600/111981/

ഭാഗം 3: കുട്ടികളും വിദേശയാത്രയും, കുട്ടികളും ലഹരിവസ്തുക്കളും www.rosemalayalam.com/20211129090743/111994/

Share this news

Leave a Reply

%d bloggers like this: